ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുഎസ് തിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്തു വന്നതോടെ ഇപ്പോഴത്തെ അക്കങ്ങളും അന്തരീക്ഷവും ബൈഡനു തന്നെ അനുകൂലം. ആകെയുള്ള ഇലക്ടറല്‍ വോട്ടായ 538 ൽ 131 വോട്ടുകളുമായി ബൈഡൻ മുന്നിൽ, ട്രംപിന് 92. 270 ആണ് കേവല ഭൂരിപക്ഷ സംഖ്യ. വൈറ്റ് ഹൗസിലേക്ക് ആര് എത്തുമെന്ന് അറിയാൻ ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പ് ഫലം നിർണായകമാകും. ആദ്യഫല സൂചനകൾ പുറത്തു വന്നതോടെ ജോ ബൈഡനാണ് മുൻതൂക്കം. സമാധാനപരമായ ഇലക്ഷൻ മുന്നേറി കൊണ്ടിരിക്കെ, വീട്ടിലിരുന്നു തന്നെ ബാലറ്റ് രേഖപ്പെടുത്തി കഴിഞ്ഞത് 100 മില്ല്യൻ വോട്ടർമാരാണ്. ഇലക്ഷനോടനുബന്ധിച്ച് തോക്കുകളുടെ വില്പനയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, അക്രമ ഭീഷണികൾ നിലനിൽക്കെത്തന്നെ ചൊവ്വാഴ്ച സമാധാനപരമായ വോട്ടിംഗ് ആണ് നടന്നത്. ചിക്കാഗോയിൽ മാത്രം വോട്ട് ചെയ്യാൻ പോവുകയായിരുന്ന ഒരു വ്യക്തിക്ക് നേരെ ബേസ് ബോൾ സ്റ്റിക്കുകൾ കൊണ്ട് ആക്രമണഭീഷണി ഉണ്ടായതായി റിപ്പോർട്ട് ചെയ്തു. നോർത്ത് കരോലിനയിലെ ചാർലറ്റിൽ ട്രംപിന്റെ മുഖംമൂടി ധരിച്ചെത്തിയ വ്യക്തിക്ക് നേരെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിൻെറ പേരിൽ കേസെടുത്തു.തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന റോബോട്ടിക് കോളുകൾ പലയിടത്തും ജനങ്ങൾക്ക് ലഭിച്ചിരുന്നു. നീണ്ട ക്യൂ ഉള്ളതിനാൽ ജനങ്ങൾ നാളെ തന്നെ വോട്ട് ചെയ്യണം എന്ന സന്ദേശമാണ് തെറ്റിദ്ധാരണ പരത്തിയതെന്ന് മൽചിഗൻ അറ്റോണി ജനറൽ ഡാന നെസ്സൽ പറഞ്ഞു.ഉറവിടം അന്വേഷിച്ചുവരികയാണ്.

1968 മുതൽ റിപ്പബ്ലിക്കൻ പാർട്ടി സീറ്റ് ഉറപ്പിക്കുന്ന സൗത്ത് ഡക്കോട്ടയിൽ ട്രംപിനാണ് ആണ് സാധ്യത കൂടുതൽ.1992 മുതൽ ഡെമോക്രാറ്റിന് മാത്രം വിജയമുള്ള കണക്ടിക്കട്ട് സ്റ്റേറ്റിൽ ബൈഡന് സാധ്യത കൂടുതലുണ്ട്. ഇക്കുറി കൂടുതൽ യുവജനങ്ങൾ വോട്ട് ചെയ്യാൻ ഉള്ളതിനാൽ ട്രംപിന്റെ വിജയസാധ്യതയ്ക്ക് മങ്ങലേൽപ്പിച്ചു കൊണ്ട് ബൈഡൻ മുന്നോട്ടു കുതിക്കുന്നുണ്ട്. 2016ലെ വോട്ടിംഗ് നിലയെക്കാൾ വളരെ കൂടുതലാണ് ഇക്കുറി. അതിനാൽ മത്സരവും കടുക്കുന്നു. ബൈഡൻ ന്യൂയോർക്കിൽ പിടിമുറുക്കുമ്പോൾ, ട്രംപ് ആർകാൻസാസിൽ മുന്നിട്ടുനിൽക്കുന്നു. ബൈഡൻ 89 സീറ്റുകൾ ഉറപ്പിച്ചപ്പോൾ, ട്രംപിന് നിലവിൽ 72 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാൻ 270 ഇലക്ടറൽ കോളേജ് വോട്ടുകൾ വേണം.

1992ൽ ജോർജ്ജ് ബുഷ് നുശേഷം എല്ലാ അമേരിക്കൻ പ്രസിഡന്റ്മാരും ഭരണത്തുടർച്ച നേടിയവരായിരുന്നു. ട്രംപ് ഇക്കുറി അത് നിലനിർത്തുമോ എന്ന് കണ്ടറിയണം. തപാൽ വോട്ടുകളിൽ അധികവും ബൈഡനെയാണ് തുണയ്ക്കുന്നത്. ഡെല്ലവെയറിൽ യുഎസ് ചരിത്രത്തിൽ തന്നെ ആദ്യത്തെ ട്രാൻസ് ജെൻഡർ സ്റ്റേറ്റ് സെനട്ടറെ തെരഞ്ഞെടുത്തിരിക്കുകയാണ്. എൽ ജി ബി ടി കമ്യൂണിറ്റിയുടെ അവകാശങ്ങൾക്കായി നിരന്തരം സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്ത സാറയുടെ വിജയം മാറ്റത്തിന്റെ സൂചികയാണ്. സ്ത്രീകളും ആഫ്രിക്കൻ അമേരിക്കൻ വംശജരും, മറ്റ് മിശ്ര വംശജരും ബൈഡനെയാവും തുണയ്ക്കുക.