Latest News

സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ(65) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം. യോദ്ധ,വ്യൂഹം,ഗാന്ധർവം,നിർണയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു.

1997ൽ സണ്ണി ഡിയോൾ നായകനായ ‘സോർ’ എന്ന സിനിമയിലൂടെ ബോളിവുഡിൽ തുടക്കം. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂൾ ഹേ തും, അപ്ന സപ്ന മണി മണി, ഏക്–ദ് പവർ ഓഫ് വൺ, ക്ലിക്ക്, യാംല പഗ്‌ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിൽ ഇഡിയറ്റ്സ്, ഇ എന്ന ചിത്രങ്ങളിൽ നിർമാതാവുമായി.

പ്രശസ്ത ഫൊട്ടോഗ്രാഫറും ഛായാഗ്രഹകനുമായ ശിവന്റെ മകനാണ് സംഗീത്. പ്രശസ്ത ഛായാഗ്രഹകൻ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.

അമേരിക്കയിലെ ഡാലസിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ അത്തനാസിയോസ് യോഹാന്‍ മെത്രാപ്പൊലീത്ത (കെ.പി. യോഹന്നാന്‍) അന്തരിച്ചു. ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.

ചര്‍ച്ചിന്റെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിനുസമീപത്തെ പൊതുനിരത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് 5.30-ന് ആയിരുന്നു അപകടം. തലയ്ക്കും വാരിയെല്ലിനും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു.

ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ ഡാലസിലെ മെത്തഡിസ്റ്റ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. അഞ്ചു ദിവസംമുന്‍പാണ് മെത്രാപ്പോലീത്ത അമേരിക്കയില്‍ എത്തിയത്. 300 ഏക്കര്‍ വിസ്തൃതിയിലുള്ള ഭദ്രാസനത്തിനകത്തായിരുന്നു സാധാരണ രാവിലെ നടക്കാറുണ്ടായിരുന്നത്.

തിരുവല്ല താലൂക്കിലെ നിരണം കടിപ്പിയാരിൽ കുടുംബാംഗമായ മാർ അത്തനേഷ്യസ് യോഹാൻ, ഗോസ്പൽ ഫോർ ഏഷ്യ എന്ന സംഘടനയുടെ സ്ഥാപക മേധാവിയായി തിരുവല്ലയിലാണ് പ്രവർത്തനമാരംഭിക്കുന്നത്. മാർത്തോമ്മാ സഭയിലായിരുന്ന മാർ അത്തനേഷ്യസ് യോഹാൻ, സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുവിശേഷവേലയിലേക്കു തിരിഞ്ഞു. 1966 മുതൽ ഓപ്പറേഷൻ മൊബൈലൈസേഷൻ എന്ന സംഘടനയിൽ ചേർന്നു വിവിധ വടക്കേ ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ സുവിശേഷ പ്രവർത്തകനായി. 1974ൽ അമേരിക്കയിൽ ദൈവശാസ്‌ത്രപഠനത്തിനായി പോയി. മുൻപേ പരിചയമുണ്ടായിരുന്ന ജർമൻ സുവിശേഷകയായ ഗിസിലയെ ഇതിനിടെ ജീവിതപങ്കാളിയായി സ്വീകരിച്ചു.

1979ൽ അമേരിക്കയിലായിരിക്കേ തന്നെ ഗോസ്‌പൽ ഫോർ ഏഷ്യ എന്ന സുവിശേഷ പ്രചാരണ സംഘടനയ്‌ക്കു രൂപം നൽകി. അധികം വൈകാതെ കേരളത്തിൽ തിരിച്ചെത്തി. ആത്മീയയാത്ര റേഡിയോ പ്രഭാഷണ പരമ്പരയിലൂടെ ശ്രദ്ധേയനായി. 1990ൽ സ്വന്തം സഭയായ ബിലീവേഴ്‌സ് ചർച്ചിനു രൂപം നൽകി. 2003ൽ സ്ഥാപക ബിഷപ്പായി. മോറാൻ മോർ അത്തനേഷ്യസ് യോഹാൻ എന്ന പേര് സ്വീകരിച്ച അദ്ദേഹം, ക്രൈസ്തവ സഭാ നേതൃത്വത്തിലേക്ക് ഉയർന്നത് അടുത്ത കാലത്താണ്.

തിരുവല്ല കുറ്റപ്പുഴ ആസ്ഥാനമായ ബിലീവേഴ്സ് സഭയോടു ചേർന്ന് ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രി സ്ഥാപിച്ചു. 52 ബൈബിൾ കോളജുകൾ ഉൾപ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചു. തിരുവല്ലയിൽ 200 ഏക്കർ സ്ഥലത്ത് ജൈവോദ്യാനം സ്ഥാപിച്ചു. മുന്നൂറോളം പുസ്തകങ്ങൾ രചിച്ചു. അടുത്ത കാലത്തായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എന്ന പുനർനാമകരണം ചെയ്തിനു പിന്നിൽ പൗരസ്ത്യ ക്രൈസ്തവ ആരാധനാക്രമത്തോടുള്ള അദ്ദേഹത്തിന്റെ മതിപ്പും ആദരവുമാണ് പ്രതിഫലിക്കുന്നത്.

ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരെ അനുസ്മരിപ്പിക്കുന്ന വിധം മെത്രാപ്പൊലീത്ത ഉൾപ്പെടെ 12 ബിഷപ്പുമാരാണ് ബിലീവേഴ്സ് സഭയുടെ കേരളത്തിലെ വിവിധ ഭാഗങ്ങളിലെ ഭദ്രാസനങ്ങൾക്കു നേതൃത്വം നൽകുന്നത്. യുഎസിലും കാനഡയിലും യുകെയിലും ഓസ്ട്രേലിയയിലുമായി ഏകദേശം 900 റേഡിയോ സ്റ്റേഷനുകളിലൂടെ പ്രക്ഷേപണം നടത്തുന്ന യാഥാർഥ്യത്തിലേക്കുള്ള വഴി എന്ന റോഡ് ടു റിയാലിറ്റി ശ്രദ്ധേയമായ പ്രവർത്തനമാണ്.

പുരോഹിതവസ്ത്രം ധരിച്ച് നിരവധി ആയുധങ്ങളുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുക്കലേക്ക് ചെന്ന വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. 59 കാരനായ ഫാ. മിലന്‍ പാ്ല്‍ക്കോവിക് ആണ് അറസ്റ്റിലായത്. എയര്‍ പിസ്റ്റല്‍, രണ്ടു കത്തികള്‍, കട്ടര്‍, സ്‌ക്രൂഡ്രൈവര്‍ എന്നിവയാണ് വൈദികനില്‍ നിന്ന് കണ്ടെത്തിയത്. ചെക്കു റിപ്പബ്ലിക് സ്വദേശിയാണ്. ഞായറാഴ്ചയാണ് സംഭവം. വ്യക്തിപരമായ പ്രതിരോധത്തിന് വേണ്ടി താന്‍ സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങളാണെന്നാണ് വൈദികന്റെ ഭാഷ്യം. എന്നാല്‍ വൈദികന്റെ കൂടെ മറ്റൊരാളും ഉണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഈ സംഭവത്തെക്കുറിച്ച് പുറത്തുവന്നിട്ടില്ല.

യുറോപ്പിന്റെ മണ്ണില്‍ ആത്മാവിനാല്‍ ജ്വലിച്ച് സുവിശേഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ ഷെക്കെയ്ന യൂറോപ്പ് ടീമിനായി ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന ഡുനാമിസ് പവര്‍ റിട്രീറ്റ് ജൂണ്‍ 14 വെള്ളി വൈകിട്ട് 6.00 മുതല്‍ 16 ഞായര്‍ വൈകിട്ട് 4.00 വരെ യുകെയില്‍ വെച്ച് നടത്തുന്നു.

ഷെക്കെയ്നയുടെ മാധ്യമ ശുശ്രൂഷകളില്‍ പങ്കാളികളായി യൂറോപ്പിന്റെ മണ്ണില്‍ ദൈവരാജ്യവിസ്ത്യതിയില്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ധ്യാനത്തില്‍ പങ്കെടുക്കാം. യുകെയിലെ പയനിയർ സെൻ്റർ ക്ലിയോബറി മോർട്ടിമർ കിഡർമിൻസ്റ്റർ, DY14 8JG – വെസ്റ്റ് മിഡ്‌ലാൻഡ്സിലാണ് ധ്യാനം നടക്കുന്നത്.

ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ +44 7908772956, +44 7872628016 നമ്പറുകളിലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടുക.

ബിനോയ് എം. ജെ.

ഭാവാത്മകചിന്തയെകുറിച്ച് നിങ്ങൾ തീർച്ചയായും കേട്ടിട്ടുണ്ടാവും. എന്നാൽ ഭാവാത്മകമായ യാഥാർഥ്യത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? യാഥാർത്ഥ്യം അത്യന്തം ഭാവാത്മകമാകുവാനേ വഴിയുള്ളൂ. അത് നമുക്ക് സങ്കൽപിക്കുവാനാകുന്നതിലപ്പുറം ഭാവാത്മകമാണ്. ഭാവാത്മകമായി ചിന്തിക്കുമ്പോൾ നാം യാഥാർഥ്യത്തോട് കൂടുതൽ അടുക്കുന്നു. നിഷേധാത്മകമായി ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സ് യാഥാർത്ഥ്യവുമായി സംഘട്ടനത്തിൽ വരുന്നു. ഈ സംഘട്ടനത്തിൽ നിന്നും ക്ലേശങ്ങളും ദുഃഖങ്ങളും ജന്മമെടുക്കുന്നു. നിങ്ങൾ ഒരു കാര്യമോ ആശയമോ കേൾക്കുമ്പോൾ അത് ശരിയോ തെറ്റോ എന്ന് എങ്ങനെയാണ് തിരിച്ചറിയുക? ആ ആശയം നിങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിൽ അത് ശരിയാകുവാനേ വഴിയുള്ളൂ. മറിച്ച് ആ ആശയം നിങ്ങളെ ആശയക്കുഴപ്പത്തിലും ദുഃഖത്തിലും ആഴ്ത്തുന്നുണ്ടെങ്കിൽ അത് അസത്യവും വ്യാജവും ആകുവാനേ വഴിയുള്ളൂ. ശാസ്ത്രകാരന്മാർ ശരിയും തെറ്റും എങ്ങനെയാണ് തിരിച്ചറിയുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഒരാശയം കേൾക്കുമ്പോൾ അത് അവരുടെ മനസ്സിൽ സംഭവിപ്പിക്കുന്ന ചലനങ്ങളെ അവർ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നു. അത് ഭാവാത്മകമായ ചലനങ്ങളെ യാണ് സൃഷ്ടിക്കുന്നതെങ്കിൽ ആ ആശയം ശരിയും നിഷേധാത്മക ചലനങ്ങളെ യാണ് സൃഷ്ടിക്കുന്നതെങ്കിൽ ആ ആശയം തെറ്റുമാണെന്ന് അവർ പ്രഥമ ദൃഷ്ട്യാ വിധിയെഴുതുന്നു. അതിന് ശേഷം അവർ അതിന് തെളിവുകൾ അന്വേഷിക്കുന്നു. ഐസക് ന്യൂട്ടന്റെ പല ആശയങ്ങളും ആൽബർട്ട് ഐൻസ്റ്റീൻ തിരുത്തി എഴുതി. അതിന് കാരണം ന്യൂട്ടോണിയൻ ഊർജ്ജതന്ത്രം പഠിച്ചപ്പോൾ ഐൻസ്റ്റീന്റെ മനസ്സിൽ ഉണ്ടായ അസ്വസ്ഥതകളാണെന്ന് പറയപ്പെടുന്നു.

ഇപ്രകാരം ഭാവാത്മകത മനുഷ്യന്റെ കയ്യിൽ അത്യധികം ഉപകാരപ്രദമായ ഒരു ഉപകരണമാണ്. സത്യം എപ്പോഴും ഭാവാത്മകമാണ്. നുണയാകട്ടെ നിഷേധാത്മക വും. നിങ്ങളുടെ ജീവിതം ദുഃഖം നിറഞ്ഞതാണെങ്കിൽ നിങ്ങൾ നുണയുടെ പിറകേയാണ് പോകുന്നതെന്ന് വ്യക്തം. അപ്പോൾ നിങ്ങൾ യാഥാർഥ്യത്തെ അതായിരിക്കുന്ന രീതിയിൽ അറിയുന്നില്ല. നിങ്ങളുടെ ഉള്ളിലുള്ള സത്തയും(ആത്മാവ്) ബാഹ്യപ്രപഞ്ചവും തമ്മിലുള്ള സ്വരച്ചേർച്ചയിൽ നിന്നുമാണ് എല്ലാ വിജ്ഞാനവും സംഭവിക്കുന്നത്. ആത്മാവും പ്രപഞ്ചവും വാസ്തവത്തിൽ രണ്ടല്ല. മനസ്സ് ഇടക്കുവന്നു കയറുന്നത് കൊണ്ടാണ് അവ രണ്ടാണെന്ന് തോന്നുന്നത്. അതിനാൽ തന്നെ സത്യം അറിയണമെങ്കിൽ മനസ്സ് തിരോഭവിക്കണം. ഈ മനസ്സാകട്ടെ നിഷേധാത്മക ചിന്തകളുടെ ഒരു കൂമ്പാരമല്ലാതെ മറ്റൊന്നുമല്ല. അതിനാൽ തന്നെ ഭാവാത്മക ചിന്തകളിലൂടയേ മനസ്സിനെ അലിയിക്കുവാൻ കഴിയൂ.

ഭാവാത്മക മായി ചിന്തിക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം ജീവിതവും അതിലെ യാഥാർഥ്യങ്ങളും ഭാവാത്മകമാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ്. നാളിതുവരെ നിങ്ങൾ അവയെ നിഷേധാത്മകമായി കരുതിപോന്നിരുന്നു. ഇത്തരം നിഷേധാത്മക ചിന്തകൾ തെറ്റാണെന്ന് തെളിയിക്കുവിൻ. അതിന് വേണ്ടി നിങ്ങളുടെ യുക്തിയെ ഉപയോഗിക്കുവിൻ.ഇപ്രകാരം ഭാവാത്മകതയെ കണ്ടെത്തുവാനും അറിയുവാനും സദാ പരിശ്രമിക്കുവിൻ. അപ്പോൾ നിങ്ങളുടെ അറിവും ആനന്ദവും പതിന്മടങ്ങ് വർദ്ധിക്കും. കാരണം അറിവും യാഥാർത്ഥ്യവും എപ്പോഴും ഭാവാത്മകമാണ്. നിഷേധാത്മകമായ ആശയങ്ങളും തത്വങ്ങളും അജ്ഞാനത്തെ പ്രതിനിധീകരിക്കുന്നു. മനുഷ്യവംശത്തിന്റെ ശാപവും ഈ നിഷേധാത്മക ചിന്തകളാണ്.

ഭൂമി, സ്വർഗ്ഗം, നരകം എന്നും മറ്റും നാം പറയാറുണ്ടല്ലോ. വാസ്തവത്തിൽ ഇപ്രകാരം മൂന്നു സത്തകൾ ഉണ്ടോ? ഉണ്ടാകുവാൻ വഴിയില്ല. സത്ത ഒന്ന് മാത്രമേയുള്ളൂ. അതാവട്ടെ ഈശ്വരനും ആണ്. അത്യന്തം ഭാവാത്മകമായ ആ സത്തയെ അതായിരിക്കുന്ന രീതിയിൽ അറിയുമ്പോൾ നിങ്ങൾ ഏറെക്കുറെ സ്വർഗ്ഗത്തിലാണ്. അതിനെ ഭാഗികമായി മാത്രം അറിയുമ്പോൾ നിങ്ങൾ ഭൂമിലും ഒട്ടും തന്നെ അറിയാതിരിക്കുമ്പോൾ അല്ലെങ്കിൽ നിഷേധാത്മകമായി അറിയുമ്പോൾ നിങ്ങൾ നരകത്തിലുമാണ്. അതിനാൽ തന്നെ യാഥാർത്ഥ്യം സ്വർഗ്ഗമാണ്. നാം ഇപ്പോൾ ജീവിക്കുന്ന സമൂഹം നാളിതുവരെയും ഇപ്പോഴും വരും കാലങ്ങളിലും സ്വർഗ്ഗം തന്നെയാണ്. എന്നാൽ ഈ സത്യം നാമറിയുന്നില്ല. കാരണം നമ്മുടെ മനസ്സ് നിഷേധാത്മക
മാണ്. പ്രശ്നം കിടക്കുന്നത് നിങ്ങളുടെ മനസ്സിലാണ്. സമൂഹത്തിൽ അല്ല. ഈ ഭൂമിയിൽ ഒരു സ്വർഗ്ഗം പടുതുയർത്തുവാൻ നാം സദാ ആഗ്രഹിക്കുന്നു. കാരണം അതിപ്പോൾ സ്വർഗ്ഗമായി നമുക്കനുഭവപ്പെടുന്നില്ല. കുറ്റങ്ങൾ കണ്ടു പിടിക്കുന്ന ഈ മനോഭാവത്തിൽ മാറ്റം വരുത്താതെ നാമെന്തൊക്കെ തന്നെ ചെയ്താലും നമുക്കിവിടെ സ്വർഗ്ഗം പണിയുവാൻ കഴിയുകയില്ല. നാം സ്വർഗ്ഗം എന്ന് പറഞ്ഞു പണിതുയർത്തുന്ന പുതിയ സമൂഹ്യക്രമത്തിലും നാം ക്രമേണ കുറ്റങ്ങൾ കണ്ടു തുടങ്ങും. അതെക്കാലവും അപൂർണ്ണമായി തുടരുകയും ചെയ്യും.

അതിനാൽ സ്നേഹിതരേ, നാം ശ്രദ്ധിക്കേണ്ടത് ബാഹ്യലോകത്തെ നന്നാകുന്നതിലല്ല. അതിൽ സദാ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കും. ആ മാറ്റങ്ങളെ ആസ്വദിച്ചുകൊള്ളുവിൻ. അപ്പോഴും നമ്മുടെ ശ്രദ്ധ നമ്മുടെ മനസ്സിൽ തന്നെയായിരിക്കണം. അല്ലാത്ത പക്ഷം സ്വർഗ്ഗം എന്നും ഒരു സങ്കൽപമോ മരീചികയോ ആയി അവശേഷിക്കും. മനുഷ്യന്റെ ചരിത്രം പരിശോധിച്ചാൽ അവൻ എക്കാലവും ഭൂമിയിൽ സ്വർഗ്ഗം സ്ഥാപിക്കുവാൻ വേണ്ടി പരിശ്രമിച്ചിരുന്നതായി കാണാം. സഹസ്രാബ്ദങ്ങൾ ഇത്ര കഴിഞ്ഞിട്ടും അവനതിൽ വിജയിക്കാത്തത് എന്തുകൊണ്ടാണ്? സ്വർഗ്ഗം എക്കാലവും ഇവിടെത്തന്നെ ഉണ്ടായിരുന്നുവെന്നതാണ് സത്യം. വരും കാലങ്ങളിലും അതുണ്ടാവും. അത് കാണുവാനുള്ള കാഴ്ചശക്തിയാണ് നമുക്ക് വേണ്ടത്. നാമിപ്പോൾ കണ്ണടച്ചിരുട്ടാക്കുന്നു. മാറ്റം സംഭവിക്കേണ്ടത് നമ്മുടെ മനസ്സിലാണ്. നമ്മുടെ മനസ്സ് ഭാവാത്മകമായ യാഥാർഥ്യത്തിലേക്ക് വരേണ്ടിയിരിക്കുന്നു. അപ്പോൾ ഈ ക്ലേശങ്ങളെല്ലാം വ്യർത്ഥങ്ങളും അനാവശ്യമാണെന്ന് നാമറിയും. അവ തിരോഭവിക്കുകയും ചെയ്യും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 ഡോ. ജൂബി മാത്യു

അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആഗോളതലത്തിൽ പലവിധ തട്ടിപ്പുകൾ പെരുകുകയാണ് . പുതിയതരം തട്ടിപ്പ് രീതികളാണ് ഓൺലൈൻ തട്ടിപ്പുകാർ ഓരോ ദിവസവും ഉപയോഗിച്ചുവരുന്നത് . ഇപ്പോൾ ഇതാ കേരളത്തിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണം തട്ടിയ സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. വാട്സ്ആപ്പ് വീഡിയോ കോളിലൂടെ ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് 40,000 രൂപയാണ് ഒരു കോഴിക്കോട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്.

ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ മറ്റേതെങ്കിലും വഴിയോ ഇൻറർനെറ്റിൽ ലഭ്യമായ ചിത്രങ്ങളോ വീഡിയോകളോ എടുത്ത് ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ അല്ലെങ്കിൽ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ തികച്ചും വ്യത്യസ്തമായ , യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന മറ്റൊരു വീഡിയോയോ ചിത്രമോ നിർമ്മിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഡീപ് ഫേക്ക് സാങ്കേതികവിദ്യ(Deepfake technology). ന്യൂറൽ നെറ്റ് വർക്കുകൾ ഉപയോഗിച്ച് ഒരാളുടെ മുഖത്തെ വിവിധ പോയിന്റുകളെ ഗണിതശാസ്ത്രപരമായി മനസ്സിലാക്കുകയും തുടർന്ന് ആ മുഖത്തിന് മുകളിലായി മറ്റൊന്ന് നിർമ്മിച്ച എടുക്കുകയുമാണ് ഇതിൽ ചെയ്യുന്നത്

ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡീപ് ലേർണിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ്, വെർച്ച്വൽ ദൃശ്യങ്ങളായ വാക്കുകൾ , ചിത്രങ്ങൾ ,ഓഡിയോ ,വീഡിയോ എന്നിവ സൃഷ്ടിക്കുന്നത്‌ .ഡീപ്പ് ഫേക്ക് അൽഗോരിതങ്ങൾ , നിലവിലുള്ള ഡാറ്റയിൽ നിന്ന് മുഖഭാവങ്ങൾ, ആംഗ്യങ്ങൾ ,സംസാരം ,എന്നിവ പോലുള്ള പാറ്റേണുകൾ വിശകലനം ചെയ്യുകയും പഠിക്കുകയും ചെയ്യുന്നു. പിന്നീട് ഒരു വ്യക്തിയുടെ രൂപവും പ്രവർത്തനങ്ങളും യഥാർത്ഥവും ആധികാരികവുമായി തോന്നുന്ന രീതിയിൽ പുനർ നിർമ്മിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്നു. പൂർണ്ണമായും നിർമ്മിത ബുദ്ധിയുടെ ഒരു അവതാരമായിരിക്കും ഇതിലൂടെ രൂപപ്പെടുക .ഒരു മനുഷ്യൻറെ എല്ലാ ചലനങ്ങളെയും പരിചയപ്പെടുത്തി കഴിഞ്ഞാൽ സംസാരത്തിന്റെ താളവും മിഴിയനക്കവും മുഖഭാവങ്ങളിൽ വരുന്ന ചുളിവുകൾ എന്നു തുടങ്ങി സൂക്ഷ്മതയാർന്ന എല്ലാം പഠിച്ച് നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഒരു നിർമ്മിത ബുദ്ധി അവതാരത്തെ തന്നെ സൃഷ്ടിക്കാൻ ആകുന്നു. ചുരുക്കിപ്പറഞ്ഞാൽ നമ്മൾ ആവശ്യമായ വിവരം കൊടുത്തുകഴിഞ്ഞാൽ നമ്മൾ ഉദ്ദേശിക്കുന്ന ആളുകൾ ഒരു വീഡിയോ പ്രസന്റേഷനോ ഓഡിയോ പ്രസന്റേഷന് അവതരിപ്പിക്കുന്നതായോ അല്ലെങ്കിൽ ഒരു പ്രത്യേക സാഹചര്യത്തിൽ ആളുകളുടെ കൂടെ ഇരിക്കുന്നതായിയുള്ള ഒരു ഫേക്ക് ചിത്രമോ നിർമ്മിക്കപ്പെടുന്നു. വ്യക്തികൾ ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ പറയുന്നതോ ചെയ്യുന്നതോ ആണെന്ന് തോന്നിപ്പിക്കുന്ന വീഡിയോകൾ സൃഷ്ടിക്കാൻ ഇതുവഴി സാധ്യമാകുന്നു.

ഡീപ് ഫേക്കുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് ജനറേറ്റീവ് അഡ്വെർസറിയിൽ നെറ്റ് വർക്ക്(GAN-Generative adversarial networks ). ജിഎഎൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ആളുകളുടെയോ മറ്റു വസ്തുക്കളുടെയോ പ്രകൃതിദൃശ്യങ്ങളുടെയോ യഥാർത്ഥത്തിലുള്ള ചിത്രങ്ങളെ വെല്ലുന്ന രീതിയിലുള്ള പ്രതിബിംബങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. അതുപോലെ കറുപ്പും വെളുപ്പും മാത്രമായ ചിത്രങ്ങളെ കളർ ചിത്രങ്ങൾ ആക്കുക, രാത്രിയിൽ എടുത്ത ചിത്രങ്ങളെ പകലെടുത്തത് പോലെ ആക്കുക തുടങ്ങി നിരവധി തരത്തിലുള്ള മാറ്റങ്ങൾ ചിത്രങ്ങളിൽ വരുത്താൻ ഈ സാങ്കേതികവിദ്യ കൊണ്ട് സാധിക്കും. കൂടാതെ ഒരു വിവരണത്തിൽ നിന്ന് അതിനനുസരിച്ചുള്ള തികച്ചും സ്വാഭാവികമായി തോന്നുന്ന ഒരു ചിത്രം ഈ സാങ്കേതികവിദ്യകൊണ്ട് സൃഷ്ടിക്കാൻ ആകും. പക്ഷികളും പൂക്കളും മരങ്ങളും മറ്റുമടങ്ങിയ പ്രകൃതി ദൃശ്യങ്ങൾ തുടങ്ങി ,നൽകുന്ന വിവരണങ്ങൾ അടിസ്ഥാനമാക്കി ചിത്രങ്ങൾ സൃഷ്ടിക്കുന്നു.

ഫാഷൻ റീട്ടെയിൽ വ്യവസായത്തിൽ ഉപഭോക്താക്കളെ മോഡലുകളാക്കി മാറ്റാൻ ഡീപ്ഫേക്കുകൾക്ക് കഴിയും. ഉപഭോക്താക്കളുടെ മുഖം, ശരീരങ്ങൾ, അവയവങ്ങൾ തുടങ്ങിയവ മനസ്സിലാക്കി ഒരു ഡീപ്ഫേക്ക് സൃഷ്ടിക്കുകയും ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾ പരീക്ഷിക്കാൻ(വസ്ത്രങ്ങൾ, അനുബന്ധ ഉപകരണങ്ങൾ ) ഇതുവഴി സാധിക്കും. അഭിനേതാക്കളുടെ മുഖഭാവങ്ങളിൽ മാറ്റം വരുത്തുന്നതു മുതൽ അവരുടെ ഐഡന്റിറ്റി പൂർണമായും മാറ്റുന്നതുവരെ കൃത്രിമമായി ചെയ്യാം . ഒരു സിനിമ പൂർണമായി വേണമെങ്കിൽ അഭിനേതാവില്ലാതെ നിർമ്മിക്കാം. സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും സന്ദേശങ്ങളും വളച്ചൊടിച്ച് രാഷ്ട്രീയ തെരഞ്ഞെടുപ്പുകളിൽ ഡീപ്‌ഫേക്കുകൾക്ക് കാര്യമായ അപകടമുണ്ടാക്കാൻ കഴിയും. കെട്ടിച്ചമച്ച പ്രതികരണങ്ങളും പ്രസംഗങ്ങളും രൂപപ്പെടുത്തുന്നതിലൂടെ, എതിരാളികൾക്ക് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സ്ഥാനാർത്ഥികളെക്കുറിച്ച് മതിപ്പില്ലായ്മയും സംശയവും അവിശ്വാസവും സൃഷ്ടിക്കാനും കഴിയും, പൊതുബോധത്തിലെ ഈ കൃത്രിമം തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുകയും ജനാധിപത്യ പ്രക്രിയയെ തകർക്കുകയും ചെയ്യും. കൃത്യമായ വിവരങ്ങൾ കിട്ടി സത്യം തിരിച്ചറിയുമ്പോഴേക്കും, ജനങ്ങളുടെ മനസ്സിൽ വ്യാജവാർത്ത ഇടം പിടിച്ചിട്ടുണ്ടാകും

ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ എല്ലാ രാജ്യങ്ങളും മുന്പിലാണെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങളുടെ കുറവ് പ്രകടമാണ് . വലിയ തെറ്റുകൾക്ക് പോലും നിസ്സാരമായ ശിക്ഷ നടപടികളാണ് നിയമം അനുശാസിക്കുന്നത്. അതുകൊണ്ടുതന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുകൊണ്ടുള്ള തട്ടിപ്പുകൾ വർദ്ധിച്ചു വരാനുള്ള സാധ്യതകൾ ഏറെയാണ് .ഡാറ്റ പ്രൈവസി പോളിസികളിലെ അപാകതകൾ മുതലെടുത്ത് ഓൺലൈൻ കമ്പനികൾ ശേഖരിക്കുന്ന വ്യക്തിപരമായ ഡാറ്റ ഇത്തരക്കാർ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഉപയോഗപ്പെടുത്തി, മറ്റൊരു വ്യക്തിയെ സൃഷ്ടിച്ചു വിദേശരാജ്യങ്ങളിലെ ജോലി ,ബാങ്കിംഗ് ഉൾപ്പെടെയുള്ള പ്രവർത്തികളിൽ അനായാസം തട്ടിപ്പ് നടത്താനാകും.

നിയമങ്ങളും ചട്ടങ്ങളും കൊണ്ട് സാങ്കേതികവിദ്യയെ നിയന്ത്രിക്കുക എളുപ്പമല്ല, അവിടെയാണ് വ്യക്തിയെന്ന നിലയിൽ നമ്മൾ പാലിക്കേണ്ട ജാഗ്രത അതിപ്രധാനമാകുന്നത്. ഇൻറർനെറ്റ് ഉപയോഗിക്കുമ്പോൾ, സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ , വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ ഒക്കെ കർശനമായ നിയന്ത്രണവും ജാഗ്രതയും പാലിച്ചേ മതിയാവൂ. ഒപ്പം ഇനിയങ്ങോട്ട് ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് ഡീപ്പ് ഫേക്ക് പോലുള്ള വ്യാജ സൃഷ്ടികൾ തിരിച്ചറിയാനുള്ള സാങ്കേതിക ജ്ഞാനം ആർജിക്കുകയും വേണം .ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് കാര്യങ്ങൾ മാറുന്നത്, വർഷങ്ങൾ എടുത്തല്ല, നിമിഷങ്ങൾ കൊണ്ടാണ്. അതുകൊണ്ട് ഇതൊന്നും എന്നെ ബാധിക്കില്ല എന്ന് പതിവ് ചിന്ത വെടിഞ്ഞ് കൂടുതൽ ശ്രദ്ധാലുക്കളാകുക മാത്രമേ വഴിയുള്ളൂ

ഡോ ജൂബി മാത്യു : കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് വിഭാഗം മേധാവിയാണ്.

മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി  യുകെയിലെ പ്രവാസി മലയാളികൾക്ക് സംവദിക്കുവാനുള്ള അരങ്ങു ഒരുക്കുകയാണ് കൈരളി യുകെ.
ഉജ്ജ്വല പ്രഭാഷകനും അദ്ധ്യാപകനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടം, സാഹിത്യകാരിയും അധ്യാപികയുമായ ദീപ നിശാന്ത്  എന്നിവരാണ് യുകെയിലെ വിവിധയിടങ്ങളിൽ കൈരളി യുകെ ഒരുക്കുന്ന വേദികളിൽ പ്രവാസികളുമായി സംവദിക്കുന്നത്.  ഇതോടൊപ്പം വിവിധയിടങ്ങളിൽ ഹൃദ്യമായ ദൃശ്യ ശ്രവ്യ കലാവിരുന്നും  ഒരുക്കുന്നുണ്ട്.

താഴെ പറയുന്ന തീയതികളിലാണ് വിവിധ നഗരങ്ങളിൽ പരിപാടി ഒരുക്കിയിട്ടുള്ളത്.

മെയ് 14 – ബെൽഫാസ്റ് (നോർത്തേൺ അയർലണ്ട്)
മെയ് 17 – സൗത്താംപ്ടൺ
മെയ് 18 – ലണ്ടൻ
മെയ് 19 – നോട്ടിങ്ഹാം
മെയ് 24 – ന്യൂകാസിൽ
മെയ് 25 – മാഞ്ചെസ്റ്റെർ

മെയ് ന് 11 കൈരളി യുകെ ഒക്സ്ഫോർഡ് യൂണിറ്റിന്റെ കലാ സന്ധ്യയിൽ ശ്രീമതി ദീപ നിഷാന്ത് മുഖ്യാഥിതി ആയിരിക്കും. കൂടാതെ അയർലണ്ടിലെ ഡബ്ലിനിലും വാട്ടർഫോർഡിലും  മെയ് 10, 11 തീയതികളിൽ ക്രാന്തി അയർലണ്ട് സംഘടിപ്പിക്കുന്ന മെയ് ദിന പരിപാടികളിൽ ഡോ. സുനിൽ പി ഇളയിടം പങ്കെടുക്കും. രജിസ്‌ട്രേഷൻ ആവശ്യമില്ല, എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യമായിരിക്കും. മലയാളത്തിൻ്റെ പ്രിയപ്പെട്ട  എഴുത്തുകാരെ നേരിട്ട് കേൾക്കുവാനും അവരുടെ  സംവദിക്കുവാനും യുകെ മലയാളികളെ ഹാർദ്ദവമായി ക്ഷണിക്കുന്നതായി കൈരളി യുകെ ഭാരവാഹികളും സംഘാടകരും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കൈരളി യുകെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക – https://www.facebook.com/KairaliUK/

മലയാളി യുവാക്കളെ റഷ്യന്‍ യുദ്ധമുഖത്തേക്ക് റിക്രൂട്ട് ചെയ്തവര്‍പിടിയില്‍. ഇടനിലക്കാരായ രണ്ടുപേരെയാണ് സിബിഐ ദില്ലി യൂണിറ്റ് പിടികൂടിയത്. ഇടനിലക്കാരായ അരുണ്‍, പ്രിയന്‍ എന്നിവരാണ് അറസ്റ്റിലായത്.

റഷ്യന്‍ യുദ്ധമുഖത്തേക്ക് മലയാളികളെ എത്തിക്കുന്ന റഷ്യന്‍ മലയാളി അലക്‌സിന്റെ മുഖ്യ ഇടനിലക്കാരാണ് അറസ്റ്റിലായത്. തുമ്പ സ്വദേശിയായ പ്രിയന്‍ അലക്‌സിന്റെ ബന്ധുവാണ്. റഷ്യയിലേക്ക് പോകുന്നതിന് മുമ്പ് ആറു ലക്ഷത്തോളം രൂപ പ്രിയനാണ് കൈപ്പറ്റിയത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന റിക്രൂട്ട്‌മെന്റിന് നേതൃത്വം നല്‍കിയതും പ്രിയന്‍ ആണ്. പ്രിയനെതിരെ റഷ്യയില്‍നിന്ന് നാട്ടിലെത്തിയവര്‍ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

തട്ടിപ്പിനിരയായ മലയാളികളായ ഡേവിഡ് മുത്തപ്പനും പ്രിന്‍സ് സെബാസ്റ്റ്യനും കഴിഞ്ഞ മാസം തിരിച്ചെത്തിയിരുന്നു. പ്രിന്‍സിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

തിരുവന്തപുരം അഞ്ചുതെങ്ങ്- പൊഴിയൂര്‍ സ്വദേശികളായ പ്രിന്‍സ് സെബാസ്റ്റ്യന്‍, ഡേവിഡ് മുത്തപ്പന്‍ എന്നിവരെ സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇടനിലക്കാര്‍ കൊണ്ടുപോയത്.

വാട്‌സാപ്പില്‍ ഷെയര്‍ ചെയ്ത് കിട്ടിയ സെക്യൂരിറ്റി ജോലിയുടെ പരസ്യംകണ്ടാണ് ഏജന്‍സിയെ സമീപിച്ചത്. ഏജന്റിന്റെ സഹായത്തോടെ ഡല്‍ഹിയില്‍ എത്തി. പിന്നിട് അവിടെനിന്ന് റഷ്യയിലേക്ക് കൊണ്ടുപോയി. പരിശീലനത്തിന് ശേഷം കൂലിപ്പട്ടാളത്തോടൊപ്പം ചേരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷൻ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയ്ക്ക് (കെ.പി. യോഹന്നാന്‍) വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. യു.എസ്സിലെ ടെക്‌സാസില്‍ വെച്ച് ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് 05:25-ഓടെയായിരുന്നു അപകടം.

പ്രഭാതസവാരിക്കിടെ അജ്ഞാതവാഹനം ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കെ.പി. യോഹന്നാനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് സഭാവക്താവ് അറിയിച്ചു.

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്‌സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയില്‍ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാല്‍ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിന് പുറത്തേക്കാണ് പോയത്. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചത്.

ചൂടിൽ വെന്തുരുകുന്ന സംസ്ഥാനത്തിനു പ്രതീക്ഷ നൽകി അടുത്ത ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്.

ഇന്ന് അർദ്ധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടെ മഴ ലഭിക്കാൻ സാധ്യത.

നാളെ വൈകിട്ട് മുതൽ വടക്കൻ കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും .

മധ്യ – തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. അടുത്ത ആഴ്ച മറ്റു ജില്ലകളിലും മഴ ലഭിച്ചേക്കും.

ശക്തമായ മഴ സാധ്യത കണക്കാക്കി 9- ന് മലപ്പുറം, വയനാട് ജില്ലകളിലും 10- ന് ഇടുക്കി ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

15 – ന് ശേഷം അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു. മൺസൂൺ ഇത്തവണ നല്ല രീതിയിൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

RECENT POSTS
Copyright © . All rights reserved