ബ്രിസ്‌റ്റോള്‍: സിഗരറ്റ് കുറ്റി വെയിസ്റ്റ് ബിന്നില്‍ ഇടാതെ അലക്ഷ്യമായി വലിച്ചെറിഞ്ഞ സ്ത്രീയില്‍ നിന്ന് 75 പൗണ്ട് പിഴയീടാക്കി പോലീസ്. ലിറ്റര്‍ പോലീസ് എന്ന പേരില്‍ അറിയപ്പെടുന്ന ഓഫീസര്‍മാരാണ് മാലിന്യങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവരെ നിരീക്ഷിക്കുന്നത്. ബോഡി ക്യാമറകളുമായാണ് ഇവര്‍ വരുന്നത്. ബ്രിസ്‌റ്റോളില്‍ പിടിയിലായ സ്ത്രീക്കാണ് ഇവര്‍ 75 പൗണ്ട് പിഴ നല്‍കിയത്. പിഴ നല്‍കാന്‍ തയ്യാറാകാതിരുന്ന സ്ത്രീ അടുത്തുണ്ടായിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെ സമീപിക്കുകയും പിഴ നല്‍കിയ ഉദ്യോഗസ്ഥന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനാണ് അവരെ പിടികൂടിയതെന്ന കാര്യം വിശദമാക്കുകയായിരുന്നു പോലീസുകാരന്‍ ചെയ്തത്.

മാലിന്യങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവരെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. എന്നാല്‍ സ്ത്രീയുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ നാടകം കളിക്കുകയായിരുന്നുവെന്നാണ് അവരുടെ പങ്കാളിയായ നീല്‍ പറയുന്നത്. തന്റെ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന കാര്യം അറിയിക്കാതെയാണ് ഉദ്യോഗസ്ഥന്‍ സംസാരിച്ചത്. വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും നീല്‍ വ്യക്തമാക്കി. സമാനമായ അനുഭവങ്ങള്‍ നിരവധി പേര്‍ പങ്കുവെക്കുന്നുണ്ട്. അധികാര ദുര്‍വിനിയോഗമാണെന്ന വിധത്തില്‍ പരാതികളും നിരവധിപേര്‍ ഉന്നയിച്ചു കഴിഞ്ഞു. എന്നാല്‍ ബ്രിസ്റ്റോളില്‍ പരിസരബോധമില്ലാതെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ ലിറ്റര്‍ പോലീസിലൂടെ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നതാണ് വാസ്തവം.

പിഴ നല്‍കാത്തവര്‍ കോടതിയില്‍ പോകേണ്ടി വരും. നീലും പങ്കാളിയും കോടതിയില്‍ പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. 630 പേര്‍ക്ക് ഈ വിധത്തില്‍ പിഴശിക്ഷ നല്‍കിക്കഴിഞ്ഞതായി പോലീസ് അറിയിക്കുന്നു. 31,850 പൗണ്ട് ഈയിനത്തില്‍ ഈടാക്കിക്കഴിഞ്ഞു. ഇപ്പോള്‍ സിറ്റി സെന്ററില്‍ മാത്രം പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്ന ലിറ്റര്‍ പോലീസ് വരുന്നയാഴ്ചകളില്‍ ബ്രിസ്‌റ്റോളിന്റെ മറ്റു പ്രദേശങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയുന്നത് മാത്രമല്ല, മറ്റ് മാലിന്യങ്ങള്‍ വലിച്ചെറിയുക, റോഡില്‍ തുപ്പുക, ഗ്രാഫിറ്റികള്‍ വരയ്ക്കുക, പോസ്റ്ററുകള്‍ പതിക്കുക, നായകളെ നിയന്ത്രിക്കാതിരിക്കുക, അവയെ പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കും ലിറ്റര്‍ പോലീസ് നടപടിയെടുക്കും.