മുൻ ഡിജിപി ടി.പി.സെൻകുമാർ കൊല്ലത്ത് വിളിച്ച പത്രസമ്മേളനം അലങ്കോലമായി. മാധ്യമപ്രവർത്തകർ സെൻകുമാറിനോടു ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ, ഹാളിലുണ്ടായിരുന്നവർ അതു തടസ്സപ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. എസ്എൻഡിപി യോഗം മാവേലിക്കര യൂണിയൻ മുന്‍ പ്രസിഡന്റ് സുഭാഷ് വാസു ഉൾപ്പെടെ നേതാക്കൾ പ്രവർത്തകരെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അടങ്ങിയില്ല.

തുടർന്ന് മാധ്യമ പ്രവർത്തകർ വാര്‍ത്താസമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായുള്ള യോഗത്തിൽ പങ്കെടുക്കാനാണ് സെൻകുമാർ കൊല്ലത്ത് എത്തിയത്.

സെൻകുമാർ യോഗതീരുമാനം വിശദീകരിക്കവെ കൊറോണ വൈറസ് സംബന്ധിച്ച് നടത്തിയ പ്രസ്താവനയെ ചൊല്ലി മാധ്യമപ്രവർത്തകർ തുടർ ചോദ്യം ഉന്നയിച്ചു. അത് ത​​​​െൻറ അഭിപ്രായമല്ലെന്നും ഡോ. പോൾ ഹേലി ഉൾപ്പെ​െടയുള്ളവരുടെ അഭിപ്രായമാണെന്നും വിശദീകരിക്കവെ മാധ്യമപ്രവർത്തകർ ഈ വിഷയത്തിൽ വീണ്ടും ചോദ്യങ്ങൾ ചോദിച്ചു. ഇതോടെ സെൻകുമാറിനൊപ്പമുണ്ടായിരുന്നവർ മാധ്യമപ്രവർത്തകർക്കെതിരെ തിരിഞ്ഞു.

പലരും മാധ്യമപ്രവർത്തകരോട് മോശം രീതിയിൽ പ്രതികരിക്കാനും തുടങ്ങി. പ്രവർത്തകരെ നേതാക്കൾ ശാന്തരാക്കി വാർത്ത സമ്മേളനം തുടർന്നതോടെ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ ചിത്രം മൊബൈലിൽ പകർത്താൻ ഒരാൾ ശ്രമിച്ചു. ഇതോടെ വീണ്ടും തർക്കമായി. ഇത്​ മാധ്യമ പ്രവർത്തകർ ചോദ്യം ചെയ്​തതോടെ വാക്കുതർക്കം രൂക്ഷമായി.

ഒടുവിൽ മാധ്യമപ്രവർത്തകർ വാർത്ത സമ്മേളനം ബഹിഷ്കരിച്ച് മടങ്ങുകയായിരുന്നു. അതേസമയം, തർക്കത്തിൽ ഇടപെടാനോ കൂടുതലെന്തെങ്കിലും വിശദീകരിക്കാനോ സെൻകുമാറും തയാറായില്ല. മുൻപ് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് സെൻകുമാർ തട്ടിക്കയറിയ സംഭവം ഏറെ വിവാദത്തിനിടയാക്കിയിരുന്നു.