ടോക്യോ: ജപ്പാന്‍ തീരത്ത് സമുദ്രത്തിനടിയില്‍ ഭീമന്‍ അഗ്നിപര്‍വതം രൂപം കൊള്ളുന്നതായി ഗവേഷകര്‍. 7300 വര്‍ഷങ്ങള്‍ക്ക് മുമ്പ് സജീവമായിരുന്ന കിയാകി അഗ്നിപര്‍വതം വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നതായാണ് ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നത്. കിയാകിയുടെ ക്രേറ്ററിനു മുകളിലായി 10 കിലോമീറ്ററോളം വിസ്തൃതിയില്‍ ലാവ ഉറഞ്ഞുകൂടുന്നതായാണ് കണ്ടെത്തിയത്. അഗ്നിപര്‍വത മുഖത്ത് ഉറഞ്ഞു കൂടിയിരിക്കുന്നത് 32 ക്യുബിക് കിലോമീറ്റര്‍ മാഗ്മയാണത്രേ. ഈ ലാവാ ഗോപുരം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പത്ത് കിലോമീറ്റര്‍ വൃസ്തൃതിയും 600 മീറ്റര്‍ ഉയരവും ഇതിനുണ്ട്. അതായത് ചരിത്രാതീതകാലത്ത് നാശം വിതച്ച അഗ്നിപര്‍വതം ഏതു നിമിഷവും പൊട്ടിത്തെറിക്കാന്‍ തയ്യാറെടുക്കുന്നു.

യാതൊരു സൂചനകളുമില്ലാതെയായിരിക്കും അഗ്നിപര്‍വതം പൊട്ടിത്തെറിക്കുകയെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ നല്‍കുന്ന സൂചന. അപ്രകാരം സംഭവിച്ചാല്‍ 100 മില്യണ്‍ ജനങ്ങളെങ്കിലും കൊല്ലപ്പെട്ടേക്കും. ഒരു വൊള്‍കാനിക് വിന്ററിനും ഇത് കാരണമാകുമെന്നാണ് നിഗമനം. ഈ അതിശൈത്യമായിരിക്കും ജനങ്ങളെ കൊന്നൊടുക്കുക. കോബെ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 7300 വര്‍ഷങ്ങള്‍ക്ക് മുമ്പ് കിയാകിയിലുണ്ടായ സ്‌ഫോടനമായിരുന്നു സതേണ്‍ ജപ്പാനിലെ യോമോന്‍ സംസ്‌കാരത്തിന് അന്ത്യം കുറിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ കൂടുമ്പോളാണ് ഇത്തരം സൂപ്പര്‍ അഗ്നിപര്‍വതങ്ങള്‍ സജീവമാകാറുള്ളത്. എന്നാല്‍ കിയാകി ഇപ്പോള്‍ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണെന്ന സൂചനയാണ് ശാസ്ത്രലോകം നല്‍കുന്നത്.

ഇത്രയും ഭീമാകാരനായ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാല്‍ അതില്‍ നിന്ന് അന്തരീക്ഷത്തിലെത്തുന്ന വന്‍തോതിലുള്ള അവശിഷ്ടങ്ങളും ചാരവും മറ്റും സൂര്യപ്രകാശത്തെ കാലങ്ങളോളം തടഞ്ഞുവെക്കുകയും അത് അഗ്നിപര്‍വതജന്യ ശൈത്യത്തിന് കാരണമാകുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. സ്‌ഫോടനം സൃഷ്ടിക്കുന്ന സുനാമി ജപ്പാന്റെ ദക്ഷിണ തീരത്തെയും തായ്‌വാന്‍ ചൈന തീരങ്ങളെയും ഇല്ലാതാക്കും. പിന്നീട് നോര്‍ത്ത് സൗത്ത് അമേരിക്കന്‍ തീരങ്ങളില്‍ വരെ രാക്ഷസത്തിരമാലകള്‍ എത്തുമെന്നാണ് കരുതുന്നത്.