ഹോളിഡേയ്ക്ക് പോയ ഉപഭോക്താക്കള്‍ ചികിത്സ കിട്ടാതെ മരിച്ചു; എമര്‍ജന്‍സി ഫ്‌ളൈറ്റുകള്‍ നിഷേധിക്കപ്പെട്ടു; ബൂട്ട്‌സ് ട്രാവല്‍ ഇന്‍ഷുറന്‍സിന്റെ മാതൃ കമ്പനിക്കെതിരെ അന്വേഷണം

ഹോളിഡേയ്ക്ക് പോയ ഉപഭോക്താക്കള്‍ ചികിത്സ കിട്ടാതെ മരിച്ചു; എമര്‍ജന്‍സി ഫ്‌ളൈറ്റുകള്‍ നിഷേധിക്കപ്പെട്ടു; ബൂട്ട്‌സ് ട്രാവല്‍ ഇന്‍ഷുറന്‍സിന്റെ മാതൃ കമ്പനിക്കെതിരെ അന്വേഷണം
November 21 04:59 2018 Print This Article

ഹോളിഡേ ആഘോഷത്തിനിടെ ഗുരുതരാവസ്ഥയിലായ ഉപഭോക്താക്കള്‍ക്ക് അടിയന്തര ചികിത്സാ സൗകര്യം ലഭ്യമാകാത്തതിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ അന്വേഷണം. ബൂട്ട്‌സ് ട്രാവല്‍ ഇന്‍ഷുറന്‍സ് എന്ന കമ്പനിയുടെ മാതൃ കമ്പനിയായ ട്രാവല്‍ ഇന്‍ഷുറന്‍സ് ഫെസിലിറ്റീസിനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം നാട്ടിലേക്ക് മടങ്ങാന്‍ എമര്‍ജന്‍സി ഫ്‌ളൈറ്റുകള്‍ ഏര്‍പ്പാടാക്കാന്‍ കമ്പനിക്ക് സാധിച്ചില്ലെന്നും ഇതു മൂലം ചികിത്സ ലഭിക്കാതെ ഉപഭോക്താക്കള്‍ മരിച്ചെന്നും കമ്പനിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. കമ്പനിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ മെഡിക്കല്‍ നെഗ്ലിജെന്‍സിനും ഫ്രോഡിനുമാണ് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

പോളിസി ഉടമകള്‍ക്ക് ശരിയായ സുരക്ഷ നല്‍കിയില്ലെന്നാണ് കമ്പനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഹോളിഡേയില്‍ ചികിത്സ തേടിയവരില്‍ നിന്ന് അതിന് ചെലവായ പണം ഈടാക്കിയെന്ന ആരോപണവും കമ്പനിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ ട്രാവല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് ട്രാവല്‍ ഇന്‍ഷുറന്‍സ് ഫെസിലിറ്റീസ്. ഹോളിഡേ സെയിഫ് ആന്‍ഡ് ആല്‍ഫ എന്ന കമ്പനിയും ട്രാവല്‍ ഇന്‍ഷുറന്‍സ് ഫെസിലിറ്റീസിന്റെ അനുബന്ധ കമ്പനിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെതിരെ ഫിനാന്‍ഷ്യല്‍ കോണ്‍ഡക്ട് അതോറിറ്റിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പോളിസിയുടമകളെ തെറ്റിദ്ധരിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം.

ജീവന്‍ രക്ഷപ്പെടണമെങ്കില്‍ ചികിത്സയോ ശസ്ത്രക്രിയ പോലുമോ ആവശ്യമായി വരുന്നവര്‍ വിളിച്ചാല്‍ ഡോക്ടര്‍മാര്‍ ഫോണ്‍ എടുക്കാറില്ലെന്നും ചിലര്‍ പറയുന്നു. ടിഐഎഫ് സേവനം കൃത്യ സമയത്ത് ലഭിക്കാത്തതു മൂലം മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടായ തന്റെ പിതാവ് ചികിത്സ ലഭിക്കാതെ മരിച്ചുവെന്ന് നിക്കോളാസ് കിംഗ്‌സ്ബറി എന്നയാള്‍ പറയുന്നു. നാട്ടിലേക്ക് അടിയന്തരമായി പോകണമെന്ന ആവശ്യം പോലും കമ്പനി നിരസിച്ചു. ബൂട്ട്‌സിന്റെ ഇന്‍ഷുറന്‍സ് കവര്‍ ഉണ്ടായിട്ടും ഒരു ഡീഫൈബ്രിലേറ്റര്‍ പോലുമില്ലാത്ത ആശുപത്രിയിലാണ് തന്റെ പിതാവ് മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിക്കെതിരെ അഞ്ചു കേസുകളാണ് എടുത്തിട്ടുള്ളതെന്നാണ് സൂചന. രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles