ഷാര്‍ജയില്‍ സുഹൃത്തിന്റെ മിഡില്‍ ഈസ്റ്റ് എന്ന കോളജിനു വേണ്ടി ഭൂമി കിട്ടാന്‍ ഷാര്‍ജ ഭരണാധികാരിയെ സമീപിച്ചുവെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണം നിഷേധിച്ച് മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സ്വപ്‌നയുടെ ആരോപണങ്ങള്‍ പുതിയതല്ലെന്ന് പി.ശ്രീരാമകൃഷ്ണന്‍ പറയുന്നു. പഴയ ആരോപണമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ തനിക്ക് നോട്ടീസ് നല്‍കിയതും അന്വേഷണം നടത്തിയതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതുമെല്ലാം.

താന്‍ ഷാര്‍ജ ഷെയ്ഖിനെ സ്വകാര്യമായി കണ്ടിട്ടില്ല. കോണ്‍സുല്‍ ജനറലുമായി തനിക്ക് വ്യക്തിപരമായി ഒരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ നമ്പര്‍ പോലും തന്റെ പക്കലില്ല.

മിഡില്‍ ഈസ്റ്റ് എന്ന പേരിലൊരു കോളജില്ല. അങ്ങനെ ഒരു കോളജിനു വേണ്ടി സ്ഥലവും വാങ്ങിയിട്ടില്ല. അതിനു വേണ്ടി ഷാര്‍ജ ഷെയ്ഖിനെ കണ്ടിട്ടില്ല. കേരളത്തിന്റെ മൂന്നിരട്ടി വരുമാനമുള്ള ഷാര്‍ജയിലെ ഷെയ്ഖിന് കൈക്കൂലി കൊടുക്കാന്‍ താന്‍ കോണ്‍സുല്‍ ജനറലിന് പണം കൊടുത്തുവെന്നത് യാതൊരു ലോജിക്കുമില്ലാത്ത ആരോപണമാണ്. എന്നാല്‍ സ്വപ്‌നയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമോ എന്ന മാധ്യമങ്ങളോട് ചോദ്യത്തോട് പ്രതികരിക്കാന്‍ ശ്രീരാമകൃഷ്ണന്‍ തയ്യാറായില്ല. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് അദ്ദേഹം മാധ്യമങ്ങളുടെ അടുക്കല്‍ നിന്ന് പോകുകയായിരുന്നു.

സുഹൃത്ത് നിയന്ത്രിക്കുന്ന മിഡില്‍ ഈസ്റ്റ് കോളേജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കാന്‍ ശ്രീരാമകൃഷ്ണന്‍ ഇടപെട്ടു. ഇതിനായി ഷാര്‍ജയില്‍ വെച്ച് ഭരണാധികാരിയെ കണ്ടു. ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോണ്‍സല്‍ ജനറലിന് കൈക്കൂലി നല്‍കിയെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. സരിത്തിനെയാണ് പണം അടങ്ങിയ ബാഗ് ഏല്‍പ്പിച്ചത്. പണം കോണ്‍സല്‍ ജനറലിന് നല്‍കിയ ശേഷം ബാഗ് സരിത് എടുത്തു. ഈ ബാഗ് സരിത്തിന്റെ വീട്ടില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തുവെന്നും സ്വപ്‌ന സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.