വെയില്‍സ്: 1970കളില്‍ ബാല പീഡനം മറച്ചുവെച്ചതിന് കത്തോലിക്കാ ആര്‍ച്ച് ബിഷപ്പിന് ഒരുവര്‍ഷത്തെ തടവ്. അഡ്‌ലെയ്ഡിലെ ആര്‍ച്ച് ബിഷപ്പായ ഫിലിപ്പ് വില്‍സണാണ് ശിക്ഷിക്കപ്പെട്ടത്.

ന്യൂ സൗത്ത് വെയില്‍സിലെ പീഡോഫൈല്‍ പുരോഹിതന്റെ ബാലപീഡനങ്ങള്‍ മറച്ചുവെച്ചതിന് വില്‍സണ്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞമാസം കോടതി കണ്ടെത്തിയിരുന്നു. വില്‍സണെ വീട്ടുതടങ്കലില്‍ വെയ്ക്കാനാണ് ചൊവ്വാഴ്ച കോടതി ഉത്തരവിട്ടിരിക്കുന്നത്.

കുറ്റകൃത്യത്തില്‍ ഇയാള്‍ക്ക് തെല്ലും പശ്ചാത്താപമോ കുറ്റബോധമോ ഇല്ലെന്ന് മജിസ്‌ട്രേറ്റ് റോബേര്‍ട്ട് സ്‌റ്റോണ്‍ നിരീക്ഷിച്ചു. ആറുമാസത്തിനുശേഷം മാത്രമേ ഇദ്ദേഹത്തിന് പരോളിന് അര്‍ഹതയുണ്ടായിരിക്കൂവെന്നും കോടതി വ്യക്തമാക്കി.

കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും അദ്ദേഹം ആര്‍ച്ച്ബിഷപ്പ് സ്ഥാനം രാജിവെച്ചിട്ടില്ല.

അള്‍ത്താരയിലെ കുട്ടികളെ സഹപ്രവര്‍ത്തകനായ ജെയിംസ് പാട്രിക് ഫ്‌ളച്ചര്‍ പീഡിപ്പിക്കുന്ന കാര്യം അറിഞ്ഞിട്ടും അദ്ദേഹം റിപ്പോര്‍ട്ടു ചെയ്തില്ലെന്ന് മെയ്യില്‍ കോടതി കണ്ടെത്തിയിരുന്നു. സഭയുടെ പേരിന് കളങ്കമുണ്ടാക്കുമെന്ന് പറഞ്ഞ് കുട്ടികളുടെ പരാതിയെ അദ്ദേഹം അവഗണിക്കുകയാണുണ്ടായതെന്നും മജിസ്‌ട്രേറ്റ് നിരീക്ഷിച്ചു.

2004ലാണ് ഒമ്പതു കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ ഫ്‌ളച്ചറെ ശിക്ഷിക്കുന്നത്. രണ്ടുവര്‍ഷത്തിനുശേഷം ജയിലില്‍വെച്ച് അദ്ദേഹം മരണപ്പെടുകയും ചെയ്തിരുന്നു.

ഫ്‌ളച്ചറിന്റെ പ്രവൃത്തികളെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല എന്നാണ് വില്‍സണ്‍ വിചാരണയ്ക്കിടെ പറഞ്ഞത്. എന്നാല്‍ 1976ല്‍ തന്നെ പീഡനവുമായി ബന്ധപ്പെട്ട കാര്യം വിശദമായി വില്‍സണിനെ അറിയിച്ചിരുന്നുവെന്ന് ഇരകളില്‍ ഒരാളായിരുന്ന പീറ്റര്‍ ക്രിഗ് മൊഴി നല്‍കി. ആ സംഭാഷണം തനിക്ക് ഓര്‍മ്മയില്ലെന്നാണ് വില്‍സണ്‍ പറഞ്ഞത്.

മറ്റൊരു ഇര നല്‍കിയ മൊഴി പ്രകാരം വില്‍സണോട് പീഡനകാര്യം പറഞ്ഞപ്പോള്‍ താന്‍ കള്ളം പറയുകയാണെന്ന് പറഞ്ഞ് തള്ളുകയാണുണ്ടായതെന്നാണ്. ശിക്ഷയെന്ന നിലയില്‍ തന്നോട് പത്തുതവണ പ്രാര്‍ത്ഥന ചൊല്ലാന്‍ നിര്‍ദേശിക്കുകയും ചെയ്‌തെന്ന് അദ്ദേഹം മൊഴി നല്‍കി.