മാഞ്ചസ്റ്റര്‍: കളിക്കളത്തിലെ അങ്കത്തോളം തന്നെ വാര്‍ത്തകളില്‍ ഇടം നിറഞ്ഞതായിരുന്നു ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയും മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും തമ്മിലുള്ള ട്വിറ്റര്‍ പോരും. തന്നെ തട്ടിക്കൂട്ട് താരമെന്ന് വിളിച്ച മഞ്ജരേക്കര്‍ക്ക് ജഡേജ അതേനാണയത്തില്‍ മറുപടി നല്‍കിയിരുന്നു.

സോഷ്യല്‍ മീഡിയയും ആരാധകരും മാത്രമല്ല മുന്‍ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോണ്‍ അടക്കമുള്ളവര്‍ മഞ്ജരേക്കര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്നലെത്തെ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച് തോല്‍വിയിലും തലയുയര്‍ത്തി നില്‍ക്കുകയാണ് ജഡേജ. ഇതോടെ തനിക്കെതിരായ മഞ്ജരേക്കറുടെ പരാമര്‍ശത്തിന് വാക്കുകൊണ്ടും ബാറ്റുകൊണ്ടും ജഡേജ മറുപടി നല്‍കി കഴിഞ്ഞു.

ക്രിക്കറ്റ് ആരാധകരെ പോലെ തന്നെ സഞ്ജയ് മഞ്ജരേക്കര്‍ക്കും ജഡേജയുടെ പ്രകടനത്തെ കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ മത്സര ശേഷം മഞ്ജരേക്കര്‍ തന്റെ വാക്കുകള്‍ തിരുത്തി രംഗത്തെത്തി.

”അവനെന്നെ ഇന്ന് തകര്‍ത്തുകളഞ്ഞു. എല്ലാ അർഥത്തിലും ഞാന്‍ തെറ്റാണെന്ന് തെളിയിച്ചു. പക്ഷെ ഈ ജഡേജയെ നമ്മള്‍ സ്ഥിരം കാണുന്നതല്ല. കഴിഞ്ഞ 40 ഇന്നിങ്‌സുകളില്‍ അവന്റെ ഉയര്‍ന്ന സ്‌കോര്‍ 33 ആയിരുന്നു” മഞ്ജരേക്കര്‍ പറഞ്ഞു.

”പക്ഷെ ഇന്ന് അവന്‍ മികച്ച കളിയാണ് പുറത്തെടുത്തത്. എക്കണോമിക്കലായി പന്തെറിഞ്ഞു. ഫിഫ്റ്റി നേടിയ ശേഷമുള്ള ആ പരിചിതമായ ആഘോഷം. എനിക്കവനോട് മാപ്പ് ചോദിക്കണം. അവന്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. പക്ഷെ ഞാനവിടെ ഉണ്ടായിരുന്നില്ല. ഞാന്‍ ലഞ്ച് കഴിക്കുകയായിരുന്നു, സോറി” മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.