തൃശൂര്‍: ദളിത് യുവാവായ വിനായകന്റെ ആത്മഹത്യക്ക് കാരണം പിതാവിന്റെ മര്‍ദ്ദനമായിരിക്കുമെന്ന് പോലീസ്. പാവറട്ടി പോലീസ് സ്‌റ്റേഷനില്‍ വിനായകന് മര്‍ദ്ദനമേറ്റിട്ടില്ലെന്നും സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനാണ് പോലീസുകാര്‍ ഈ മൊഴി നല്‍കിയത്. സംഭവസമയത്ത് താന്‍ സ്റ്റേഷനില്‍ ഇല്ലായിരുന്നുവെന്നാണ് എസ്ഐ നല്‍കിയ വിശദീകരണം. എസ്ഐ ഉള്‍പ്പെടെയുളള അഞ്ചുപൊലീസുകാരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.

പോലീസ് മര്‍ദ്ദനത്തേത്തുടര്‍ന്നായിരുന്ന വിനായകന്‍ ആത്മഹത്യ ചെയ്തത്. കൊടിയ മര്‍ദ്ദനമാണ് വിനായകന് ഏല്‍ക്കേണ്ടി വന്നതെന്ന് സുഹൃത്ത് ശരത്തും സിപിഐഎം ഏരിയ സെക്രട്ടറി സുല്‍ത്താനും പറഞ്ഞിരുന്നു. മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം. വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് ആരോപിച്ചിരുന്നു. മുടി നീട്ടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നയാളാണെന്നതിന് തെളിവായി പോലീസ് പറഞ്ഞത്.

ജൂലൈ 17നാണ് തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ വിനായകനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂലൈ 18ന് വിനായകന്‍ വീട്ടില്‍ ആത്മഹത്യ ചെയ്തു. ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചെന്നാണ് ഒപ്പമുണ്ടായിരുന്ന ശരത് പറഞ്ഞത്. മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചെന്നും ശരത്ത് പറഞ്ഞു. ഇത് ശരി വെയ്ക്കുന്നതായിരുന്നു വിനായകന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ദേഹത്താകമാനം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.