ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ പല സ്ഥലങ്ങളിലും കോവിഡ്-19 രോഗികളുടെ എണ്ണം രാജ്യത്തെ ശരാശരി രോഗവ്യാപനത്തേക്കാൾ ഇരട്ടിയിലധികമാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ജൂലൈ 19 -ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന സാഹചര്യത്തിൽ പുറത്തുവന്ന കണക്കുകൾ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് അപകടകരമായ സാഹചര്യമാണെന്നും നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ഈ സാഹചര്യത്തിൽ വളരെ നേരത്തെ ആണെന്നും ലോകാരോഗ്യസംഘടന യുകെയ്ക്ക് മുന്നറിയിപ്പ് നൽകി. നോർത്ത് ഈസ്റ്റും യോർക്ക് ഷെയറുമാണ് പുതിയ ഹോട്ട്സ്പോട്ട് പട്ടികയിൽ രോഗവ്യാപനത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത്.

ഇതിനിടെ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്നതിനെ നിരുത്തരവാദപരമെന്നാണ് സീനിയർ ഡോക്ടേഴ്സ് വിശേഷിപ്പിച്ചത് . പ്രതിദിനം 1000 മുതൽ 2000 പേർ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കുന്ന സാഹചര്യം ഉണ്ടാകാനുള്ള സാധ്യതയാണ് ഉള്ളത് . അതോടൊപ്പം ആൾക്കൂട്ട ആഘോഷമായി യൂറോ 2020 നടത്തിയതിനെതിരെ കടുത്ത വിമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. ഇറ്റലിക്കെതിരായ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ലോകാരോഗ്യ സംഘടനയുടെ കോവിഡ് -19 ടെക്നിക്കൽ ലീഡ് മരിയ വാൻ കെർഖോവിന്റെ ട്വീറ്റ് ഇതിന് തെളിവാണ് . “എന്റെ കണ്ണുകൾക്ക് മുന്നിൽ സംഭവിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ടോ?” എന്ന അവരുടെ ട്വീറ്റിന് വൻ പ്രചാരം ആണ് ലഭിച്ചത്. ഇംഗ്ലണ്ടും ഇറ്റലിയും തമ്മിലുള്ള ഫൈനൽ ഉൾപ്പെടെ ജൂലൈയിലെ മൂന്ന് മത്സരങ്ങളിൽ വെംബ്ലിയിലെ 90,000 ശേഷിയുള്ള സ്റ്റേഡിയത്തിന്റെ 75% കാണികളെ പ്രവേശിപ്പിക്കാൻ   യുഫയുമായി യുകെ കരാർ ഒപ്പിട്ടിരുന്നു .