ബേസില്‍ ജോസഫ്

ഉത്ഥിതനായ യേശുക്രിസ്തുവിനെ എട്ടാം ദിവസം മറ്റു ശിഷ്യര്‍ക്കൊപ്പം മാര്‍തോമാശ്ലീഹ കണ്ടപ്പോള്‍ ‘എന്റെ കര്‍ത്താവെ, എന്റെ ദൈവമെ’ എന്നു നടത്തിയ വിശ്വാസ പ്രഖ്യാപനത്തിന്റെ ഓര്‍മ്മ പുതുക്കലാണ് പുതുഞായര്‍. തോമ്മാശ്‌ളീഹ വിശ്വാസം ഏറ്റുപറഞ്ഞു കര്‍ത്തൃസന്നിധിയില്‍ സ്വയം പരിപൂര്‍ണ്ണ സമര്‍പ്പണം ചെയ്ത ദിവസം എന്ന് സഭ കരുതുന്ന ദിനം. ഏതൊരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസം ഊട്ടി ഉറപ്പിച്ച ദിനമായ പുതുഞായര്‍ ആഘോഷമാക്കാന്‍ കോഴിക്കറിയും പിടിയും ആണ് ഇന്ന് വീക്കെന്‍ഡ് കുക്കിംഗ് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്

പിടിയും കോഴിക്കറിയും

പിടി ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകള്‍

അരിെപ്പാടി-ഒരു കിലോ
തേങ്ങ ചിരകിയത്- ഒരു കപ്പ്
ജീരകം- ഒരു സ്പൂണ്‍ (ചെറിയ ജീരകം)
വെളുത്തുള്ളി- പത്തെണ്ണം
ഉപ്പ്-പാകത്തിന്

പിടി തയ്യാറാക്കുന്ന വിധം

അരിപ്പൊടിയും തേങ്ങ ചിരകിയതും കൂടി നന്നായി തിരുമ്മി ഒരു ഒരു മണിക്കൂര്‍ നേരം വെക്കുക. ചുവട് കട്ടിയുള്ള ഒരു പാന്‍ ചൂടാക്കി അതില്‍ ഈ തേങ്ങ ചിരകിയത് തിരുമ്മി വെച്ചിരിക്കുന്ന അരിപ്പൊടി ഇട്ടു പതുക്കെ നിറം മാറുന്നത് വരെ വറുക്കുക. ജീരകവും വെളുത്തുള്ളിയും കൂടെ ഒരു മിക്‌സിയില്‍യില്‍ അടിച്ചെടുക്കുക. (അല്ലെങ്കില്‍ നന്നായി ചതച്ചെടുക്കുക) ഈ അരച്ച ജീരകവും വെളുത്തുള്ളിയും അരിപ്പൊടിയില്‍ ഇളക്കി ചേര്‍ക്കണം. കുറച്ചു വെള്ളം ഉപ്പ് ചേര്‍ത്തു തിളപ്പിച്ച ശേഷം ഈ വെള്ളം ഉപയോഗിച്ച് ഈ അരിപൊടി മിശ്രിതം നന്നായി കുഴക്കണം. ഏതാണ്ട് ചപ്പാത്തിക്ക് കുഴക്കുന്നത് മാതിരി. അതിനു ശേഷം ചെറിയ ഉരുളകളാക്കുക. ഒരു വലിയ പാത്രം ചൂടാക്കി അതിലേക്കു ഈ ഉരുളകള്‍ നികക്കാന്‍ പാകത്തിന് അളവില്‍ വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിച്ച ശേഷം, പാകത്തിന് ഉപ്പു ചേര്‍ത്ത് അതിലേക്കു ഉരുട്ടി വെച്ച ഉരുളകള്‍ കൂടി ഇട്ടു ചെറുതായി ഇളക്കുക. നന്നായി കുറുകി വരുമ്പോള്‍ വാങ്ങാം.

ചിക്കന്‍ കറി

ചേരുവകള്‍

ചിക്കന്‍- 1 കിലോ
ഇഞ്ചി : ഒരു കഷണം
വെളുത്തുള്ളി : 8 അല്ലി
പച്ചമുളക് : 4 എണ്ണം
സവാള : 3 എണ്ണം
കറിവേപ്പില : കുറച്ച്
മുളക്‌പൊടി(കാശ്മീരി) : 1 ടീസ്പൂണ്‍
മല്ലിപൊടി : 2 ടീസ്പൂണ്‍
മസാലപ്പൊടി : 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി : 1 ചെറിയ സ്പൂണ്‍
തേങ്ങാപ്പാല്‍ : ഒരു മുറി തേങ്ങ
ഉപ്പ് : ആവശ്യത്തിന്
എണ്ണ : ആവശ്യത്തിന്
കറിവേപ്പില : 1 തണ്ട്

പാചകം ചെയ്യുന്ന വിധം

ചിക്കന്‍ മുറിച്ചു കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക. മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി മുക്കാല്‍ മണിക്കൂര്‍ വെക്കുക. പാന്‍ വെച്ച് എണ്ണ ഒഴിച്ച് സവാള കനം കുറച്ച് അരിഞ്ഞത് വഴറ്റുക. നന്നായി വഴന്നു വരുമ്പോള്‍ കുറച്ചു കറിവേപ്പിലയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. അതിലേക്കു ഇഞ്ചിയും വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് വഴറ്റുക. അതു വഴന്നു കഴിയുമ്പോള്‍ കുറച്ചു മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞള്‍പൊടിയും മസാലപ്പൊടി കുറച്ച് ഉപ്പും ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. വഴന്നുകഴിയുമ്പോള്‍ ചിക്കന്‍ ചേര്‍ത്ത് വേവിക്കുക. നന്നായി വെന്തു കഴിഞ്ഞു തേങ്ങാപ്പാല്‍ ചേര്‍ത്ത് വേവിക്കുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക