ന്യൂഡല്‍ഹി: 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ബുധനാഴ്ച വൈകിട്ട് നാല് മുതല്‍ ആരംഭിക്കും. ആരോഗ്യസേതു ആപ്, www.cowin.gov.in, www.umang.gov.in എന്നീ പോര്‍ട്ടലുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം.

മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവര്‍ക്കും രജിസ്ട്രേഷനായി പാലിക്കേണ്ടത്. മെയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിച്ചു തുടങ്ങുക. സ്വകാര്യ ആശുപത്രികളില്‍ നിന്ന് പണം നല്‍കിയും ലഭ്യതയ്ക്കനുസരിച്ച് സര്‍ക്കാര്‍ തലങ്ങളില്‍ നിന്ന് സൗജന്യമായും വാക്‌സിന്‍ ലഭിക്കും.

രജിസ്‌ട്രേഷനായി ചില പ്രാഥമിക വിവരങ്ങള്‍ നല്‍കണം. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഒരു മൊബൈല്‍ നമ്പറില്‍ നിന്ന് നാലു പേര്‍ക്ക് വരെ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ ഓരോരുത്തരുടേയും തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടി വരും. രജിസ്‌ട്രേഷന്‍ ചെയ്താലും ഇഷ്ടമുള്ള കേന്ദ്രത്തില്‍ വാക്‌സിനേഷന്‍ അപ്പോയിന്‍മെന്റ് എടുക്കാന്‍ മെയ് ഒന്നു മുതലേ സാധ്യമാകൂ.

ആരോഗ്യസേതു ആപ്പ് വഴിയാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ ആപ്പ് തുറന്ന് ഹോം സ്‌ക്രീനില്‍ ലഭ്യമായ കോവിന്‍ ടാബില്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ തുറന്ന് വരുന്ന വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ എന്ന ടാബ് തിരഞ്ഞെടുക്കുക. അതില്‍ ഫോണ്‍ നമ്പര്‍ കൊടുത്താല്‍ ഫോണില്‍ ഒടിപി ലഭ്യമാകും. ഒടിപി കൃത്യമായി നല്‍കിയാല്‍ രജിസ്‌ട്രേഷന്‍ ചെയ്യാനാകും.

ഇതേ പേജിലൂടെ തന്നെ ഇതേ രീതിയില്‍ അപ്പോയിന്‍മെന്റും ചെയ്യാനാകും. അപ്പോയിന്‍മെന്റ് എടുത്ത ദിവസം ഫോണില്‍ ലഭിച്ച സമയവും കേന്ദ്രത്തിന്റേ പേരും അടങ്ങിയ എസ്എംഎസോ സ്ലിപ്പോ വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് എത്തുമ്പോള്‍ കാണിക്കണം. കൂടെ രജിസ്‌ട്രേഷനായി ഉപയോഗിച്ച തിരിച്ചറിയല്‍ കാര്‍ഡും.

രജിസ്‌ട്രേഷനായി ഈ രേഖകള്‍ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാം…

ആധാര്‍ കാര്‍ഡ്
ഡ്രൈവിങ് ലൈസന്‍സ്
തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതിക്ക് കീഴിലുള്ള ആരോഗ്യ സ്മാര്‍ട്ട് ഇന്‍ഷൂറന്‍സ് കാര്‍ഡ്
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജോബ് കാര്‍ഡ്
എംപി,എംഎല്‍എ, എംഎല്‍സി എന്നിവരാണെങ്കില്‍ അവരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്
പാന്‍ കാര്‍ഡ്
ബാങ്കോ പോസ്റ്റ് ഓഫീസോ നല്‍കുന്ന പാസ് ബുക്ക്
പാസ്‌പോര്‍ട്ട്
പെന്‍ഷന്‍ രേഖ
കേന്ദ്ര-സംസ്ഥാന ജീവനക്കാരും പൊതുമേഖ കമ്പനികളിലെ ജീവനക്കാരും സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാലും മതി
വോട്ടര്‍ ഐഡി