സാലിസ്‌ബെറി നെര്‍വ് ഏജന്റ് ആക്രമണം; പതിനാല് ദിവസം കഴിഞ്ഞിട്ടും ആക്രമണം നടത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായില്ല; വിഷപദാര്‍ത്ഥം സ്‌ക്രിപാലിന്റെ മകള്‍ റഷ്യയില്‍ നിന്ന് കൊണ്ടുവന്നതാകാമെന്ന് പോലീസിന്റെ പുതിയ സിദ്ധാന്തം

സാലിസ്‌ബെറി നെര്‍വ് ഏജന്റ് ആക്രമണം; പതിനാല് ദിവസം കഴിഞ്ഞിട്ടും ആക്രമണം നടത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായില്ല; വിഷപദാര്‍ത്ഥം സ്‌ക്രിപാലിന്റെ മകള്‍ റഷ്യയില്‍ നിന്ന് കൊണ്ടുവന്നതാകാമെന്ന് പോലീസിന്റെ പുതിയ സിദ്ധാന്തം
March 18 06:30 2018 Print This Article

റഷ്യന്‍ ഡബിള്‍ ഏജന്റായ സെര്‍ജി സ്‌ക്രിപാലും മകളും ബ്രിട്ടനിലെ സാലിസ്‌ബെറിയില്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായിട്ട് പതിനാല് ദിവസം പിന്നിടുകയാണ്. ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ ആക്രമിക്കപ്പെട്ടത് എങ്ങനെയെന്നതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌ക്രിപാലും മകളും ഇപ്പോഴും ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുകയാണ്. സംഭവത്തില്‍ ബ്രിട്ടന്‍ ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ആക്രമണം ആസൂത്രണം ചെയ്ത രീതിയെക്കുറിച്ചോ നെര്‍വ് ഏജന്റ് എങ്ങനെ സ്‌ക്രിപാലിന്റെ ശരീരത്തിലെത്തിയന്നതിനെക്കുറിച്ചോ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതീവ അപകടകാരിയായ നോവിചോക് നെര്‍വ് ഏജന്റ് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയതാകാമെന്ന തിയറികള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. മകള്‍ യൂലിയയുടെ കൈവശമുണ്ടായിരുന്ന പൂക്കളിലോ അല്ലെങ്കില്‍ സ്‌ക്രിപാലിന്റെ കാര്‍ ഡോറിലോ നെര്‍വ് ഏജന്റ് കലര്‍ന്നതാകാമെന്നും പോലീസ് സംശയിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും അന്വേഷണത്തില്‍ വ്യക്തത കൈവരാത്ത കാര്യങ്ങളാണ്.

ഇപ്പോള്‍ നടക്കുന്ന അന്വേഷണം യൂലിയ കൈവശം വെച്ചിരുന്ന സ്യൂട്ട്‌കെയിസിനെ ചുറ്റിപ്പറ്റിയാണ്. സ്യൂട്ട്‌കേസ് വഴിയാണ് നെര്‍വ് ഏജന്റ് ഇവരുടെ ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് പുതിയ സൂചനകള്‍. മാര്‍ച്ച് നാലിന് ശേഷം അബോധാവസ്ഥയിലായ ഇരുവരുടെ നില അതീവ ഗുരുതരമാണ്. സ്‌കോട്ട്‌ലന്റ് യാര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പക്ഷേ ചോര്‍ന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന് ചൂണ്ടി കാണിക്കുന്നു. വസ്ത്രത്തിലോ അല്ലെങ്കില്‍ കോസ്‌മെറ്റിക്‌സിലോ നോവിചോക് കലര്‍ത്തിയാണോ ആക്രമണം നടത്തിയിരിക്കുന്നതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പിതാവിനെ ലക്ഷ്യം വെച്ചുള്ള ആക്രമണം യൂലിയ വഴി നടപ്പിലാക്കാനുള്ള മനപൂര്‍വ്വമായ ശ്രമമാണ് നടന്നിരിക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.

മാര്‍ച്ച് നാലിന് മകളുമായി പുറത്തിറങ്ങിയ സ്‌ക്രിപാലിന്റെ മുഖത്തേക്ക് നോവിചോക് തളിച്ചതാകുമെന്നാണ് ആദ്യഘട്ടത്തില്‍ പോലീസ് കരുതിയിരുന്നത്. ഇവരെ സാലിസ്‌ബെറിയിലെ ഒരു പാര്‍ക്ക് ബെഞ്ചില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പാര്‍ക്കില്‍ വെച്ചു തന്നെയായിരിക്കും അവര്‍ക്ക് വിഷം നല്‍കിയിരിക്കുന്നതെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ലഭിച്ച സൂചനകളും വ്യക്തമാക്കിയത്. ഷോപ്പിംഗ് നടത്തിയ സ്ഥലത്ത് നിന്നാണ് വിഷം ഇവരുടെ ശരീരത്തില്‍ പ്രവേശിച്ചതെന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. നോവിചോക് സ്പ്രേ ചെയ്തതാകാമെന്ന തിയറി തെറ്റാണെന്ന് മാര്‍ച്ച് 8ഓടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായി. ഭക്ഷണത്തില്‍ രാസ പദാര്‍ഥം കലര്‍ത്തി നല്‍കിയതാകാനാണ് കൂടുതല്‍ സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച സൂചനകള്‍ വ്യക്തമാക്കുന്നു. സമീപത്തുണ്ടായിരുന്ന ഹോട്ടലുകളിലും ഇതു സംബന്ധിച്ച അന്വേഷണം നടത്തി. പക്ഷേ ഈ തിയറികളെല്ലാം തന്നെ മാറി മറിയുകയാണ്. ഇവയ്ക്കൊന്നും വ്യക്തമായ തെളിവ് പോലീസിന് ലഭിച്ചിട്ടില്ല.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles