വാൽസിംഗ്ഹാം: ഇംഗ്ലണ്ടിലെ പുണ്യപുരാതന മരിയൻ തീർത്ഥാടനകേന്ദ്രമായ വാൽസിംഗ്ഹാമിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള മരിയൻ തീർത്ഥാടനം ജൂലൈ 17 ശനിയാഴ്ച നടക്കും. ഹെവർഹിൽ സീറോ മലബാർ കമ്മ്യൂണിറ്റിയാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് വാൽസിംഗ്ഹാം മരിയൻ തീർത്ഥാടനത്തിന് നേതൃത്വം നൽകുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗവണ്മെന്റിന്റെ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ വർഷവും തീർത്ഥാടനം നടത്തുക. പരമാവധി 300 പേർക്കാണ് ഇത്തവണത്തെ വാൽസിംഗ്ഹാം തീർത്ഥാടനത്തിൽ പ്രവേശനം ലഭിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമേ തിരുനാളിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ.