കുടുംബചിത്രങ്ങളുടെ സ്വന്തം തോഴനായാണ് ജയറാമിനെ വിശേഷിപ്പിക്കാറുള്ളത്. നായകനായി മാത്രമല്ല അതിഥിയായും താരമെത്താറുണ്ട്. വ്യത്യസ്തമായതും അഭിനയ സാധ്യതകളുള്ളതുമായ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ കാത്തിരിക്കാറുള്ളതെന്ന് താരം പറഞ്ഞിരുന്നു. മികച്ച അവസരങ്ങളായിരുന്നിട്ടും അത് കൃത്യസമയത്ത് ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ജയറാം നിരസിച്ച് മറ്റ് താരങ്ങള്‍ ഏറ്റെടുത്തപ്പോള്‍ വിജയകരമായി മാറുകയായിരുന്നു ചില ചിത്രങ്ങള്‍.

സിദ്ദിഖ് -ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു റാംജി റാവ് സ്പീക്കിംഗ്. സംവിധാനം മാത്രമല്ല തിരക്കഥയും തയ്യാറാക്കിയത് ഇവര്‍ തന്നെയായിരുന്നു. സായ് കുമാറും മുകേഷും ഇന്നസെന്റും രേഖയുമുള്‍പ്പടെയുള്ള താരങ്ങളാണ് ചിത്രത്തിനായി അണിനിരന്നത്. മലയാളത്തില്‍ വന്‍വിജയമായി മാറിയ ചിത്രത്തിന് തമിഴ്, തെലുങ്ക് പതിപ്പും ഒരുക്കിയിരുന്നു. ഈ ചിത്രത്തിലെ സായ് കുമാറിന്റെ വേഷത്തിലേക്ക് ആദ്യം ക്ഷണിച്ചിരുന്നത് ജയറാമിനെയായിരുന്നു. പുതുമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടിലായിരുന്നു ജയറാം.അങ്ങനെയാണ് ചിത്രത്തോട് നോ പറഞ്ഞത്. പില്‍ക്കാലത്ത് വന്‍വിജയമായി മാറുകയായിരുന്നു ചിത്രം.

ലാല്‍ ജോസ്-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് ഒരു മറവത്തൂര്‍ കനവ്. ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ജയറാമിനെ നായകനാക്കി ചിത്രമൊരുക്കാനുള്ള ആഗ്രഹമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാല്‍ പുതുമുഖ സംവിധായകനില്‍ വലിയ വിശ്വാസം കാണിക്കാതിരുന്ന ജയറാം ആ അവസരം നിരസിക്കുകയായിരുന്നു. മമ്മൂട്ടിയായിരുന്നു പിന്നീട് നായകനായെത്തിയത്. മമ്മൂട്ടി വന്നതോടെ തിരക്കഥയില്‍ വേണ്ടത്ര മാറ്റങ്ങള്‍ വരുത്തുകയായിരുന്നു ശ്രീനിവാസന്‍.

മികച്ച അവസരങ്ങളായിരുന്നിട്ടും പല താരങ്ങളും അത് ഉപയോഗിക്കാതെ പോയിട്ടുണ്ട്. മറ്റ് സിനിമകളുടെ തിരക്കില്‍ പെട്ടതിനാലാണ് പലരും ചിത്രങ്ങളോട് നോ പറഞ്ഞത്. കഥാപാത്രത്തെ ഇഷ്ടപ്പെടാതെയും വരികയും ചെയ്യുന്നതും, സംവിധായകരോട് താല്‍പര്യമില്ലാതെ വരികയും ചെയ്തതിന് ശേഷം നിരസിച്ച സിനിമകളുമേറെയാണ്. ഒരാള്‍ നിരസിക്കുന്നത് മറ്റൊരു താരത്തിന് അനുഗ്രഹമായി മാറിയ സംഭവങ്ങളും ഏറെയാണ്. വേണ്ടെന്ന് വെച്ചതില്‍ നഷ്ടബോധം തോന്നിയെന്ന് പറഞ്ഞ് ചിലരെത്താറുണ്ട്.