ക്രിമിയ : അധിനിവേശത്തിനിടയിൽ യുക്രൈനിൽ നിന്ന് ധാന്യങ്ങൾ മോഷ്ടിച്ച് റഷ്യ. ഈ മാസം പുറത്തു വന്ന ഉപഗ്രഹ ചിത്രങ്ങളിൽ റഷ്യൻ പതാകയുള്ള രണ്ട് കപ്പലുകൾ ക്രിമിയൻ തുറമുഖമായ സെവാസ്റ്റോപോളിലെ വലിയ ധാന്യപുരയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുന്നത് കാണാം. ഇതുവഴിയാണ് യുക്രൈനിലെ ധാന്യങ്ങൾ റഷ്യ കടത്തിയത്. രണ്ട് കപ്പലുകളും ഇപ്പോൾ തുറമുഖം വിട്ടു. യുക്രൈനിലെ ഭക്ഷ്യസാധനങ്ങൾ റഷ്യ മോഷ്ടിക്കുകയാണെന്നും ഇതുവഴി യുക്രൈനിലെ പലരും ഭക്ഷ്യക്ഷാമം നേരിടുന്നെന്നും പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ആരോപിച്ചു. വ്‌ളാഡിമിർ പുടിൻ ബോധപൂർവമായ ഭക്ഷ്യക്ഷാമം സൃഷ്ടിച്ച് ലോകത്തെ ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണവും ഉയർന്നു.

ഭക്ഷ്യക്ഷാമത്തെ മറികടക്കാനായി ആഫ്രിക്കയിലുള്ളവർ യൂറോപ്പിലേക്ക് കുടിയേറുമെന്നും ഇത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നും യൂറോപ്യൻ നേതാക്കൾ പറഞ്ഞു. ഭക്ഷ്യ പ്രതിസന്ധി മറ്റൊരു കുടിയേറ്റ തരംഗത്തിന് കാരണമാകുമെന്ന ആശങ്ക അവർ പങ്കുവെച്ചു. പുടിന്റെ സൈന്യം അധിനിവേശ പ്രദേശങ്ങളിലെ ഒന്നിലധികം ധാന്യപ്പുരകൾ ശൂന്യമാക്കിയതായി യുക്രൈൻ ഉദ്യോഗസ്ഥർ സിഎൻഎന്നിനോട് വെളിപ്പെടുത്തി. വടക്കൻ ആഫ്രിക്കയിൽ പട്ടിണിയുണ്ടായാൽ സ്പെയിനിലും തെക്കൻ യൂറോപ്പിലും വലിയ കുടിയേറ്റ പ്രശ്നമുണ്ടാകുമെന്ന് പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ഡൂഡ ദാവോസിൽ നടക്കുന്ന വേൾഡ് എക്കണോമിക് ഫോറത്തിൽ പറഞ്ഞു.

റഷ്യൻ ആക്രമണത്തിൽ യുക്രൈനിലെ നിരവധി ഫാമുകളും വെയർഹൗസുകളും തകർന്നു. ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന ആഗോള ഭക്ഷ്യക്ഷാമത്തെ പറ്റി ഐക്യരാഷ്ട്രസഭ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഗുരുതരമായ ഭക്ഷ്യക്ഷാമം നേരിടുന്ന ആളുകളുടെ എണ്ണം 276 മില്യൺ ആയി ഉയർന്നു. വിലക്കയറ്റം ഭക്ഷ്യക്ഷാമം രൂക്ഷമാക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി. പ്രതിസന്ധി പരിഹരിക്കാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഐക്യരാഷ്‌ട്രസഭ നിർദേശിച്ചു.