ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടൻ തെരുവുകളിൽ അപകടകരമായ രീതിയിൽ വർദ്ധിച്ചു വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമത്തെ പറ്റി അപലപിക്കുകയായിരുന്നു അദ്ദേഹം. ലൈംഗിക വിദ്യാഭ്യാസത്തിനും റിലേഷൻഷിപ്പ് അഡ്വൈസുകൾക്കും ഒപ്പം തെരുവിൽ കണ്ടുമുട്ടുന്ന പെൺകുട്ടികളോടും സ്ത്രീകളോടും ബഹുമാനത്തോടെ എങ്ങനെ പെരുമാറാം എന്നതിനെ സംബന്ധിച്ച് ആൺകുട്ടികൾക്ക് സ്കൂളുകളിൽ നിർബന്ധമായി ക്ലാസുകൾ നൽകണം. കുട്ടികൾക്ക് മുന്നിൽ മികച്ച മാതൃകകൾ ആവാൻ മുതിർന്നവരും ശ്രമിക്കേണ്ടതുണ്ട്. എന്താണോ കണ്ടു വളരുന്നത് അതാണ് അവർ പ്രാവർത്തികമാക്കുക. എന്തു മൂല്യങ്ങൾ ആണോ പഠിപ്പിക്കുന്നത് അവയാണ് അവർ പാലിക്കുക. സമൂഹത്തിൽ ഇടപെടേണ്ട രീതികളെക്കുറിച്ച് നമ്മൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം. തെരുവുകളിൽ സ്ത്രീകൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾ തടയാൻ ഏറ്റവും മികച്ച മാർഗമാണ് ഇത്. അദ്ദേഹം കൂട്ടിച്ചേർത്തു.

സൗത്ത് ലണ്ടനിലെ ബ്രിക്സ്റ്റണിലെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന സാറ എവറാർഡ് എന്ന 33 കാരിയായ മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ മാർച്ച് മൂന്നിന് കാണാതായിരുന്നു. പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സാറയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മുൻ കൺസർവേറ്റീവ് മന്ത്രിയായിരുന്ന ആൻഡ്രിയ ലീഡ് സൺ സമാനമായ രീതിയിലാണ് പ്രതികരിച്ചത്. സാറയുടെ മരണത്തെ തുടർന്ന് ജനരോഷം ഉയർന്നിരുന്നുവെന്നും പുരുഷന്മാർക്ക് കർഫ്യൂ ടൈം പ്രഖ്യാപിക്കണം എന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് ഇ-മെയിലുകൾ ആയി ലഭിച്ചതെന്നും അവർ പറഞ്ഞു. വ്യക്തി സ്വാതന്ത്ര്യത്തിൽ കൈ കടത്തും മട്ടിൽ സ്റ്റേറ്റിന് മുന്നോട്ടു പോവാൻ കഴിയില്ല, പക്ഷേ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ് താനും. സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളും, സ്ത്രീ വിരോധവും അങ്ങേയറ്റം പ്രാധാന്യത്തോടെ തന്നെ കണക്കിലെടുക്കണം. കുറ്റവാളികൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ ഉറപ്പാക്കണം. കുറ്റകൃത്യങ്ങളിലേക്ക് കടക്കാനുള്ള സാഹചര്യം പരമാവധി കുറയ്ക്കണം. ക്ലബ്ബുകൾക്കും ബാറുകൾക്കും സമീപം യൂണിഫോമിൽ അല്ലാത്ത പോലീസുകാരെ കൂടുതലായി വിന്യസിക്കണം. കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഉടനടി പോലീസിന് സംഭവ സ്ഥലത്ത് എത്താൻ കഴിയണം. കൂടുതൽ സിസിടിവി ക്യാമറകളും, സുരക്ഷാ സന്നാഹങ്ങളും, സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കണം, തുടങ്ങിയ നിർദേശങ്ങളാണ് കൂടുതലായും ഉയർന്നുവന്നത്.