ലണ്ടൻ∙ യൂറോപ്പിലാകെ അനിയന്ത്രിതമായി കൊറോണ പടരുമ്പോഴും മറ്റു ലോകരാജ്യങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായ പ്രതിരോധ ശൈലിയാണു ബ്രിട്ടൻ അവലംബിക്കുന്നത്. ഒട്ടും ഭയക്കാതെയും ഭയപ്പെടുത്താതെയും എന്നാൽ എല്ലാ മുൻകരുതലോടു കൂടെയുമുള്ള പ്രതിരോധം. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ബ്രിട്ടനിൽ 55 ആയി. ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചവർ 1543. 35,000 മുതൽ 50,000 പേർക്കെങ്കിലും രോഗബാധയുണ്ടായേക്കാമെന്നാണ് സർക്കാർ വൃത്തങ്ങളളുടെ തന്നെ അനൗദ്യോഗിക വിലയിരുത്തൽ. എങ്കിലും ഇവിടെ വിദ്യാലയങ്ങൾ അടച്ചിട്ടില്ല. പൊതു ഗതാഗതത്തിന് വിലക്കില്ല, യൂണിവേഴ്സിറ്റികളിൽ തുറന്നിരിക്കുന്നു. സൂപ്പർ മാർക്കറ്റുകൾ എല്ലാം പതിവുപോലെ. സർക്കാർ നിർദേശിക്കുന്ന മുൻകരുതൽ നടപടികൾ പാലിച്ചും അനുസരിച്ചും ജനജീവിതം മുന്നോട്ടു പോകുന്നു.

 ഓരോദിവസവും സ്ഥിതിഗതികൾ വിലയിരുത്തുന്ന സർക്കാർ അപ്പപ്പോൾ വേണ്ട കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെങ്കിലും ഒറ്റയടിക്ക് എല്ലാം അടച്ചുപൂട്ടുന്ന സമീപനമില്ല.

ഇന്നലെ മുതൽ 70 വയസ് കഴിഞ്ഞവരെ കൂടുതൽ കരുതണമെന്നും അവർ സമൂഹത്തിൽ കൂടുതൽ ഇടപഴകുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. 12 ആഴ്ചയെങ്കിലും ഇവർ മറ്റുള്ളവരിൽനിന്നും അകലം പാലിക്കണമെന്ന് സർക്കാർ നിർദേശിച്ചു. വൃദ്ധജനങ്ങൾ കൂട്ടമായി താമസിക്കുന്ന നഴ്സിംങ് ഹോമുകളിൽ എല്ലാവരും അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

ഒരു രാജ്യത്തിന്റെയും അതിർത്തി അടച്ചിട്ടില്ല. വിമാനക്കമ്പനികൾ പലതും സ്വമേധയാ സർവീസ് നിർത്തിയെങ്കിലും ഒരു രാജ്യത്തെയും പൗരന്മാർക്ക് വരാനോ പോകാനോ വിലക്കില്ല. ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും ഉള്ളവർപോലും ഇപ്പോഴും തിരിച്ചെത്തി ക്വാറന്റീനു വിധേയരാകുന്നു.

പനിയുള്ളവരെയെല്ലാം പരിശോധനയ്ക്കു വിധേയരാക്കുന്നില്ല. പനിലക്ഷണമുള്ളവർ മാത്രം ഏഴുദിവസം വീട്ടിൽ വിശ്രമിക്കാനായിരുന്നു ആദ്യനിർദേശം. ഇന്നലെ മുതൽ ഇത് 14 ദിവസമാക്കി. ഒരാൾക്ക് പനിപിടിച്ചാൽ വീട്ടിലെ എല്ലാവരും പുറത്തിറങ്ങാതെ സൂക്ഷിക്കണമെന്നും നിർദേശം പരിഷ്കരിച്ചു. ഇതിനിടെ രോഗലക്ഷണങ്ങൾ മൂർച്ഛിച്ചാൽ 111 എന്ന ഹെൽപ് ലൈനിൽ വിളിച്ചോ എൻഎച്ച്എസിന്റെ പ്രത്യേക വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തോ വിവരങ്ങൾ പറയാം. റജിസ്ട്രേഡ് നഴ്സ് പ്രാകടീഷണർമാരും ഡോക്ടർമാരും അടങ്ങുന്ന സംഘം ഇവ പരിശോധിച്ച് ആവശ്യമുള്ളവരെ കണ്ടെത്തി പരിശോധനയ്ക്ക് അയയ്ക്കും  .

 കഴിഞ്ഞ ദിവസങ്ങളിൽ ആർത്തിയോടെ സാധനങ്ങൾ വാങ്ങിക്കൂട്ടിയവർ സർക്കാരിന്റെ ഉറപ്പ് വിശ്വസിച്ച് ഇപ്പോൾ ആവശ്യത്തിനു മാത്രം സാധനങ്ങൾ വാങ്ങുന്നു. അനാവശ്യമായി ആരും മാസ്ക് ധരിക്കുന്നില്ല. വിദേശികളെ ശത്രുവായി കാണുന്നില്ല. അകലെയും അന്യദേശങ്ങളിലും ആയിപ്പോയവർക്ക് തികികെ വരാൻ അവസരം നിഷേധിക്കുന്നില്ല. ആഗോളമാരിയായി പ്രഖ്യാപിക്കപ്പെട്ട കോവിഡിന് ആരെയും വിട്ടുകൊടുക്കില്ല എന്ന പിടിവാശിയോടെ ജനങ്ങളെ പീഡിപ്പിക്കാതെ യാധാർഥ്യത്തെ മുന്നിൽകണ്ടുള്ള പ്രായോഗിക സമീപനമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസണും സംഘവും സ്വീകരിക്കുന്നത്.

‘’ഇനിയും കൂടുതൽ കുടുംബങ്ങൾക്ക് അവരുടെ വേണ്ടപ്പെട്ടവരെ സമയമാകും മുമ്പേ നഷ്ടമായേക്കാം’’ എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തന്നെ ഇതിന് ഉത്തമ ഉദാഹരണം.