അശ്ലീല വിഡിയോയിലൂടെ സ്ത്രീസമൂഹത്തെയാകെ അപമാനിച്ച വിജയ് പി.നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന അശ്ലീല വീഡിയോ പ്രസിദ്ധീകരിച്ച വിജയ് പി.നായര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അദ്ദേഹത്തെ പിടികൂടിയത്. വിജയ്‌യുടെ ‌ഡോക്ടറേറ്റ് വ്യാജമെന്ന ആക്ഷേപത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചു.

കേസിന് കാരണമായ യൂട്യൂബിലെ വിഡിയോ പരിശോധിച്ച് ഹൈടെക് സെല്‍ ചുമതലയുള്ള ഡിവൈഎസ്പി ഇ.എസ്. ബിജുമോനാണ് ഐ.ടി ആക്ട് ചുമത്താമെന്ന ശുപാർശ മ്യൂസിയം പൊലീസിന് നൽകിയത്. ലൈംഗിക അധിക്ഷേപമുള്ള ഉള്ളടക്കം പ്രസിദ്ധീകരിച്ചതിനുള്ള 67, 67 (A) വകുപ്പുകളാണ് ചുമത്തിയത്. അഞ്ച് വർഷം തടവും പത്ത് ലക്ഷം പിഴയും ശിക്ഷ ലഭിക്കുന്നതിനൊപ്പം ജാമ്യം കിട്ടാനും വഴിയില്ല. ആദ്യം നിസാരവകുപ്പ് ചുമത്തിയ പൊലീസ്, പഴി കേട്ടതോടെയാണ് കേസ് പരിഷ്കരിക്കുന്നത്. ഇതിനൊപ്പം ക്ളിനിക്കൽ സൈക്കോളജിയിൽ ഡോക്ടറേറ്റ് ഉണ്ടെന്ന പ്രതിയുടെ അവകാശവാദവും കുരുക്കായേക്കും.

എന്നാൽ ഇങ്ങിനെ ഒരു യൂണിവേഴ്സിറ്റിയില്ലെന്നും പണം കൊടുത്ത് ഡോക്ടറേറ്റ് വാങ്ങിയതാവാമെന്നുമാണ് ആക്ഷേപം. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ് നൽകിയ തെളിവുകൾ തമ്പാനൂര്‍ പൊലീസ് പരിശോധിച്ചു തുടങ്ങി.