ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇംഗ്ലണ്ടിലെ കൗമാരക്കാർക്ക് സെപ്തംബർ മുതൽ എച്ച് പി വിയുടെ രണ്ട് വാക്‌സിൻ കുത്തിവെയ്പ്പ് മാറ്റി ഒരു കുത്തിവയ്പ്പ് നൽകാൻ തീരുമാനമായി. ലോകമെമ്പാടുമുള്ള പഠനങ്ങളിൽ സെർവിക്കൽ ക്യാൻസർ ഉൾപ്പെടെയുള്ള അർബുദങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കാൻ ഒരു ഡോസ് മതി എന്ന് തെളിഞ്ഞതിനെ തുടർന്നാണ് പുതിയ തീരുമാനം . സ്കൂൾ വിദ്യാർത്ഥികൾക്ക് ഏകദേശം 11-13 വയസ്സ് പ്രായമുള്ളപ്പോഴാണ് വാക്‌സിൻ നൽകുക. എച്ച് പി വി സാധാരണയായി ലൈംഗിക ബന്ധത്തിലൂടെ പകരുന്ന വൈറസാണ്.

ഇത് ഉയർന്ന പകർച്ചശേഷിയുള്ള വൈറസാണ്. നിലവിൽ 100-ലധികം വ്യത്യസ്ത തരം എച്ച് പി വി (ഹ്യൂമൻ പാപ്പിലോമ വൈറസ്) ഉണ്ട്. ഇവ മൂലം ഉണ്ടാകുന്ന അണുബാധകൾക്ക് സാധാരണ രോഗലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. മിക്ക ആളുകളും ചികിത്സയില്ലാതെ തന്നെ വൈറസിൽ നിന്ന് മുക്തി നേടാറുമുണ്ട്. എന്നാൽ ഉയർന്ന അപകടസാധ്യതയുള്ള രീതിയിലുള്ള അസാധാരണമായ ടിഷ്യു വളർച്ചയ്ക്ക് കാരണമാകുന്നത് ക്യാൻസറിലേക്ക് വരെ നയിച്ചേക്കാം.

വെയിൽസിൽ സെപ്റ്റംബർ മുതൽ ഒരു ഡോസ് ഷെഡ്യൂളിലേക്ക് മാറുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എച്ച് പി വി വാക്സിനേഷൻ പ്രോഗ്രാം ലോകത്തിലെ ഏറ്റവും വിജയകരമായ ഒന്നാണെന്നും സ്ത്രീകളിലും പുരുഷന്മാരിലും സെർവിക്കൽ ക്യാൻസറിന്റെയും ഹാനികരമായ അണുബാധകളുടെയും നിരക്ക് കുറയ്ക്കുന്നതിൽ ഇത് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഇമ്മ്യൂണൈസേഷൻ കൺസൾട്ടന്റ് എപ്പിഡെമിയോളജിസ്റ്റ് ഡോ. വനേസ സാലിബ പറഞ്ഞു. ഇത് നിരവധി ക്യാൻസറുകൾ തടയുകയും സംരക്ഷിക്കുകയും ചെയ്യുന്നതായി അവർ കൂട്ടിച്ചേർത്തു.