സ്വന്തം ലേഖകൻ

ലണ്ടൻ : 2020 മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ യുകെയിലെ കമ്പനികളിൽ ശമ്പളപ്പട്ടികയിലെ തൊഴിലാളികളുടെ എണ്ണം 649,000 ആയി കുറഞ്ഞു. മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്കിൽ മാറ്റമില്ലെങ്കിലും ഒരു വർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ 47,000ത്തിൽ അധികം ചെറുപ്പക്കാർ ഇപ്പോൾ തൊഴിൽരഹിതരാണ്. ഫർലോഫ് പദ്ധതി ഉൾപ്പടെയുള്ള സഹായം ഉണ്ടായിരുന്നതിനാൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്നിട്ടില്ല. എന്നാൽ ഒക്ടോബറിൽ പദ്ധതി അവസാനിക്കുകയാണ്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതുമുതൽ കഴിഞ്ഞ മെയ്‌ വരെ തൊഴിലില്ലായ്മ നിരക്ക് 3.9 % ആയി തന്നെ തുടരുകയാണ്. പകർച്ചവ്യാധി വ്യാപിച്ചതുമുതൽ യുകെയിൽ ജോലി ചെയ്യുന്ന മണിക്കൂറുകളിൽ 16.7 ശതമാനത്തിന്റെ കുറവുണ്ടായി. ഇത് 877.1 ദശലക്ഷം മണിക്കൂറായി കുറഞ്ഞുവെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻ‌എസ്) പറഞ്ഞു. 1971 ൽ എസ്റ്റിമേറ്റ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക കുറവാണിത്.

ശമ്പളപ്പട്ടികയിലുള്ള ബ്രിട്ടീഷുകാരുടെ എണ്ണം മാർച്ചിനെ അപേക്ഷിച്ച് ജൂണിൽ 2.2% കുറഞ്ഞു. കോവിഡ് പ്രതിസന്ധി കൂടുതലായും ചെറുപ്പക്കാരെയാണ് ബാധിച്ചത്. “16 നും 24 നും ഇടയിൽ പ്രായമുള്ള തൊഴിലില്ലാത്തവരുടെ എണ്ണം ഈ വർഷം 47,000 വർദ്ധിച്ചു.” ഒഎൻ‌എസ് വ്യക്തമാക്കി. തൊഴിൽ ആനുകൂല്യങ്ങൾ ആവശ്യപ്പെടുന്നവരിൽ 18നും 24നും ഇടയിലുള്ള അനേകരുണ്ട്. ലിവർപൂളിലെ വാൾട്ടൺ, സൗത്ത് ബ്ലാക്ക്പൂൾ എന്നിവയുൾപ്പെടെയുള്ളിടത്ത് 20 % യുവാക്കൾ യൂണിവേഴ്സൽ ക്രെഡിറ്റിലോ ജോബ്സീക്കർ അലവൻസിലോ നിലനിക്കുന്നുണ്ടെന്ന് ബിബിസി കണ്ടെത്തി. റെസല്യൂഷൻ ഫൗണ്ടേഷന്റെ കണക്കനുസരിച്ച്, 18 നും 24 നും ഇടയിൽ പ്രായമുള്ള ജോലിക്കാരിൽ മൂന്നിലൊന്ന് ആളുകൾക്ക് ജോലി നഷ്‌ടപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ജോലി ഒഴിവുകളിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ തൊഴിൽ അന്വേഷകരെ ഈ കുറവ് വല്ലാതെ അലട്ടുന്നുണ്ട്.

ബ്രിട്ടീഷ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സിന്റെ ഒരു സർവേയിൽ 29% ബിസിനസ്സുകളും അടുത്ത മൂന്ന് മാസത്തിനുള്ളിൽ ജോലി വെട്ടികുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും മോശം അവസ്ഥയിൽ തൊഴിലില്ലായ്മ നാല് ദശലക്ഷമായി ഉയരുമെന്ന് ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി മുന്നറിയിപ്പ് നൽകി. ജോലി നഷ്ടപ്പെട്ടവരോട് തനിക്കതിയായ സഹതാപമുണ്ടെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ പറഞ്ഞു. “ഘട്ടം ഘട്ടമായും ജാഗ്രതയോടെയും സമ്പദ്‌വ്യവസ്ഥ മുന്നോട്ട് നീക്കി ബിസിനസുകൾ വീണ്ടും പ്രവർത്തിപ്പിക്കുക എന്നതാണ് ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം.” അദ്ദേഹം വ്യക്തമാക്കി.