Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയും യൂറോപ്യൻ യൂണിയനും തമ്മിൽ ഏർപ്പെടാനിരുന്ന യൂത്ത് മൊബിലിറ്റി സ്‌കീമിൻ്റെ സാധ്യത മങ്ങി. കരട് നടപ്പിലായിരുന്നെങ്കിൽ രണ്ട് മേഖലയിലുമുള്ള യുവജനങ്ങൾക്ക് 4 വർഷം വരെ അന്യോന്യം പഠനത്തിനും ജോലിക്കുമായി താമസിക്കുന്നതിന് ഒട്ടേറെ ഇളവുകള്‍ ലഭിക്കുമായിരുന്നു. 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്കായിയായിരുന്നു ഈ നിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടത്.


എന്നാൽ യൂറോപ്യൻ യൂണിയന്റെ പെട്ടെന്നുള്ള നിർദ്ദേശത്തിന് വെള്ളിയാഴ്ച ലേബർ പാർട്ടി എതിർ
അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഭരണപക്ഷവും പദ്ധതിയോട് പുറംതിരിഞ്ഞത്. യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ഇർസുല വോൺ സെർ ലെയ്ൻ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള യുവാക്കൾക്ക് യുകെയിലേയ്ക്കും തിരിച്ചും പഠിക്കാനും ജോലി ചെയ്യാനും ഇളവുകൾ അനുവദിക്കുന്നത് രണ്ടു മേഖലകളും തമ്മിൽ കൂടുതൽ സഹകരണം ഊട്ടി ഉറപ്പിക്കുന്നതിന് ഉചിതമാകുമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.


എന്നാൽ ഇത്തരം ഇളവുകൾ അനുവദിക്കുന്നത് ബ്രെക്സിറ്റിന്റെ പ്രഖ്യാപിത നിയമങ്ങളെ തുരങ്കം വയ്ക്കുമെന്ന അഭിപ്രായമാണ് ബ്രിട്ടനിലെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമുള്ളത്. യുകെയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം നയപരമായ കാര്യങ്ങളിൽ വളരെ സൂക്ഷിച്ചാണ് പാർട്ടികൾ പ്രതികരിക്കുന്നത്. യൂത്ത് മൊബിലിറ്റി സ്കീം നടപ്പിലാക്കിയാൽ ബ്രിട്ടീഷ് യുവജനതയുടെ തൊഴിൽ സാധ്യതകളെ ബാധിക്കുമെന്ന തരത്തിലുള്ള പ്രചാരണം ഉണ്ടാകുമോ എന്ന ഭയം ഭരണപക്ഷത്തിനുണ്ട്. ഇപ്പോൾ കടുത്ത ഭരണവിരുദ്ധ വികാരമാണ് പ്രധാനമന്ത്രി ഋഷി സുനക് നേരിടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വെസ്റ്റ് എസക്‌സിലെ ഹർലോയിൽ താമസിക്കുന്ന മലയാളി നേഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. ഹാർലോ ഡി പ്രിൻസസ് അലക്സാന്ദ്ര എൻ എച്ച് എസ് ഹോസ്പിറ്റലിൽ ജോലി ചെയ്ത് വരികയായിരുന്ന അരുൺ എൻ കുഞ്ഞപ്പനയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം സ്വദേശിയായ അരുൺ ഏകദേശം ഒരു വർഷം മുൻപാണ് യുകെയിലെത്തിയത്.

മരണകാരണം ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ജോലി സംബന്ധമായ സമ്മർദ്ദം മൂലം അരുൺ ആത്മഹത്യ ചെയ്തതായാണ് സൂചന. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇനിയും പുറത്ത് വന്നിട്ടില്ല.

കുറച്ചു മാസങ്ങൾക്ക് മുമ്പാണ് അരുണിന്റെ ഭാര്യ യുകെയിലെത്തിയത്. ദമ്പതികൾക്ക് രണ്ട് കുട്ടികൾ ഉണ്ട്.

അരുൺ എൻ കുഞ്ഞപ്പന്റെ വിയോഗത്തിലുള്ള മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ മൂന്നും നാലും വയസ്സ് മാത്രം പ്രായമുള്ള കുട്ടികൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ഈ പ്രായ പരുധിയിലുള്ള കുട്ടികൾ നാലിലൊന്നു പേർക്കും സ്മാർട്ട് ഫോൺ ഉണ്ട്. 13 വയസ്സിന് താഴെയുള്ള കുട്ടികളിൽ പകുതി പേരും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരാണെന്നും ആണ് കണ്ടെത്തിയിരിക്കുന്നത് . കുട്ടികളുടെ ഫോൺ , സോഷ്യൽ മീഡിയ ഉപയോഗത്തെ കുറിച്ച് പുറത്തുവരുന്ന കണക്കുകളിൽ പലതും ഞെട്ടിക്കുന്നവയാണ്. അഞ്ചുമുതൽ ഏഴ് വയസ്സുവരെയുള്ള കുട്ടികളിൽ 38 ശതമാനം പേരാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് . ഒരു വർഷം മുമ്പ് ഇത് 30 ശതമാനം മാത്രമായിരുന്നു. കൂടാതെ ഇവരിൽ 76 ശതമാനം പേരും ടാബ് ലെറ്റ് ഉപയോഗിക്കുന്നവരാണ്.


കമ്മ്യൂണിക്കേഷൻ റെഗുലേറ്റർ ഓഫ് കോമിൽ നിന്നുള്ള കണക്കുകളിൽ കൂടിയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 16 വയസ്സിന് താഴെയുള്ള കുട്ടികൾ മൊബൈൽഫോൺ കൈവശം വയ്ക്കുന്നത് നിയമം മൂലം വിലക്കുന്ന കാര്യം നിലവിൽ രാജ്യത്ത് പരിഗണിച്ചു കൊണ്ടിരിക്കുമ്പോഴാണ് കൊച്ചുകുട്ടികളുടെ മൊബൈൽ സോഷ്യൽ മീഡിയ ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. കൊച്ചുകുട്ടികളുടെ ഫോൺ , സോഷ്യൽ മീഡിയ ഉപയോഗത്തിനെതിരെ നിയമനിർമാണത്തെ അനുകൂലിക്കുന്നവരുടെ വാദ മുഖത്തെ ഈ കണക്കുകൾ ശക്തിപ്പെടുത്തുന്നു എന്നാണ് വിലയിരുത്തുന്നത്.


കുട്ടികളുടെ ഇടയിലെ സമൂഹമാധ്യമ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികളെ കുറിച്ച് മന്ത്രി തലത്തിൽ കൂടിയാലോചനകൾ ഉടൻ നടക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിർദ്ദേശം നിയമത്തിന്റെ ഭാഗമായി വന്നേക്കാം. അതുപോലെതന്നെ മാതാപിതാക്കളുടെ ഫോണുകളിൽ പേരെൻ്റൽ കൺട്രോൾ ഏർപ്പെടുത്തുന്നതും സമൂഹമാധ്യമങ്ങളുടെ കുറഞ്ഞ പ്രായപരിധി 13 വയസ്സിൽ നിന്ന് 16 വയസ്സാക്കുന്നതുൾപ്പെടെയുള്ളത് നിർദ്ദേശങ്ങളിൽ ഉണ്ട്. ഓൺലൈനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നത് ഗവൺമെൻറ് ഏറ്റവും മുൻഗണന നൽകുന്ന കാര്യമാണെന്ന് ടെക്നോളജി സെക്രട്ടറി മിഷേൽ സോൺ പറഞ്ഞു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നിന്നുള്ള യുവാക്കൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ജോലി ചെയ്യാൻ സാധിക്കുന്നതിന് കൂടുതൽ ഇളവുകൾ അനുവദിക്കാൻ യുകെയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും പദ്ധതി തയ്യാറാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഇത് നടപ്പിലാക്കിയാൽ യുകെയിൽ നിന്നുള്ള യുവാക്കൾക്ക് പഠനത്തിനും ജോലിക്കുമായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കൂടുതൽ അവസരങ്ങൾ കൈവരും. യൂറോപ്യൻ കമ്മീഷൻ മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശത്തിന് കീഴിൽ 18നും 30 നും ഇടയിൽ പ്രായമുള്ള ആളുകൾക്കാണ് ഇളവുകൾ ലഭിക്കുന്നത്.


ബ്രെക്സിറ്റിന് മുമ്പ് നിലവിൽ വന്ന നിയന്ത്രണങ്ങൾ മൂലം നിലവിൽ യുകെയിൽ നിന്നുള്ളവർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ എത്തുന്നതിനുള്ള നിയന്ത്രണങ്ങളിലാണ് പ്രായപരുധിയുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്തുന്നത്. ഔപചാരിക ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. യുകെയുമായി ഈ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് അംഗരാജ്യങ്ങളുടെ ഇടയിൽ അഭിപ്രായ സമന്വയം സ്വരൂപിക്കേണ്ടത് ഉണ്ട്. നിർദ്ദേശങ്ങൾ നടപ്പിലായാൽ യൂകെയിലെ യുവാക്കളെ നാല് വർഷത്തേക്ക് പഠനത്തിനായാലും ജോലിക്കായാലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ തുടരാൻ അനുവദിക്കും.


അതേ നിയമങ്ങൾ ബ്രിട്ടനിലേക്ക് വരുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും ബാധകമാണ്.ഇത് നടപ്പിലായാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാർക്ക് ബ്രിട്ടീഷുകാരുടെ അതേ ഫീസ് യുകെയിൽ അടച്ച്‌ പഠനം നടത്താൻ കഴിയും. ബ്രെക്സിറ്റിനു ശേഷം യുകെയിലെ യൂണിവേഴ്സിറ്റിയിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ വിദ്യാർത്ഥികളിൽ നിന്ന് ഉയർന്ന ഫീസാണ് ഈടാക്കിയിരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യയിൽ ഇത് തിരഞ്ഞെടുപ്പ് കാലമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇന്ന് തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ആരംഭിക്കുകയാണ്. യുകെയിലും ഈ വർഷം തന്നെ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് വ്യാപകമായി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുമ്പോഴും യുകെയും ഇന്ത്യയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിന്റെ യാഥാർത്ഥ്യമാകാനുള്ള ചർച്ചകൾ മുടക്കമില്ലാതെ നടക്കുന്നുണ്ട്.


കരാർ യാഥാർത്ഥ്യമായാൽ ഇരുരാജ്യങ്ങളും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട വിപണിയാണ് ലഭിക്കാൻ പോകുന്നത്. ചർച്ചകൾ തുടരാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ നിലവിൽ ലണ്ടനിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പല വിഷയങ്ങളിലും സമവാക്യം ഉണ്ടാക്കിയെടുത്ത് കരാറിന് അന്തിമരൂപം നൽകാൻ ഇതുവരെ ആയിട്ടില്ല.


ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് ഇന്ത്യയിൽ നിന്ന് പ്രവർത്തനം തുടങ്ങാൻ കഴിയുമോ എന്ന് തുടങ്ങിയ പല കാര്യങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ സമവാക്യം ഉണ്ടാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. രാജ്യത്ത് പ്രവർത്തിക്കുന്ന ഡിജിറ്റൽ മീഡിയ കമ്പനികൾ ഇന്ത്യൻ ഉടമസ്ഥതയിലുള്ളവ ആയിരിക്കണം എന്ന ഒരു നിയമം ഇന്ത്യ പാസാക്കിയത് ആണ് ഒരു തടസമായി നിലനിൽക്കുന്നത് . ബിബിസിയുൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ നിന്ന് ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് . പക്ഷേ നിലവിലെ നിയമങ്ങൾ ഇതിന് കീറാമുട്ടിയായി നിൽക്കുന്ന സാഹചര്യത്തിൽ എന്ത് സമവാക്യം ഉണ്ടാക്കാം എന്ന സാധ്യതകളെ കുറിച്ചാണ് ഇരുപക്ഷവും ചർച്ചകൾക്കായി വീണ്ടും ഒരുമിക്കുന്നത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിന്റെ തലസ്ഥാന നഗരിയായ ലണ്ടനിൽ നിന്ന് വെറും 62 മൈൽ അകലെ കേംബ്രിഡ്ജ് ഷെയറിൽ ഒരു കഞ്ചാവ് ഫാക്ടറിയും അവിടെ രണ്ട് പുരുഷന്മാരെയും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് പേരെ പൂട്ടിയിട്ട നിലയിലാണ് അവിടെ കണ്ടെത്തിയത്. അടിമകളെ പോലെയാണ് ഇവരെ പരിഗണിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

1.5 മില്യണിലധികം മൂല്യമുള്ള 1845 കഞ്ചാവ് ചെടികളാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. അവിടെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ പുരുഷന്മാർ 34 ഉം 35 വയസ്സ് പ്രായം ഉള്ളവരാണ് . ഇവരെ നിർബന്ധിച്ച് അവിടെ ജോലി ചെയ്യിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ സമീപ പ്രദേശങ്ങളിൽ മയക്കുമരുന്ന് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിവരം ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പർ സെല്ലുമായി ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡോർ സെറ്റിൽ അമ്മയ്ക്ക് മാറി കുഞ്ഞിനെ നൽകിയതിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് അവിടുത്തെ ആശുപത്രി ട്രസ്റ്റ് അറിയിച്ചു. 2023 സെപ്റ്റംബറിൽ ഡോർസെറ്റിലെ പൂൾ ഹോസ്പിറ്റലിലെ പ്രസവ വാർഡിലാണ് എൻഎച്ച്എസിന് ആകെ നാണക്കേട് വരുത്തിവെച്ച സംഭവം നടന്നത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഡോർസെറ്റ് എൻഎച്ച്എസ് ഫൗണ്ടേഷന്റെ കീഴിലാണ് പൂൾ ഹോസ്പിറ്റൽ.

സംഭവത്തിൽ ട്രസ്റ്റിലെ മിഡ് വൈഫറി ഡയറക്ടർ ലോ റെയ്ൻ ഖേദം രേഖപ്പെടുത്തി. അന്വേഷണം നടക്കുകയാണെന്നും അതിനോട് സഹകരിക്കണമെന്നും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവർ അറിയിച്ചു. തെക്കുകിഴക്കൻ ഡോർസെറ്റിലെ പൂൾ ഹോസ്പിറ്റൽ, റോയൽ ബോൺമൗത്ത് ഹോസ്പിറ്റൽ, ക്രൈസ്റ്റ് ചർച്ച് ഹോസ്പിറ്റൽ എന്നീ മൂന്ന് ആശുപത്രികൾ ലയിപ്പിച്ചതിനെ തുടർന്നാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഡോർസെറ്റ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് രൂപീകരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൈബർ തട്ടിപ്പിന് നേതൃത്വം നൽകിക്കൊണ്ടിരുന്ന സംഘത്തെ യുകെ പോലീസ് അറസ്റ്റ് ചെയ്തു. തെക്ക് കിഴക്കൻ ലണ്ടനിലെ ബ്രോംലിയിൽ നിന്നുൾപ്പെടെയാണ് കുറ്റവാളികളെ പോലീസ് പിടികൂടിയത്. ഇതുൾപ്പെടെ വൻ തട്ടിപ്പു സംഘത്തിലെ കണ്ണികളായിരുന്ന 37 പേരെയാണ് നിലവിൽ പിടികൂടിയിരിക്കുന്നത്. അറസ്റ്റിലായവരിൽ പലരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

വിവിധ ബാങ്കുകളുടെത് ഉൾപ്പെടെ യഥാർത്ഥ വെബ്സൈറ്റ് ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഇരകളെ കബളിപ്പിക്കുന്ന രീതിയിൽ അവരുടെ ലോഗിൻ ഡീറ്റെയിൽസ് കൈവശപ്പെടുത്തുന്ന രീതിയാണ് ഇവർ അവലംബിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതുകൂടാതെ വ്യാജ എസ്എംഎസ് സന്ദേശങ്ങൾ അയച്ച് ലോഗിൻ ഐഡിയും പാസ്സ്‌വേർഡും തട്ടിയെടുക്കുന്ന രീതിയും സംഘം പിൻ തുടർന്നിരുന്നു. ലോകമെമ്പാടും നിന്ന് കോടികളാണ് സൈബർ തട്ടിപ്പ് സംഘം ഇരകളിൽ നിന്ന് തട്ടിയെടുത്തത്. തട്ടിപ്പുകാർക്ക് സഹായകമാകുന്ന രീതിയിൽ മെസ്സേജുകളും പെയ്മെൻറ് ലിങ്കുകളും അയക്കാനുള്ള സാങ്കേതികവിദ്യയാണ് ഇവർ വികസിപ്പിച്ചത്. സാങ്കേതിക വൈദഗ്ധ്യമില്ലാതെ തന്നെ ഒട്ടേറെ തട്ടിപ്പുകാർ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചതോടെയാണ് പോലീസിന്റെ ശ്രദ്ധ ഇവരുടെ മേൽ പതിഞ്ഞത് .

ഇവരുടെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 480,000 കാർഡ് വിവരങ്ങളും 64 , 000 പിൻകോഡുകളും ഉൾപ്പെടെയുള്ള വ്യക്തി വിവരങ്ങൾ മോഷ്ടിക്കപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ എത്ര പണം കബളിപ്പിച്ച് ഇവർ നേടിയെന്നതിനെ കുറിച്ച് പൂർണവിവരം ലഭ്യമായിട്ടില്ല. എന്നാൽ ഈ കബളിപ്പിക്കൽ സോഫ്റ്റ്‌വെയറിന് പിന്നിൽ പ്രവർത്തിച്ചവർ 10 ലക്ഷം പൗണ്ട് ലാഭം നേടിയതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം തട്ടിപ്പിലൂടെ യുകെയിൽ ഓരോ മിനിറ്റിലും 2300 പൗണ്ട് നഷ്ടമാകുന്നുവെന്നാണ് ഏകദേശ കണക്കുകൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദുബായിലെ വെള്ളപ്പൊക്കത്തിൽ യുകെയിലേക്കുള്ള ഫ്ലൈറ്റുകളും റദ്ദാക്കിയ സാഹചര്യത്തിൽ വലഞ്ഞ് യുകെ മലയാളികൾ ഉൾപെടെയുള്ള യാത്രക്കാർ. തീവ്രമായ കാറ്റിനേയും മഴയെയും തുടർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) വിമാനത്താവളത്തിനും യുകെയ്‌ക്കുമിടയിലുള്ള ഏഴ് വിമാനങ്ങളാണ് എമിറേറ്റ്സ് റദ്ധാക്കിയത്. മോശം കാലാവസ്ഥയെ തുടർന്ന് ബ്രിട്ടീഷ് എയർവേയ്‌സും നാല് വിമാനങ്ങൾ വെട്ടിക്കുറച്ചു. 24 മണിക്കൂറിനുള്ളിൽ ഒരു വർഷത്തിലേറെയുള്ള ശരാശരി മഴ ലഭിച്ച സാഹചര്യത്തിൽ യാത്രക്കാർ അത്യാവശ്യ സാഹചര്യത്തിൽ മാത്രം എയർപോർട്ടിൽ തുടരാൻ അധികൃതർ ആവശ്യപ്പെട്ടു.

മോശം കാലാവസ്ഥയെ തുടർന്ന് എമിറേറ്റ്‌സിൻ്റെ ഉൾപ്പെടെ നിരവധി വിമാനങ്ങൾ ഹീത്രൂ വിമാനത്താവളത്തിൽ മണിക്കൂറുകളോളം വൈകിയാണ് എത്തിയത്. പല യാത്രക്കാരും യാതൊരു അറിയിപ്പും ലഭിക്കാതെ മണിക്കൂറുകളോളം എയർപോർട്ടിൽ കുടുങ്ങിപ്പോയതായി പറയുന്നു. ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ ചെക്ക്-ഇൻ ബുധനാഴ്ച രാവിലെ 8 മണി മുതൽ മോശം കാലാവസ്ഥയെ തുടർന്ന് അന്നേ ദിവസം നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.

യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമാർപ്പണം നടത്തി എയർപോർട്ട് അധികൃതർ രംഗത്ത് വന്നു. തങ്ങൾ ഷെഡ്യൂൾ അടിസ്ഥാനത്തിൽ ഫ്ലൈറ്റുകൾ പുനഃസ്ഥാപിക്കാനുള്ള പ്രയത്നത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു. മോശം കാലാവസ്ഥയെ തുടർന്ന് യാത്ര മുടങ്ങിയവരുടെ റീഫണ്ട്, റീബുക്കിംഗ് ഓപ്‌ഷനുകൾ നൽകുമെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 142 മില്ലീമീറ്ററിലധികം (5.6 ഇഞ്ച്) മഴയാണ് ദുബായിൽ ലഭിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുറഞ്ഞതിന്റെ ചുവടുപിടിച്ച് യുകെയിലെ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു. മാംസം, നുറുക്കുകൾ, ചോക്കലേറ്റ് ബിസ്‌ക്കറ്റുകൾ തുടങ്ങിയ ചില ഭക്ഷ്യവസ്തുക്കളുടെ വിലയിടിവാണ് പണപ്പെരുപ്പം രണ്ടര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിക്കാൻ സഹായിച്ചത് . ഔദ്യോഗിക കണക്കുകൾ പ്രകാരം ഉപഭോക്തൃ വില സൂചിക 3.4 ശതമാനത്തിൽ നിന്ന് മാർച്ച് വരെയുള്ള വർഷത്തിൽ 3.2 ശതമാനമായി കുറഞ്ഞു.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ (ഒ എൻ എസ് ) കണക്കുകൾ പ്രകാരം ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മിക്ക ഭക്ഷ്യ ഉത്പന്നങ്ങളുടെയും വിലക്കയറ്റം കുറഞ്ഞു. ബ്രഡ്, ധാന്യങ്ങൾ എന്നിവയിൽ ചെറിയതോതിലുള്ള വർദ്ധനവ് മാത്രമേ ഉണ്ടായുള്ളൂ. എന്നാൽ ഫെബ്രുവരി മുതൽ മാർച്ച് വരെ ഇറച്ചി വില 0.5% കുറഞ്ഞു. ഈ വിഭാഗത്തിൽ ഒരു വർഷം മുമ്പ് 1.4% വർദ്ധനവായിരുന്നു ഉണ്ടായിരുന്നത് . പന്നിയിറച്ചി ഉൽപ്പന്നങ്ങളിലും വലിയ തോതിൽ വില കുറഞ്ഞത് പണപ്പെരുപ്പം കുറയുന്നതിന് കാരണമായിട്ടുണ്ട്.

അടുത്ത കാലത്തായി യുകെയിലെ ഉയർന്ന പണപ്പെരുപ്പത്തിന് പിന്നിലെ പ്രധാന കാരണം കുതിച്ചുയരുന്ന ഭക്ഷണ, ഊർജ്ജ ബില്ലുകളാണ്. കോവിഡ് മഹാമാരിയും റഷ്യ ഉക്രൈനെ ആക്രമിച്ചതും ഉൾപ്പെടെയുള്ള സംഭവങ്ങൾ വില കുതിച്ചു കയറുന്നതിന് കാരണമായിട്ടുണ്ട്. മെയ് 9 നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് സംബന്ധിച്ച അടുത്ത തീരുമാനം എടുക്കുന്നത്. പണപ്പെരുപ്പം 2 ശതമാനത്തിൽ എത്തിക്കുക എന്നതാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യം . അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത് . പലിശയും മോർട്ട്ഗേജ് നിരക്കുകളും കുറയുകയാണെങ്കിൽ അത് ഭരണപക്ഷത്തിന് അനുകൂലമായ ജനവികാരം രൂപപ്പെടുത്താൻ സഹായിക്കും.

RECENT POSTS
Copyright © . All rights reserved