ലണ്ടന്‍: ബ്രെക്‌സിറ്റ് ബില്‍ പാര്‍ലമെന്റില്‍ പാസായതോടെ ടോറി ആഭ്യന്തരയുദ്ധത്തിന് അവസാനമായെങ്കിലും പ്രധാനമന്ത്രിക്കും സര്‍ക്കാരിനും തലവേദനയായി സ്‌കോട്ടിഷ് സ്വാതന്ത്ര്യവാദം ശക്തമാകുന്നു. സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തിനായുള്ള ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി സ്‌കോട്ട്‌ലന്‍ഡ് പ്രഥമ മന്ത്രി നിക്കോള സ്റ്റര്‍ജന്‍ രംഗത്തെത്തി. പാര്‍ലമെന്റില്‍ ചില ടോറി എംപിമാര്‍ ഇടഞ്ഞു നിന്നിരുന്നതിനാല്‍ ബ്രെക്‌സിറ്റ് ബില്‍ പാസാകാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പ്രതിഷേധങ്ങളില്ലാതെ ബില്‍ പാസായി. ഇതോടെ ബ്രെക്‌സിറ്റ് ആദ്യ നടപടിയായ ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയും.
ലോര്‍ഡ്‌സ് നിര്‍ദേശിച്ച എംപിമാര്‍ക്ക് അര്‍ത്ഥവത്തായ വോട്ടിംഗ് അവകാശം, യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് രാജ്യത്ത് നിലവിലുള്ള അവകാശങ്ങള്‍ നിലനിര്‍ത്തണം എന്നീ ഭേദഗതി ആവശ്യങ്ങളാണ് പാര്‍ലമെന്റ് തള്ളിയത്. പാര്‍ലമെന്റ് നടപടികളില്‍ ആശ്വാസമുണ്ടെങ്കിലും സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തിനുള്ള ആവശ്യം സര്‍ക്കാരിന് തലവേദനയാകും.

ബ്രെക്‌സിറ്റ് ബില്‍ പാസായതോടെ യൂറോപ്യന്‍ യൂണിയനുമായി പ്രത്യേക കരാറുകളില്‍ ഏര്‍പ്പെടാനുള്ള സ്‌കോട്ട്‌ലാന്‍ഡിന്റെ സ്വാതന്ത്ര്യത്തിന് പ്രധാനമന്ത്രി തടസം സൃഷ്ടിച്ചിരിക്കുകയാണെന്ന് സ്റ്റര്‍ജന്‍ ആരോപിച്ചു. 2018 ഓട്ടത്തിനും 2019 സ്പ്രിംഗിനുമിടയില്‍ ഹിതപരിശോധന നടത്തുമെന്നാണ് സ്റ്റര്‍ജന്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡിന്റഎ ഭാവിയില്‍ ഒരു ഭരണഘടനാ യുദ്ധത്തിനാണ് എസ്എന്‍പിയും സ്റ്റര്‍ജനും തയ്യാറായിരിക്കുന്നത്.

ഈ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കുന്നത് ചൊവ്വാഴ്ച ഉണ്ടാകില്ലെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രിയുടെ ഓഫീസ് എത്തി. മാര്‍ച്ച് അവസാനത്തോടെ മാത്രമേ പ്രഖ്യാപനം ഉണ്ടാവൂ എന്നാണ് പുതിയ അറിയിപ്പ്. ബില്‍ പാസായാല്‍ ഇന്ന് ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്.