ന്യൂസ് ഡെസ്ക് മലയാളം യുകെ

ചിട്ടയായ ലോക്ഡൗൺ നിയന്ത്രണങ്ങളാലും യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയും കോവിഡ് -19 നെതിരെ രാജ്യം കൈവരിച്ച നേട്ടം സമാനതകളില്ലാത്തതാണെന്ന് വിലയിരുത്തപ്പെടുന്നു. എൻഎച്ച്എസിൻെറ ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ദൗത്യത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകിയതിനാൽ കോവിഡ് -19 കാരണമുള്ള മരണനിരക്ക് 99 ശതമാനം കുറയ്ക്കാൻ സാധിച്ചത് രാജ്യത്തിന് അഭിമാനകരമായ നേട്ടമായി.

യുകെയിൽ ഇതുവരെ 31.4 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് നൽകാൻ സാധിച്ചു. 5 ദശലക്ഷത്തിലധികം ആളുകൾക്ക് പൂർണമായും അതായത് രണ്ടാം ഡോസ് ഉൾപ്പെടെ നൽകാൻ രാജ്യത്തിനായി. അങ്ങനെ യൂറോപ്പിലെ തന്നെ ഏറ്റവും വേഗത്തിൽ വാക്സിനേഷൻ ജനങ്ങൾക്ക് എത്തിക്കുന്ന രാജ്യമായി ബ്രിട്ടൻ.

ഇന്നലെ രാജ്യത്ത് കോവിഡ് മൂലമുള്ള മരണസംഖ്യ 10 ആയി കുറഞ്ഞത് വാക്സിനേഷൻ പ്രോഗ്രാമിൻെറ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ഇത് കഴിഞ്ഞ വർഷം സെപ്റ്റംബർ -14 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ്. രോഗവ്യാപനവും രാജ്യത്ത് താരതമ്യേന കുറഞ്ഞിട്ടുണ്ട്. ഇന്നലെ 3423 പുതിയ കോവിഡ് -19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.