ഗാന്ധിനഗര്‍: ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയായി വിജയ്‌രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റുു. പകല്‍ പതിനൊന്നരയോടെ ഗാന്ധിനഗറിലെ പ്രത്യേക വേദിയിലായിരുന്നു ചടങ്ങ് നടന്നത്. ഇത് രണ്ടാം തവണയാണ് രൂപാണി മുഖ്യമന്ത്രിയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ക്ക് പുറമേ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, നിതീഷ്‌കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ അനേകം ബിജെപി നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.

പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ക്ക് പുറമേ ബിജെപി ഭരിക്കുന്ന 18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. 182 അംഗ നിയമസഭയില്‍ 99 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. 77 സീറ്റുകള്‍ നേടി ശക്തമായ തിരിച്ചുവരവ് കാട്ടിയ കോണ്‍ഗ്രസ് പ്രതിപക്ഷ സ്ഥാനത്താണ്.

1985 ന് ശേഷം ഈ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേടുന്ന വലിയ വിജയമാണ് ഇത്. 2012 ല്‍ 115 സീറ്റുകള്‍ നേടിയായിരുന്നു ബിജെപി അധികാരത്തില്‍ എത്തിയത്. അന്ന് കോണ്‍ഗ്രസിന് 61 സീറ്റുകളായിരുന്നു കിട്ടിയിരുന്നത്. എന്നാല്‍ ഇത്തവണ അത് 77 ആയി ഉയര്‍ന്നതോടെ മറ്റു മൂന്ന് പേരെ കൂടെ കൂട്ടി പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് 80 സീറ്റുകളുണ്ട്. 1995 ന് ശേഷം ബിജെപിക്ക് ഇത്രയും സീറ്റുകള്‍ കുറയുന്നത് ഇതാദ്യമാണ്.

തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ആറ് മന്ത്രിമാരും സ്പീക്കര്‍ രമണ്‍ലാല്‍ വോറയെയും നഷ്ടമായതിനാല്‍ ഏറെ പുതുമുഖങ്ങളും ഇത്തവണ ഉണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് നേരിയ വ്യത്യാസം മാത്രമാണ് ഇത്തവണയെന്നതിനാല്‍ രൂപാണിയെ മാറ്റണമെന്ന ആവശ്യം ആദ്യം ഉയര്‍ന്നിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പുരുഷോത്തം റൂപാല, മന്‍സുഖ് മണ്ഡ്യാവ്യ, കര്‍ണാടക ഗവര്‍ണര്‍ വജു ഭായ് വാല എന്നിവരുടെ പേരുകളൊക്കെ പരിഗണിച്ച ശേഷമാണ് ഒടുവില്‍ രൂപാണി തന്നെ മതിയെന്ന അഭിപ്രായത്തിലേക്ക് എല്ലാവരും എത്തിയത്.