ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടനിൽ 18 മാസത്തിനുള്ളിൽ പന്ത്രണ്ടാം തവണയും പലിശ നിരക്ക് വർദ്ധനവ് ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പണപെരുപ്പത്തിനെ പിടിച്ചുനിർത്താൻ നിലവിലെ 4.25 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി പലിശ നിരക്ക് ഉയരുമെന്നാണ് കരുതപ്പെടുന്നത്. ഇത് നടപ്പിലായാൽ 1989 – ന് ശേഷമുള്ള ഏറ്റവും വലിയ പലിശ നിരക്കിലെ വർദ്ധനവ് ആയിരിക്കും ഇത്. ഈ രീതിയിൽ പണപ്പെരുപ്പം മുന്നോട്ട് പോയാൽ അടുത്ത ഡിസംബർ മാസത്തോടെ പലിശ നിരക്ക് 5 ശതമാനം വരെ വർദ്ധിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

പലിശ നിരക്കിലെ വർദ്ധനവ് വീടുകളുടെ വിലയിൽ വൻ കുതിച്ചു കയറ്റത്തിന് കാരണമായേക്കും. പുതിയതായി വീടുകൾ സ്വന്തമാക്കാൻ സ്വപ്നം കാണുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ വായ്പയെടുത്ത് വീടുകൾ സ്വന്തമാക്കിയവരും കടുത്ത ആശങ്കയിലാണ്. പലിശ നിരക്ക് വർധിക്കുന്നതിനനുസരിച്ച് തിരിച്ചടവ് തുക കൂടുന്നത് പലരെയും വൻ പ്രതിസന്ധിയിലേയ്ക്ക് നയിക്കാനാണ് സാധ്യത.

പണപ്പെരുപ്പം തടയാൻ ശ്രമിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ വ്യാഴാഴ്ച പലിശ നിരക്കുകൾ 4.25 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി ഉയർത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . യുകെയിലെ ഉയർന്ന പണപെരുപ്പ തോതായ 10.1 ശതമാനം അതേ നിലയിൽ തുടരുകയാണെങ്കിൽ കൂടുതൽ നടപടികൾ കൈക്കൊള്ളേണ്ടതായി വരുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് ഫെഡറൽ ബാങ്ക് കഴിഞ്ഞ ആഴ്ച പലിശ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചിരുന്നു. യൂറോപ്യൻ സെൻട്രൽ ബാങ്കും ( ഇസിബി ) അടുത്തയിടെ പലിശ നിരക്ക് 0.25 ശതമാനം ഉയർത്തി. ഇതോടെ ഇസിബിയുടെ പലിശ നിരക്ക് 3.25 ശതമാനമാണ്