കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പുകള്‍ തൃപ്തികരമല്ല; കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍

കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പുകള്‍ തൃപ്തികരമല്ല; കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍
October 02 17:41 2018 Print This Article

ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ നടത്തിയ ക്രാന്തി യാത്ര യു.പി-ഡല്‍ഹി അതിര്‍ത്തിയായ ഗാസിയാബാദില്‍ വച്ച് പോലീസ് തടയുകയും ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവുമുണ്ടായി. ഇതേതുടര്‍ന്ന് കേന്ദ്ര കൃഷി സഹമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി. കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ മുഖ്യമന്ത്രിമാരുടെ സമിതിയെ നിയമിക്കുമെന്ന് കൃഷിസഹമന്ത്രി ഉറപ്പ് നല്‍കി.

എന്നാല്‍ മന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമില്ലെന്നും സമരം തുടരുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് യുധ്‌വീര്‍ സിംഗ് അറിയിച്ചു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ 11 വിഷയങ്ങളാണ് കര്‍ഷകര്‍ ഉന്നയിച്ചത്. ഇതില്‍ 7 ആവശ്യങ്ങള്‍ മന്ത്രി അംഗീകരിച്ചു. നാല് വിഷയങ്ങളില്‍ കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം നിലപാട് അറിയിക്കാമെന്ന് മന്ത്രി വ്യക്തമാക്കി.

പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ട്രാക്ടറുകള്‍ നിരോധിച്ച ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് മറികടക്കാന്‍ കോടതിയില്‍ പോകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കുറഞ്ഞ വേതന നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തും. കൃഷി മേഖലയെ ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആലോചനയിലാണെന്നും കൃഷി മന്ത്രി അറിയിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ആറ് മുഖ്യമന്ത്രിമാരുടെ സമിതിയെയാണ് കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.

അതേസമയം മന്ത്രിയുടെ ഉറപ്പുകളില്‍ തങ്ങള്‍ അതൃപത്‌രാണെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. പോലീസ് മാര്‍ച്ച് തടഞ്ഞ ഡല്‍ഹി അതിര്‍ത്തിയില്‍ തന്നെ തുടരുമെന്നും കിസാന്‍ യൂണിയന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ചര്‍ച്ച ചെയ്ത് തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കുമെന്ന് ബാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ നരേഷ് തികെയ്ത് പറഞ്ഞു. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍കഷര്‍ ആരംഭിച്ച മാര്‍ച്ച് യു.പി-ഡല്‍ഹി അതിര്‍ത്തിയില്‍ പോലീസ് തടയുകയായിരുന്നു.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles