തമിഴ്‌നാട്ടില്‍ ജല്ലിക്കട്ടിന് മുന്നോടിയായി നടത്തുന്ന പരിശീലന പരിപാടിക്കിടയില്‍ കാളകള്‍ വിരണ്ടോടി. അമ്പത് പേര്‍ക്ക് പരിക്കേറ്റു. തിരുവണ്ണാമല കൊന്തമംഗലത്താണ് സംഭവം. കാളകളെ മെരുക്കാനായി നടത്തുന്ന പരിശീലനമായിരുന്നു ഇത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപേട്ട്, കൃഷ്ണഗിരി എന്നീ ജില്ലകളില്‍ നിന്ന് 500ലേറെ കാളകളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മാര്‍ഗഴി മാസത്തിലെ അമാവാസിയുമായി ബന്ധപ്പെട്ടാണ് ഊര്‍ തിരുവിഴ എന്നറിയപ്പെടുന്ന ചടങ്ങ് നടത്തിയത്.ഇത് കാണാനായി ആയിരത്തിലേറെ ആളുകള്‍ എത്തിയിരുന്നു. തിരുവണ്ണാമലൈ, ആറണി, കണ്ടമംഗലത്തായിരുന്നു പരിപാടി. അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചത് എന്ന് തിരുവണ്ണാമലൈ പൊലീസ് പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ പൊതു ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അനുമതിയോ വേണ്ടത്ര സുരക്ഷാ തയ്യാറെടുപ്പുകളോ ഇല്ലാതെ പരിപാടി നടത്തിയത്. പൊലീസ് ഇടപെട്ട് പരിപാടി നിര്‍ത്തിവെയ്ക്കുകയും അഞ്ച് സംഘാടകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. വിരണ്ടോടിയ കാള ഒരു ബെക്കില്‍ ചെന്ന് ഇടിക്കുന്നതും ബൈക്കിന്റെ പിന്നിലിരുന്ന യാത്രിക തെറിച്ച് വീഴുന്നതും വീഡിയോയില്‍ കാണാം.

ഈ മാസം 15ന് തമിഴ്‌നാട്ടില്‍ മാട്ടുപ്പൊങ്കലാണ്. ഇതിനെ തുടര്‍ന്ന നിരവധി ജല്ലിക്കെട്ടുകളാണ് നടക്കാന്‍ ഇരിക്കുന്നത്. എന്നാല്‍ ഈ പരിപാടികള്‍ക്ക് അനുമതി നല്‍കുന്ന് കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനം അറിയിച്ചിട്ടില്ല.