ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറുന്നതിനുള്ള ആദ്യ ഔദ്യോഗിക നടപടിയായ ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടായേക്കും. ബ്രസല്‍സിലെയും യുകെയിലെയും ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറുന്നതിനേക്കുറിച്ചുള്ള ബില്‍ തിങ്കളാഴ്ചയാണ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നത്. ലോര്‍ഡ്‌സ് സഭ ആവശ്യപ്പെട്ട രണ്ട് ഭേദഗതികള്‍ ചേര്‍ക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ച നടക്കുന്നത്. ഈയാഴ്ച നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയെക്കുറിച്ച് ചൊവ്വാഴ്ച പ്രധാനമന്ത്രി കോമണ്‍സില്‍ വിശദീകരണം നല്‍കും. ഈ അവസരത്തില്‍ ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുന്നതായി തെരേസ മേയ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
യൂണിയനില്‍ നിന്ന് പിന്മാറുന്നതിനു മുമ്പ് ബ്രെക്‌സിറ്റ് വിഷയത്തില്‍ എംപിമാര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നല്‍കണമെന്നതാണ് ലോര്‍ഡ്‌സ് ആവശ്യപ്പെട്ട ഒരു കാര്യം. പിന്മാറുമ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് രാജ്യത്തുള്ള അവകാശങ്ങള്‍ നിലനിര്‍ത്തണമെന്ന ആവശ്യവും ലോര്‍ഡ്‌സ് ഉന്നയിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുമെന്നാണ് മേയ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വരുന്ന ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വെസ്റ്റ്മിന്‍സ്റ്റര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എന്നാല്‍ ലോര്‍ഡ്‌സ് ഭേദഗതികളില്‍ നടകുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ബില്‍ പാസാകാന്‍ തടസമുണ്ടായാല്‍ പ്രഖ്യാപനം മാര്‍ച്ച് അവസാനത്തോടെ മാത്രമേ നടത്താന്‍ കഴിയൂ. നെതര്‍ലന്‍ഡ്‌സില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇത്. അതേസമയം ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ പാസാക്കണമെന്ന് ലേബര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മേയ്ക്ക് നല്‍കിയ കത്തിലാണ് പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചത്. ലോര്‍ഡ്‌സില്‍ സര്‍ക്കാരിന് തിരിച്ചടി നല്‍കിക്കൊണ്ടാണ് എംപിമാര്‍ക്ക് അര്‍ത്ഥവത്തായ വോട്ടിംഗ് അധികാരവും യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് എക്‌സിറ്റ് പാക്കേജും നല്‍കണമെന്ന നിര്‍ദേശങ്ങള്‍ക്ക് മേല്‍ക്കൈ നേടാനായത്.

ഈ മാസം അവസാനത്തോടെ ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ ഉദ്ദേശ്യത്തിന് ഈ മാറ്റങ്ങള്‍ യാതൊരു വിധത്തിലും തടസമാകില്ലെന്ന് ലേബര്‍ കത്തില്‍ പറയുന്നു. കോമണ്‍സില്‍ ബില്‍ വന്നപ്പോളും ലോര്‍ഡ്‌സില്‍ പാസാക്കിയപ്പോളും ഈ ഭേദഗതികളെ ലോര്‍ഡ്‌സ് പിന്തുണച്ചിരുന്നു. ബില്‍ തിരികെ കോമണ്‍സില്‍ എത്തുമ്പോള്‍ ഭേദഗതികള്‍ നടപ്പാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കാനാണ് ലേബര്‍ തീരുമാനം.