മിമിക്രി താരവും നടനുമായ കോട്ടയം നസീറിനെതിരെ സംവിധായകന്‍ ഡോ. ബിജു. കോട്ടയം നസീർ‌ സംവിധാനം ചെയ്ത ഹ്രസ്വചിത്രം കുട്ടിച്ചന്റെ കഥ മോഷ്ടിച്ചതെന്ന് ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂെട ബിജു രംഗത്തെത്തിയത്. കുട്ടിച്ചൻ ഹ്രസ്വസിനിമ സംവിധായകന്‍ സുദേവന്റെ ‘അകത്തോ പുറത്തോ’ എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗം അതേപടി കോപ്പിയടിച്ചതാണെന്ന് ബിജു ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ കുറേ കാലമായി മലയാളത്തില്‍ കണ്ടു വരുന്ന ഒരു രീതി ഉണ്ട്. ചെറിയ ഇന്‍ഡിപെന്‍ഡന്റ് സമാന്തര ചിത്രങ്ങളുടെ ത്രെഡ്ഡ് പൂര്‍ണ്ണമായോ ഭാഗികമായോ കോപ്പി ചെയ്തു മുഖ്യധാരാ സിനിമകള്‍ ഉണ്ടാക്കുക എന്ന രീതി. ലോക ക്‌ളാസ്സിക്കുകള്‍ വരെ സബ്ജക്ട് കോപ്പിയടിച്ചുണ്ടാക്കിയ സിനിമകളും ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ചില ചെറു സമാന്തര സിനിമകളുടെ പ്രമേയം കടമെടുത്തു മേലോഡ്രാമ കുത്തി നിറച്ചു കൈയടി നേടുന്ന മുഖ്യധാരാ സിനിമാക്കാരും ഇവിടെ ഉണ്ടാകുന്നു. ഇതാ ഇപ്പോള്‍ അതില്‍ പുതിയൊരു അതിക്രമം– ബിജു കുറിപ്പിൽ പറയുന്നു.

അതേസമയം സുദേവന്റെ സിനിമ കൂടുതൽ ആളുകൾ കാണാൻ വേണ്ടിയാകും വിവാദമെന്ന് കോട്ടയം നസീർ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം–

”കഴിഞ്ഞ കുറേ കാലമായി മലയാളത്തില്‍ കണ്ടു വരുന്ന ഒരു രീതി ഉണ്ട്. ചെറിയ ഇന്‍ഡിപെന്‍ഡന്റ് സമാന്തര ചിത്രങ്ങളുടെ ത്രെഡ്ഡ് പൂര്‍ണ്ണമായോ ഭാഗികമായോ കോപ്പി ചെയ്തു മുഖ്യധാരാ സിനിമകള്‍ ഉണ്ടാക്കുക എന്ന രീതി. ലോക ക്‌ളാസ്സിക്കുകള്‍ വരെ സബ്ജക്ട് കോപ്പിയടിച്ചുണ്ടാക്കിയ സിനിമകളും ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ചില ചെറു സമാന്തര സിനിമകളുടെ പ്രമേയം കടമെടുത്തു മേലോഡ്രാമ കുത്തി നിറച്ചു കൈയടി നേടുന്ന മുഖ്യധാരാ സിനിമാക്കാരും ഇവിടെ ഉണ്ടാകുന്നു. ഇതാ ഇപ്പോള്‍ അതില്‍ പുതിയൊരു അതിക്രമം

കുട്ടിച്ചന്‍ എന്ന ഒരു ഷോർട്ട് ഫിലിം. കോട്ടയം നസീര്‍ ആണ് സംവിധാനം. പ്രചാരണത്തിന് സൂപ്പര്‍ താരങ്ങളും ഒപ്പമുണ്ട്. സുദേവന്റെ ഏറെ ശ്രദ്ധേയമായ ”അകത്തോ പുറത്തോ” എന്ന ചിത്രത്തിലെ ”വൃദ്ധന്‍” എന്ന സെഗ്മെന്റ് അതേപടി കോപ്പി അടിച്ചു വെച്ചിരിക്കുന്നു. പ്രമേയം മാത്രമല്ല ക്യാമറ ആംഗിള്‍ , ട്രീറ്റ്‌മെന്റ് എല്ലാം അതേ പടി ഫോട്ടോസ്റ്റാറ്റ് കോപ്പി..സ്വന്തമായി സര്‍ഗ്ഗാത്മകത ഇല്ലെങ്കില്‍ മറ്റു വല്ല പണിയ്ക്കും പൊയ്ക്കൂടെ ചങ്ങാതിമാരെ. ഇമ്മാതിരി മോഷണത്തിന് ഇറങ്ങണോ. സുദേവന്‍ തീര്‍ച്ചയായും നിയമപരമായി നീങ്ങണം.

ഇത് നഗ്‌നമായ കോപ്പിയടി ആണ്. സുദേവന്‍ എത്ര മനോഹരമായി പൊളിറ്റിക്കല്‍ ആയി ചിത്രീകരിച്ച ഒരു സെഗ്മെന്റ്‌റ് ആണ് ”വൃദ്ധന്‍”. അത് എടുത്തു കട്ട പൈങ്കിളി ആയി ഒരു ഷോര്‍ട്ട് ഫിലിം എടുത്തു എന്നതാണ് മോഷണത്തെക്കാള്‍ മോശമായി കോട്ടയം നസീര്‍ ചെയ്ത അതിക്രമം. കുട്ടിച്ചന്റെ ലിങ്ക് യൂട്യൂബില്‍ ഉണ്ടാകും. (അത് ഇവിടെ ഇട്ട് മോഷണ വൈകൃതത്തെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശമില്ല ) അകത്തോ പുറത്തോ കണ്ടവര്‍ക്ക് ആദ്യ ഷോട്ടില്‍.തന്നെ കാര്യം തിരിയും….’