ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സമൂഹമാധ്യമങ്ങളെ കേന്ദ്രീകരിച്ച് സാമ്പത്തിക തട്ടിപ്പ് നടക്കുന്നത് ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. പണം തട്ടിയെടുത്ത് കാണാമറയത്ത് മറയുന്ന തട്ടിപ്പു സംഘത്തെ പലപ്പോഴും പിടികൂടാൻ പോലീസിനും കഴിയാറില്ല. വൻ സാമ്പത്തിക തട്ടിപ്പിന്റെ കെണിയിൽ നിന്ന് ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെട്ട അനുഭവമാണ് യുകെയിലെ പ്രമുഖ ലൈവ് സ്ട്രീമിംഗ് സ്ഥാപനമായ വി സ്ക്വയറിന്റെ ഉടമ രഞ്ജിൻ കുര്യാക്കോസ് മലയാളം യുകെ ന്യൂസിനോട് പങ്കുവെച്ചത്.

രഞ്ജിന്റെ ഫേസ്ബുക്ക് വിദഗ്ധമായി ഹാക്ക് ചെയ്യുകയാണ് തട്ടിപ്പ് സംഘം ആദ്യം ചെയ്തത്. ഇതിനെ തുടർന്ന് രഞ്ജിന്റെ ഫേസ്ബുക്ക് അക്കൗണ്ട് തൽക്കാലത്തേയ്ക്ക് പ്രവർത്തനരഹിതമായിരിക്കും എന്ന അറിയിപ്പ് ലഭിക്കുകയും ചെയ്തു. പക്ഷേ ഇതിനോടകം ഫേസ്ബുക്കിൽ രഞ്ജിൻ നൽകിയിരുന്ന എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പ് സംഘം കൈക്കലാക്കിയിരുന്നു എന്നു മാത്രമല്ല തുടർച്ചയായി നാല് പ്രാവശ്യം പണം പിൻവലിക്കാനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തു. സംശയാസ്പദമായ രീതിയിൽ തുടർച്ചയായി നാല് പ്രാവശ്യവും പതിവില്ലാതെ പണം പിൻവലിക്കൽ ശ്രമത്തെ തുടർന്ന് എച്ച്എസ്ബിസി ബാങ്ക് രഞ്ജിന് മെസ്സേജ് അലർട്ട് നൽകിയതാണ് തട്ടിപ്പു സംഘത്തിന്റെ പദ്ധതി പൊളിയാൻ കാരണമായത്.

ബിസിനസ് അക്കൗണ്ട് ആയതുകാരണം പേ ഔട്ടിൽ ബാങ്ക് ഡീറ്റെയിൽസ് കൊടുത്തതാണ് തട്ടിപ്പ് സംഘം പണം പിൻവലിക്കുന്നതിനായി ഉപയോഗിച്ചതെന്ന് രഞ്ജിൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു . വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ഒട്ടു മിക്ക ബാങ്കുകളും ഫ്രോഡ് ഡിറ്റക്ഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് . സ്ഥിരമായി പണം പിൻവലിക്കുന്ന തുകയിലും വലിയൊരു തുക പെട്ടെന്ന് പിൻവലിക്കുകയോ സംശയാസ്പദമായ രീതിയിൽ തുടർച്ചയായി പണം പിൻവലിക്കാനുള്ള ശ്രമം നടക്കുകയോ മറ്റോ ചെയ്യുകയാണെങ്കിൽ മറ്റ് ആരെങ്കിലും തട്ടിപ്പ് നടത്താനുള്ള സാധ്യത മുന്നിൽ കണ്ട് മുന്നറിയിപ്പ് നൽകാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ ഒരു പരിധിവരെ സാധിക്കുമെന്ന് തിരുവല്ല മാക് ഫാസ്റ്റ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവിയായ റ്റിജി തോമസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ബർത്ത് ഡേറ്റ് , മൊബൈൽ നമ്പർ , ബാങ്ക് ഡീറ്റെയിൽസ് പോലുള്ള സ്വകാര്യ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുന്നത് തട്ടിപ്പുകാർക്ക് വളം വച്ചു കൊടുക്കാൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ്തുത സംഭവങ്ങളെ തുടർന്ന് 5000 ത്തോളം സുഹൃത്തുക്കൾ ഉണ്ടായിരുന്ന ഫേസ്ബുക്ക് അക്കൗണ്ട് നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ് രഞ്ജിൻ.  കോട്ടയം പാമ്പാടി സ്വദേശിയായ രഞ്ജിൻ കുര്യാക്കോസ് 15 വർഷമായി യുകെയിൽ എത്തിയിട്ട് . ഓക്സ്ഫോർഡിലെ ബാൻബറിയിലാണ് അദ്ദേഹം താമസിക്കുന്നത് . മലയാളം യുകെ ന്യൂസ് യോർക്ക് ക്ഷെയറിലെ കീത്തലിയിൽ വച്ച് ഒൿടോബർ 8-ാം തീയതി നടത്തിയ ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെയും അവാർഡ് നൈറ്റിന്റെയും ലൈവ് സ്ട്രീമിംഗ് നടത്തിയത് രഞ്ജിൻ കുര്യാക്കോസിന്റെ നേതൃത്വത്തിലും വി സ്ക്വയർ ടിവി ആയിരുന്നു .