ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച് കൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. എറണാകുളത്ത് മാനസിക ചികിത്സയിലായിരുന്ന യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യം മറച്ച് വയ്ക്കൽ, തെളിവ് നശിപ്പിക്കാൻ സഹായിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് നടപടി.

ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുക്കാനാരുന്നു പൊലീസിനോട് സമിതിയുടെ നിർദ്ദേശം. 10 വർ‍‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കിൽ അതിന് കൂട്ട് നിൽക്കുകയോ ചെയ്യുക, ബോധപൂർവം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരിൽ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ാം വകുപ്പിൽ‌ ഉൾപ്പെടുന്നത്.

അതേസമയം, മർദനത്തിൽ പരിക്കേൽക്കുകയും അമ്മൂമ്മയുടെ സംരക്ഷണയിലും കഴിഞ്ഞിരുന്ന മരിച്ച കുട്ടിയുടെ ഇളയ സഹോദരനായ മുന്നുവയസ്സുകാരനെ അച്ഛന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടു. ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് അച്ഛന്‍റെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. കട്ടിയെ കൈമാറാനാവില്ലെന്ന് അവസാന നിമിഷം കുട്ടിയുടെ അമ്മൂമ്മ നിലപാടെടുത്തതോടെയാണ് പോലീസ് ഇടപെട്ടത്. ഇതോടെ മുന്നുവയസ്സുകാരന്‍ അടുത്ത ഒരുമാസം മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിയും.