അഭിനേത്രിയും നര്‍ത്തകിയുമായ ശോഭന വിവാഹത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നൃത്തത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ശോഭന നൃത്തവേദികളില്‍ സജീവമാകുന്നതിനിടെയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വിവാഹ വാര്‍ത്ത പ്രചരിക്കുന്നത്. കുടുംബ സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.

നൃത്തമാണ് തന്റെ ജീവിതമെന്നും അതിനിടയില്‍ പ്രണയത്തിനോ വിവാഹത്തിനോ സ്ഥാനമില്ലെന്നും നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു. പുതിയ വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയതോടെ വിവാഹത്തോടുള്ള താരത്തിന്റെ മനോഭാവത്തില്‍ മാറ്റം വന്നോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും സിനിമാ ലോകവും.

അതേസമയം, വിവാഹ വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, താരം വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. എന്തായാലും വാര്‍ത്തകേട്ട് സിനിമാലോകം അമ്പരന്നിരിക്കുകയാണ്. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 യൂടെയാണ് ശോഭന മലയാളത്തിന്റെ നായികയായി എത്തിയത്. തുടര്‍ന്ന് മികച്ച അവസരങ്ങളാണ് താരത്തെ തേടി എത്തിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും മികവു തെളിയിച്ച താരമാണ് ശോഭന.