Spiritual

പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഇംഗ്ലണ്ട്‌ ആന്റ്‌ വെയില്‍സ്‌ മെത്രാന്‍ സമിതിയുടെ പുതിയ കാത്തലിക്ക്‌ സേഫ് ഗാര്‍ഡിംഗ്‌ സ്റ്റാന്റേഡ്‌ ഏജന്‍സിയുടെ (സി. എസ്‌. എസ്‌. എ.) നിയമമനുസരിച്ചുള്ള സബ്കമ്മറ്റി നിലവില്‍ വന്നു. പുതിയ കമ്മറ്റി അംഗങ്ങളായി റവ. മോണ്‍. ആന്റെണി ചുണ്ടെലിക്കാട്ട്‌, ഫാ. മാത്യു പിണക്കാട്ട്, ഫാ. ഫാൻസ്വാ പത്തില്‍, ഷിബു വെളുത്തേപ്പിള്ളി, ലിഷ മാത്യു, ലിജോ രെഞ്ചി, റിജോ ആന്റെണി, പോള്‍ ആന്റെണി, ആന്‍സി ജോണ്‍സണ്‍, ജെസ്റ്റിന്‍ ചാണ്ടി, ജിമ്മി, ഡോ. മാത്യു എന്നി വരെ നിയമിക്കുകയുണ്ടായി.

സഭയുടെ ദൗത്യ നിർവഹണത്തിൽ എല്ലാവര്‍ക്കും സുരക്ഷ നല്‍കുക, കുട്ടി കള്‍ക്കും സവിശേഷശ്രദ്ധ ആവശ്യമുള്ള മുതിര്‍ന്നവര്‍ക്കും നിയമപരമായ പരിരക്ഷ ഉറപ്പു വരുത്തുക എന്നെ കാര്യങ്ങൾ ‌ ലക്ഷ്യം വച്ചുകൊണ്ടാണ്‌ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്‌. 2018 നവംബറിലാണ്‌ സേഫ്ഗാര്‍ഡിംഗ്‌ കമ്മീഷന്‍ സ്ഥാപിച്ചത്‌.

ഡോ. ഷിബു വെളുത്തേപ്പിള്ളി പുതിയ സേഫ്ഗാര്‍ഡിംഗ്‌ കോഡിനേറ്ററായി ചുമതല ഏറ്റു. ലെസ്റ്റര്‍ മദര്‍ ഓഫ്‌ ഗോഡ്‌ ചര്‍ച്ചില്‍ ജൂലൈ 31 ശനിയാഴ്ച 10:30 മണിക്കു കൂടിയ യോഗത്തില്‍ മുന്‍ സേഫ്ഗാര്‍ഡിംഗ്‌ കോഡിനേറ്ററായിരുന്ന ലിജോ രെഞ്ചിക്കും സേഫ്ഗാര്‍ഡിംഗ്‌ കമ്മീഷന്റെ ചെയര്‍പേര്‍സണായി പ്രവര്‍ത്തിച്ച ഡോ. മിനി നെല്‍സണും ഒപ്പം എല്ലാ കമ്മീഷന്‍ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുകയും അവരുടെ സ്തുത്യര്‍ഹമായ സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

എപ്പാർക്കിയുടെ സേഫ്ഗാര്‍ഡിംഗ്‌ കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാൻ രൂപതയുടെ വെബ്സൈറ്റ് സന്ദർശിക്കുക.
www.eparchyofgreatbritain. org

രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക്‌ ഇത്തവണ ഏർപ്പെടുത്തിയ മുൻ‌കൂർ രജിസ്ട്രേഷൻ പൂർത്തിയായി . ക്യാൻസലേഷൻ അനുസരിച്ച് മാത്രമേ ഇനി ബുക്കിങ് ഉണ്ടായിരിക്കുകയുള്ളു സെഹിയോൻ വെബ് സൈറ്റ് , യൂട്യൂബ് ഫേസ്ബുക്ക് പേജുകളിലും കൺവെൻഷൻ ലൈവ് ആയി കാണാവുന്നതാണ് .

ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് , സെഹിയോൻ മിനിസ്ട്രിയുടെ സ്ഥാപകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലച്ചന്റെ ശുശ്രൂഷകളുടെ തുടർച്ചയായി യൂറോപ്പ് കേന്ദ്രീകരിച്ച് യുകെയിൽ 2009 ൽ റവ.ഫാ. സോജി ഓലിക്കൽ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച കാത്തലിക് ബൈബിൾ കൺവെൻഷൻ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനുശേഷം സെപ്റ്റംബർ മാസത്തിൽ വീണ്ടും സ്ഥിരം വേദിയായ ബിർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്റെറിൽ പേട്രൻമാരായ ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബർണാഡ് ലോങ്‌ലി , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ , സീറോ മലങ്കര സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ യൂഹന്നാൻ മാർ തിയഡോഷ്യസ് എന്നിവരുടെ അനുഗ്രഹ ആശീർവാദത്തോടെ ഈ മാസം 11 നാണ് നടക്കുക .

പരിശുദ്ധാത്മ അഭിഷേകത്താൽ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും അതുവഴി ജീവിത നവീകരണവും സാധ്യമാക്കി അനേകരെ ദൈവികതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നതിലൂടെ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ യുകെ യിലും യൂറോപ്പിലും പാരമ്പര്യ ക്രൈസ്തവ വിശ്വാസത്തെ തലമുറകളിലൂടെ വളർത്തിയെടുക്കുകയും അതുവഴി സഭയുടെ വളർച്ചയിലും നിത്യേന ഭാഗഭാക്കായിക്കൊണ്ടിരിക്കുകയാണ് .

അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ,മാർ റാഫേൽ തട്ടിൽ തുടങ്ങി അനവധി ബിഷപ്പുമാരും ഫാ. ജോർജ് പനക്കൽ , ഫാ. സേവ്യർ ഖാൻ വട്ടായിൽ , ഫാ. ഡൊമനിക് വാളന്മനാൽ തുടങ്ങിയ നിരവധി വചന പ്രഘോഷകരും അൽമായ ശുശ്രൂഷകരും ഇതിനോടകം ഈ കൺവെൻഷനിൽ ശുശ്രൂഷകൾ നയിച്ചിട്ടുണ്ട് .  ലോക്ഡൗണിൽ ഓൺലൈനിലായിരുന്നു ഇതുവരെയും കൺവെൻഷൻ നടത്തപ്പെട്ടത് .

സവിശേഷമായ യൂറോപ്യൻ സംസ്കാരത്തിൽ യേശുവിനെ രക്ഷകനും നാഥനുമായി ആയിരങ്ങൾ കണ്ടെത്തുവാൻ ഇടയാക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ വീണ്ടും ബെഥേലിൽ നടക്കുമ്പോൾ യുകെ യുടെ വിവിധ ദേശങ്ങളിൽ പ്രാർത്ഥനാപൂർവ്വമായ ഒരുക്കങ്ങൾ നടന്നുവരികയാണ് . കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി വിവിധ ഭാഷാ ദേശക്കാരായ അനേകർ എത്തിച്ചേരുന്ന കൺവെൻഷനായി പ്രശസ്‌ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിൽ വൻ ഒരുക്കങ്ങൾ നടന്നുവരികയാണ് .

കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും കൺവെൻഷനിൽ ഉണ്ടായിരിക്കും. കുമ്പസാരം , സ്പിരിച്വൽ ഷെയറിംങ് , എന്നിവയും മലയാളം , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ നടക്കുന്നതാണ് .

അത്ഭുതകരമായ വിടുതലും ജീവിത നവീകരണവും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന , രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം,ദിവ്യ കാരുണ്യ ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനേപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

യുകെ യിലെ വിവിധ ദേശങ്ങളിൽ നിന്നായി കൺവെൻഷനിലേക്ക്‌ ഏർപ്പെടുത്തിയിരിക്കുന്ന കോച്ചുകളെയും മറ്റ് വാഹനങ്ങളെപ്പറ്റിയുമുള്ള വിവരങ്ങൾക്ക് ;

ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478

 

ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും ആഘോഷിക്കുന്നു. എട്ടു ദിനങ്ങളിലായി ആഘോഷിക്കുന്ന കർമങ്ങൾക്ക് സെപ്റ്റംബർ ഒന്നിന് വികാരിയും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാളുമായ മോൺസിഞ്ഞോർ ജോർജ് തോമസ് ചേലക്കൽ കൊടിയേറ്റിയതോടെ തിരുനാളിന് തുടക്കം കുറിച്ചു. ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ഇടവകാ സമൂഹവും സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനും സംയുക്തമായി ആചരിക്കുന്ന എട്ട് നോയമ്പ് ആചാരണം സെപ്റ്റംബർ 1 മുതൽ 8 വരെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ എല്ലാ ദിവസവും രാവിലെ 10 മണിക്ക് ഇംഗ്ലീഷ് കുർബാനയും വൈകുന്നേരം 5.45 ന് മലയാളം കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഞായർ ദിവസം പതിവ് പോലുള്ള കുർബാന സമയം ക്രമീകരിച്ചിരിക്കുന്നു. സെപ്റ്റംബർ 11 ന് ഉചകഴിഞ്ഞു പ്രധാന തിരുനാൾ ആഘോഷം 3 മണിക്ക് ആരംഭിക്കുന്നതായിരിക്കും.

തിരുനാൾ ദിനത്തിൽ കുട്ടികളെ അടിമവെയ്ക്കുന്നതിന്, കഴുന്ന് എടുക്കുന്നതിനും കൂടാതെ സമൂഹ വിരുന്നും ഒരുക്കിയിരിക്കുന്നു. ക്രിസ്തീയമായ സാഹോദര്യവും പങ്കുവെയ്ക്കലും വിളിച്ചോതുന്ന ഈ തിരുന്നാൾ ആഘോഷത്തിൽ പ്രാർത്ഥനാപൂർവം പങ്ക് ചേരുവാൻ എല്ലാവരെയും സ്നേഹത്തോടെ
സ്വാഗതം ചെയുന്നു. തിരുനാളിന്റെ എല്ലാവിധ മംഗളങ്ങളും നേരുന്നു.

സ്നേഹപൂർവ്വം,

മോൺസിഞ്ഞോർ ഫാദർ ജോർജ്ജ് തോമസ് ചേലക്കൽ

St.Alphonsa Mission
Greencoat Road
Leicester
Leicestershire
LE3 6NZ
United Kingdom
Email: [email protected]
Phone: (0116) 287 5232
http://www.stalphonsaleicester.org.uk/

 

ബിനോയ് എം. ജെ.

എല്ലാ ഭാരതീയ തത്വചിന്തകന്മാരും അടിവരയിട്ട് പറയുന്ന ഒരു കാര്യമുണ്ട്- ആഗ്രഹം അനാരോഗ്യകരമാണ്. ശ്രീബുദ്ധന്റെ എല്ലാ ഉപദേശങ്ങളും ഈയൊരു തത്വത്തെ ചുറ്റിപറ്റി കിടക്കുന്നു. എന്താണ് ആഗ്രഹമെന്ന് ഉപരിപ്ലവമായി നമുക്കറിയാം .എന്നാൽ നാം അതിനെ ആഴത്തിൽ അറിയുന്നില്ല. ഒരിക്കൽ അതിനെ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ നാം ഒന്നും ആഗ്രഹിക്കുകയില്ല. ആഗ്രഹങ്ങൾ തിരോഭവിക്കുന്നത് ആനന്ദം ഉണർന്നു തുടങ്ങുന്നു . നമ്മിലെ ഈശ്വര ചൈതന്യം പ്രകാശിക്കുന്നു.

അനന്തമായ ആനന്ദം മനുഷ്യന്റെ പ്രകൃതമാകുന്നു. ആഗ്രഹം ഈ ആനന്ദത്തെ മറക്കുന്നു. ആഗ്രഹിക്കുന്ന മനുഷ്യൻ ആന്തരികമായ പൂർണ്ണതയെ നിഷേധിക്കുന്നു. ആഗ്രഹം അപൂർണ്ണതയുടെ അടയാളമാകുന്നു. അപൂർണതയിൽ നിന്നും അല്ല ആഗ്രഹം ഉദിക്കുന്നത് മറിച്ച് ആഗ്രഹത്തിൽ നിന്നും ആണ് അപൂർണ്ണത അനുഭവപ്പെടുന്നത്. ആഗ്രഹം നമ്മിൽ ഒരു ആശയക്കുഴപ്പം ജനിപ്പിക്കുന്നു. ഞാൻ പൂർണ്ണനോ അതോ അപൂർണ്ണനോ? ഉള്ളിലുള്ള ആന്തരിക സത്ത പറയുന്നു ഞാൻ പൂർണ്ണൻ ആണ്; എന്നാൽ ആഗ്രഹങ്ങളെ തേടുന്ന അതേ സത്ത പറയുന്നു ഞാൻ അപൂർണ്ണനാണ്. മനസ്സ് ജനിക്കുന്നത് ഈ ആശയക്കുഴപ്പത്തിൽ നിന്നുമാണ്.

വാസ്തവത്തിൽ എന്റെ അസംതൃപ്തിയും എന്റെ ആഗ്രഹങ്ങളും കൂടിച്ചേർന്ന് ഒരു ദൂഷിത വലയത്തിന് രൂപം കൊടുക്കുന്നു. ആഗ്രഹിക്കുമ്പോൾ ഞാൻ അപൂർണ്ണനാണ് എന്ന ചിന്ത (അസംതൃപ്തി) വരുന്നു. അസംതൃപ്തിയിൽ നിന്നും വീണ്ടും ആഗ്രഹങ്ങൾ ജനിക്കുന്നു. ഈ ദൂഷിത വലയത്തെ തകർക്കണം എങ്കിൽ പുതിയ ഒരു ചിന്താസരണി വെട്ടി തുറക്കേണ്ടിയിരിക്കുന്നു. “അഹം ബ്രഹ്മാസ്മി” എന്ന് നിങ്ങൾ കേട്ടിരിക്കും. അതിന്റെ അർത്ഥം ‘ഞാൻ ഈശ്വരൻ ആണ്’ എന്നതാണ്. അവിടെ അസംതൃപ്തിക്കോ, അപൂർണ്ണതയ് ക്കോ,ആഗ്രഹങ്ങൾക്കോ സ്ഥാനമില്ല. അവിടെ ആശയക്കുഴപ്പങ്ങൾ തിരോഭവിക്കുന്നു. ആശയക്കുഴപ്പങ്ങൾ തിരോഭവിക്കുന്നിടത്ത് മനസ്സ് തിരോഭവിക്കുന്നു. മനസ്സ് തിരോഭവിക്കുമ്പോൾ ഉള്ളിലുള്ള ഈശ്വരൻ പ്രകാശിക്കുന്നു.

ആഴത്തിൽ ചിന്തിക്കുമ്പോൾ എല്ലാ ആഗ്രഹങ്ങളും അസ്ഥാനത്താണെന്ന് കാണുവാൻ സാധിക്കും.ആന്തരികമായി നോക്കുമ്പോൾ നാം പൂർണ്ണരാണെന്നും അതിനാൽ തന്നെ ആഗ്രഹങ്ങൾക്ക് നിലനിൽപ്പില്ലെന്നും അറിയുവാൻ കഴിയുന്നു. ബാഹ്യമായി നോക്കുമ്പോഴോ? അവിടെ നമുക്കൊരു സമത കാണുവാൻ കഴിയുന്നു .ബാഹ്യലോകത്ത് അസമത കാണുന്നവൻ മൂഢൻ ആകുന്നു. നിങ്ങൾക്ക് പണം ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം ;അധികാരം ഉണ്ടായിരിക്കാം ,ഇല്ലായിരിക്കാം . ഏതാണ് കൂടുതൽ ശ്രേഷ്ഠം? അധികാരവും പണവും ആണ് ശ്രേഷ്ഠമെന്ന് മൂഢനും അജ്ഞനും ആയവൻ കരുതുന്നു. എന്നാൽ ആഴത്തിൽ ചിന്തിക്കുകയും ജീവിതത്തെ അനുഭവിച്ചറിയുകയും ചെയ്യുന്നവൻ എല്ലാം സമം ആണെന്ന് പറയുന്നു. പണവും അധികാരവും നിങ്ങളുടെ മന:സ്സമാധാനത്തെ കെടുത്തുന്നു . പണവും അധികാരവും ഉള്ളവൻ ശ്രേഷ്ഠൻ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അതിന്റെ കാരണം നിങ്ങളുടെ കാഴ്ചപ്പാടിലുള്ള വൈകല്യം മാത്രമാണ്. നിങ്ങളെക്കാൾ ശ്രേഷ്ഠരായി നിങ്ങൾ ആരെയും കരുതേണ്ട കാര്യമില്ല. അങ്ങനെ കരുതിയാൽ അയാൾ നിങ്ങളെ ചൂഷണം ചെയ്യും! നിങ്ങളെക്കാൾ അധമൻ ആയി ആരെയും കാണാതിരിക്കുക. അങ്ങനെ കരുതുന്നത് പാപമാണ്! അതിൽ നിന്നും ദുഃഖമേ ഉണ്ടാവൂ..അസമത്വബോധത്തിൽ നിന്നും ആഗ്രഹം ജനിക്കുന്നു. ആഗ്രഹത്തിൽ നിന്നും അസംതൃപ്തി ജനിക്കുന്നു. അസംതൃപ്തിയിൽ നിന്നും വീണ്ടും ആഗ്രഹം ജനിക്കുന്നു. ഇതൊരു ദൂഷിത വലയമാണ് .ഇതിനെ തകർക്കുന്നവൻ ജീവിതത്തിൽ വിജയിക്കുന്നു.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

ചരിത്രപ്രസിദ്ധമായ പുളിങ്കുന്ന് വലിയ പള്ളി. മാതാവിന്റെ 8 നോമ്പു പെരുനാൾ ആഘോഷിക്കുന്ന പുളിങ്കുന്ന് സെന്റ് മേരി ഫൊറോനാ പള്ളിയുടെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം . 2006 ൽ കുട്ടനാടിന്റെ ആദ്യത്തെ എം.എൽ.എ ശ്രീ തോമസ് ജോണിന്റെ ചരമശതാബ്ദിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികയിൽ ശ്രീ. ജോൺ.സി.ടിറ്റോ എഴുതിയ പുളിങ്കുന്ന് വലിയ പള്ളിയുടെ ചരിത്രം….
*************************************************

കേരളത്തിൻ്റെ നെല്ലറയായ കുട്ടനാട്ടിൽ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ക്രൈസ്തവർ താമസം തുടങ്ങിയിരുന്നു. ക്രിസ്തു ശിഷ്യനായ മാർ തോമാ ശ്ലീഹായാൽ സ്ഥാപിതമായ നിരണം പള്ളിയിൽ ആയിരുന്നു കുട്ടനാട്ടിലെ ആദിമ ക്രൈസ്തവർ ആത്മീയ കാര്യങ്ങൽ നിർവഹിച്ചിരുന്നത്. പിന്നീട് കല്ലൂർക്കാട് പള്ളി സ്ഥാപിതമായതോടെ കുട്ടനാട്ടിലെ ക്രൈസ്തവരുടെ ആരാധനാ കേന്ദ്രം കല്ലൂർക്കാട് ( ചമ്പക്കുളം) പള്ളിയായി. പുളിങ്കുന്നിലും പരിസരപ്രദേശങ്ങളിലും ക്രൈസ്തവരുടെ എണ്ണം വർധിച്ചപ്പോൾ ഇവിടെയും ഒരു ദേവാലയം സ്ഥാപിക്കുവാൻ അന്നത്തെ ക്രൈസ്തവരുടെ നേതാവായിരുന്ന ചക്കാല ഈപ്പൻ തരകന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചു. അന്ന് ഈ പ്രദേശങ്ങളുടെ (കോട്ടനെട്ടായം) നാടുവാഴിയായിരുന്ന വടക്കുംകൂർ കോയിക്കൽ തമ്പുരാനെ കണ്ട് ചക്കാല ഈപ്പൻ തരകൻ തങ്ങളുടെ ആവശ്യം അറിയിച്ചു. ഇപ്പോൾ പുളിങ്കുന്ന് വലിയപള്ളി ഇരിക്കുന്ന സ്ഥലം നാടുവാഴി പള്ളി വയ്ക്കുന്നതിന് അനുവദിക്കുകയും അവിടെ താമസിച്ചിരുന്ന പള്ളിയോടം വലിക്കുന്ന അരയന്മാരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ദേശവാഴിയുടെ വകയായി മങ്കൊമ്പ് ചെറിയ മഠത്തിൽ നിന്നിരുന്ന വള്ളപ്പുര പൊളിച്ച് പുളിങ്കുന്നിൽ പള്ളിയായി സ്ഥാപിച്ച് ആരാധന സൗകര്യം ഏർപ്പെടുത്തി.

എ.ഡി. 1450 കാലഘട്ടത്തിലാണ് പുളിങ്കുന്നിലെ ഈ ആദ്യ ക്രൈസ്തവ ദേവാലയം സ്ഥാപിതമായത്. എ.ഡി.1500 ന് ശേഷം അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജാവ് പുളിങ്കുന്ന് പ്രദേശം കീഴടക്കി തന്റെ രാജ്യത്തോട് ചേർത്തു. കുട്ടനാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും ചെമ്പകശ്ശേരി രാജാവിൻറെ അധീനതയിലായി. കൃഷി, കച്ചവടം മുതലായവ വഴി ചെമ്പകശ്ശേരി രാജ്യം സമ്പൽസമൃദ്ധവും ഐശ്വര്യ പൂർണവും സാംസ്കാരികസമ്പന്നവുമായതോടുകൂടി മറ്റു പ്രദേശങ്ങളിൽ നിന്നും നിരവധി ആളുകൾ ഇവിടെ കുടിയേറി പാർക്കുവാൻ തുടങ്ങി. ചെമ്പകശ്ശേരി രാജാക്കന്മാരുടെ ഭരണകാലത്ത് ധാരാളം ക്രൈസ്തവരും മറ്റു പ്രദേശങ്ങളിൽ നിന്ന് കുട്ടനാട്ടിൽ കുടിയേറിപ്പാർത്ത് കൃഷി മുതലായ തൊഴിലുകൾ ചെയ്തു വന്നു. ഈ കാലഘട്ടത്തിൽ പുളിങ്കുന്നിൽ ധാരാളം ക്രൈസ്തവ കുടുംബങ്ങൾ പുതുതായി വന്ന് താമസം ആരംഭിച്ചു. ഇപ്പോൾ പുളിങ്കുന്ന് കൊവേന്ത പള്ളി ഇരിക്കുന്ന സ്ഥലം മുതൽ വലിയപള്ളി വരെയും വലിയപള്ളി മുതൽ കിഴക്കേ തലയ്ക്കൽ കുരിശുപള്ളി ഇരിക്കുന്നിടം വരെയും ആറ്റിറമ്പിൽ നിരവധി ക്രൈസ്തവ കുടുംബങ്ങൾ താമസിച്ചു. ഇതോടെ പുളിങ്കുന്ന് സുറിയാനി ക്രിസ്ത്യാനികളുടെ ഒരു ശക്തികേന്ദ്രമായി വളർന്നു.

എ.ഡി. 1557ൽ പുളിങ്കുന്നിലും പരിസരപ്രദേശങ്ങളിലുമുളള ക്രൈസ്തവർ ഒത്തുചേർന്ന് പഴയ പള്ളി പൊളിച്ചു പണിഞ്ഞു. അന്ന് കേരളത്തിൽ പോർച്യുഗീസുകാരെ ഭയന്ന് വേഷം മാറി നടന്നിരുന്ന കേരളത്തിലെ അവസാനത്തെ കൽദായ മെത്രാനെ പുളിങ്കുന്നിലെ ക്രൈസ്തവ കുടുംബങ്ങൾ ചേർന്ന് പുളിങ്കുന്നിൽ കൊണ്ടുവരുകയും പുളിങ്കുന്നിൽ പള്ളിക്ക് അടിസ്ഥാനം ഇടുകയും ചെയ്തു. 1557 ഫെബ്രുവരി 4 ന്പ്രോഎക്സിലെത്തി പ്രേഎമിനേൻഡ്യാ എന്ന തിരുവെഴുത്തിലൂടെ പോൾ നാലാമൻ മാർപ്പാപ്പ കൊച്ചി രൂപത സ്ഥാപിക്കുകയും ഈ പ്രദേശങ്ങൾ മുഴുവൻ ഈ രൂപതയുടെ കീഴിൽ ആക്കുകയും ചെയ്തു.

പുളിങ്കുന്നിലെ പുതിയ പള്ളി പണി പൂർത്തിയായപ്പോൾ കൊച്ചി രൂപത മെത്രാനിൽ നിന്നും ചെമ്പകശ്ശേരി രാജാവിന്റെയും പുളിങ്കുന്നിലെ ക്രൈസ്തവരുടെയും അഭ്യർത്ഥനപ്രകാരം അംഗീകാരം വാങ്ങി പുതിയ ദേവാലയം വെഞ്ചരിക്കുകയും ചെയ്തു. കൊച്ചിയിലെ അന്നത്തെ മെത്രാന്റെയും പുളിങ്കുന്നിലെ ദൈവജനത്തിന്റെയും പ്രത്യേക താൽപര്യപ്രകാരം ദൈവമാതാവായ കന്യകാമറിയത്തിന്റെ നാമത്തിൽ പള്ളി പ്രതിഷ്ഠിച്ചു. അന്ന് മുതൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളായ സെപ്റ്റംബർ 8 പുളിങ്കുന്ന് പള്ളിയിലെ പ്രധാന തിരുനാളായി ആഘോഷിക്കുന്നു. ആയിരക്കണക്കിനു വരുന്ന ദർശനസമൂഹാഗംങ്ങളുടെ മേൽനോട്ടത്തിലാണ് പ്രധാനതിരുനാൾ നടത്തുന്നത്. അതിനുവേണ്ടി ദർശന സമൂഹം ചേർന്ന് പ്രസുദേന്തിയെയും അവരുടെ തലവനായ ശീന്തിക്കോനേയും തെരഞ്ഞെടുക്കുന്നു.

എ.ഡി. 1750 ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് ചെമ്പകശ്ശേരി രാജ്യം കീഴടക്കി തിരുവിതാംകൂറിൽ ചേർത്തു. ഇതോടെ തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി കുടുംബങ്ങൾ അരിഉത്പാദനമേഖലയായ കുട്ടനാട്ടിലേക്ക് കുടിയേറി. ഈ സമയത്ത് കുടിയേറിയവരാണ് പുളിങ്കുന്നിൽ ഇപ്പോഴുള്ള ക്രൈസ്തവരിൽ ഭൂരിപക്ഷം കുടുംബങ്ങളും.
ഇപ്പൊൾ പുളിങ്കുന്നിൽ കാണുന്ന കലാവിരുതുള്ള ബ്രഹ്മാണ്ഡ ദേവാലയം പുളിങ്കുന്നിന്റെ നെറുകയിൽ പമ്പയാറിൻ്റെ തീരത്തായി എ.ഡി. 1885 ൽ പണി കഴിപ്പിച്ചിട്ടുള്ളതാണ്. ഇന്ന് കാണുന്ന രീതിയിൽ എട്ടുപട്ടത്തോടുകൂടിയ പള്ളി പണിയുവാൻ നേതൃത്വം നൽകിയത് പുളിങ്കുന്ന് ഇടവകക്കാരൻ ആയിരുന്ന ശ്രാമ്പിക്കൽ ഗീവർഗ്ഗീസ് കത്തനാർ ആണ്. പള്ളിയുടെ ശിലാസ്ഥാപനവും ആദ്യ കല്ല് വെഞ്ചരിപ്പും ഈ ഇടവകാക്കാരൻ ആയിരുന്ന വെളിയനാട് തോപ്പിൽ ഗീവർഗ്ഗീസ് അച്ചനാണ് നിർവഹിച്ചത്.

പഴയ പള്ളിയുടെ അടിത്തറയിൽ തന്നെയാണ് പുതിയ പള്ളി പണിതത്. ഇപ്പൊൾ കാണുന്ന ഹൈക്കല പഴയ ഹൈക്കല തന്നെയാണ്. പതിനാറ് വർഷത്തോളം വികാരിയായി പള്ളി പണിക്ക് നേതൃത്വം നൽകിയ ശ്രാമ്പിക്കൽ അച്ചന് ശേഷം ബഹുമാനപ്പെട്ട സക്കറിയാസ് വാച്ചാപറമ്പിൽ അച്ചൻ വികാരിയായി, അദ്ദേഹം നേതൃത്വം നൽകിയാണ് ഇപ്പൊൾ കാണുന്ന പള്ളിയുടെ മുഖവാരപ്പണി നടത്തിയത്.

പള്ളി പണിയുടെ കാലഘട്ടത്തിൽ മെത്രാനച്ചന്റെ സെക്രട്ടറി ആയിരുന്ന പുളിങ്കുന്ന് പുരയ്ക്കൽ തോമാ കത്തനാരും പണികൾക്ക് നല്ല സഹായം നൽകിയിരുന്നു. തോമ്മാ കത്തനാർ വരപ്പിച്ച് നൽകിയ സ്കെച്ചും പ്ലാനും അനുസരിച്ചാണ് പള്ളി പണിതിട്ടുള്ളത്. പല കാലഘട്ടങ്ങളിലായി ഈ ഇടവകയിൽ നിന്നും പിരിഞ്ഞ് സ്വതന്ത്ര ഇടവകകളായ 20 പള്ളികൾ പുളിങ്കുന്ന് ഫൊറോനയുടെ കീഴിൽ പ്രവർത്തിക്കുന്നു.ഗ്രാമീണ ഭംഗി നിറഞ്ഞതും അതി മനോഹരവും ബൃഹത്തുമായ ഈ പുണ്യ പുരാതന ദൈവാലയം നൂറ്റാണ്ടുകളായി കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ അഭിമാനമാണ്.

 

ജോൺ.സി.ടിറ്റോ

പുളിങ്കുന്ന് സെന്റ് മേരി ഫൊറോനാ പള്ളിയുടെ ചരിത്രം പുതു തലമുറയുടെ അറിവിലേക്ക് പകർന്നു തന്ന ജോൺ.സി.ടിറ്റോ പുളിങ്കുന്നിലെ ഒരു പ്രമുഖ രാഷ്ട്രീയ പ്രവർത്തകൻ ആണ്. 2018ലെ നൂറ്റാണ്ടിലെ വെള്ളപ്പൊക്ക സമയത്തു പുളിങ്കുന്നിൽ നിന്നും രക്ഷാപ്രവർത്തനത്തിന് നേത്രത്വം നൽകിയ നെല്ല് കർഷകൻ കൂടിയായ ടിറ്റോ ജന്മനസുകൾ കിഴടക്കി ഒരു നേതാവാണ്…

ബിജോ തോമസ് അടവിച്ചിറ

ഷൈമോൻ തോട്ടുങ്കൽ

സാൽഫോഡ്, ട്രാഫോഡ്, നോർത്ത് മാഞ്ചസ്റ്റർ, വാറിങ്ടൻ എന്നിവിടങ്ങളിലെ സീറോ മലബാർ വിശ്വാസികൾക്കു വേണ്ടി സ്ഥാപിതമായിരിക്കുന്ന വി. എവുപ്രാസ്യ മിഷന്റെ ഉദ്ഘാടനവും തിരുനാളും സംയുക്തമായി ആഗസ്റ്റ് 29 ഞായർ 2:15 ന് സെന്റ് മേരീസ് ചർച്ച് എക്കിൾസിൽ നടക്കും (M30 0LU). തിരുനാളിനു ഒരുക്കമായുള്ള കൊടിയേറ്റ് നടന്നു . മിഷൻ ഡയറക്ടർ ഫാ. ജോൺ പുളിന്താനത്ത് കൊടിയേറ്റ് കർമ്മം നിർവഹിച്ചു തുടർന്ന് നടന്ന വിശുദ്ധ കുർബാനക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ചാൻസിലർ റെവ. ഡോ . മാത്യു പിണക്കാട്ട് കാർമികത്വം വഹിച്ചു .

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ നാളെ നടക്കുന്ന തിരുക്കർമ്മങ്ങളിൽ സാൽഫോഡ് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോൺ അർനോൾഡ് പിതാവിന്റെ സാന്നിദ്ധ്യം ഉണ്ടാകും. വികാരി ജനറാൾമാരായ മോൺ. ആന്റണി ചുണ്ടെലിക്കാട്ട്, മോൺ. ജിനോ അരീക്കാട്ട്, മോൺ. സജി മലയിൽ പുത്തൻപുര, മാഞ്ചസ്റ്റർ റീജ്യണൽ കോഡിനേറ്റർ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, റവ. ഫാ. ജോ മൂലച്ചേരി എന്നിവർ സഹകാർമ്മികരായിരിക്കും.

തിരുനാളിന് ഒരുക്കമായി ആഗസ്റ്റ് 20 മുതൽ വി. എവുപ്രാസ്യാമ്മയോടുള്ള നൊവേന ആരംഭിക്കും. . പ്രധാന തിരുനാൾ ദിനമായ ആഗസ്റ്റ് 29 ന് ആഘോഷമായ വി.കുർബാനയ്ക്കു ശേഷം ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, തുടർന്ന് സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. മിഷന്റെ ഉദ്ഘാടനവും തിരുനാളും അവിസ്മരണീയമാക്കാൻ ട്രസ്റ്റിമാരായ ജാക്സൺ തോമസ് (07403863777), വിൻസ് ജോസഫ് (07877852815), സിബി വേകത്താനം (07903748605), സ്റ്റാനി എമ്മാനുവേൽ (07841071339) എന്നിവരുടെയും തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ജെയിംസ് ജോണിന്റെയും (07886733143) നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

തിരുനാളിലും വി.കുർബാനയിലും നൊവേനയിലും പങ്കെടുത്ത് വി.എവുപ്രാസ്യാമ്മയുടെ മാദ്ധ്യസ്ഥ്യം വഴി അനുഗ്രഹം പ്രാപിക്കാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിച്ചുകൊണ്ട് മിഷൻ കോഡിനേറ്റർ ഫാ. ജോൺ പുളിന്താനത്ത് .

ഷൈമോൻ തോട്ടുങ്കൽ

മാഞ്ചെസ്റ്റെർ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മാഞ്ചെസ്റ്റെർ പ്രദേശത്തെ സാൽഫോർഡ് രൂപതയിൽ പെട്ട സെൻട്രൽ മാഞ്ചെസ്റ്റെർ , നോർത്ത് മാഞ്ചസ്റ്റർ ,ആഷ്ടൺ , ഓൾഡ് ഹാം എന്നീ വിശുദ്ധ കുർബാന കേന്ദ്രങ്ങൾ ഒന്ന് ചേർന്ന് രൂപീകൃതമാകുന്ന ഹോളി ഫാമിലി മിഷൻ നാളെ ഔദ്യോഗികമായി നിലവിൽ വരും .ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ലോങ്ങ് സൈറ്റിലെ സെൻറ് ജോസഫ് പള്ളിയിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ വച്ച് മിഷൻ ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്യപ്പെടും .

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ , സാൽഫോർഡ് രൂപതാധ്യക്ഷൻ മാർ ജോൺ അർണോൾഡ് എന്നിവർ വിശുദ്ധ കുർബാനയ്ക്കും , ശുശ്രൂഷകൾക്കും കാർമികത്വം വഹിക്കും , വികാരി ജനറൽ മോൺ .ജിനോ അരീക്കാട്ട് എം .സി. ബി എസ്‌ .മാഞ്ചെസ്റ്റെർ റീജിയൻ ഡയറക്ടർ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ , നിയുക്ത മിഷൻ ഡയറക്ടർ റെവ. ഫാ. വിൻസെന്റ് ചിറ്റിലപ്പള്ളി , മറ്റു വൈദികർ എന്നിവർ സഹ കാർമ്മികർ ആകും . കൈക്കാരന്മാരായ അനിൽ അധികാരം ,മാത്യു ജോസഫ് ,സന്തോഷ് മാത്യു ,സുനീഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിപുലമായ കമ്മറ്റിയാണ് പരിപാടികൾക്ക് നേതുത്വം നൽകുന്നത് , തിരുക്കുടുംബ മിഷന്റെ ഔദ്യോഗികമായ ഉൽഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനും , ദൈവാനുഗ്രഹങ്ങൾ യാചിക്കുന്നതിനും ഉത്‌ഘാടന ചടങ്ങുകളിക്കും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി നിയുക്ത മിഷൻ ഡയറക്ടർ റെവ.ഫാ.വിൻസെന്റ് ചിറ്റിലപ്പള്ളി അറിയിച്ചു .

അനീഷ് ബാബു പാലമൂട്ടില്‍
ആധുനികലോകം പുരോഗതിയില്‍നിന്നും പുരോഗതിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരിക്കുന്നു. പുതിയ ടെക്‌നോളജികള്‍ പുതിയ പരീക്ഷണങ്ങള്‍ എന്നിവകൊണ്ട് ലോകം മാറി കഴിഞ്ഞു. ഒരു കാലത്ത് ആഴിയെയും ആകാശത്തെയും കണ്ട് അറച്ച മനുഷ്യന്‍ ആകാശത്തെയും ആഴിയെയും കീഴടക്കി യാത്ര തുടരുകയാണ്. ന്യൂ ജനറേഷന്‍ ആധുനിക ടെക്‌നോളജിയുമായി മുന്നേറുകയാണ്. മനുഷ്യ മൂല്യങ്ങള്‍ക്ക് വില കല്പിക്കാത്ത യൗവനക്കാര്‍ ജീവിതത്തില്‍ ചേര്‍ത്ത് പിടിക്കേണ്ട ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയെ മാറ്റി നിര്‍ത്തിയിരിക്കുന്നു. എന്താണ് ആഘോഷങ്ങള്‍ക്ക് ജീവിതത്തില്‍ ഇത്ര പ്രാധാന്യമെന്ന് യുവതലമുറകള്‍ ചിന്തിക്കേണ്ടതുണ്ട്. കാലങ്ങള്‍ക്ക് അനുസരിച്ച് നമ്മുടെ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ ഉണ്ടാകാം. ജീവിതത്തില്‍, പക്ഷെ ഒന്ന് മനസിലാക്കേണ്ടതുണ്ട്. നമ്മുടെ പൂര്‍വ്വികരില്‍ നിന്നും നമ്മുക്ക് കിട്ടിയ നല്ല ആശയങ്ങള്‍ , ചിന്തകള്‍, ആചാരങ്ങള്‍ നമ്മള്‍ പാലിക്കപേടേണ്ടതാണ്. പണ്ട്കാലങ്ങളില്‍ നടന്നുവന്ന ആഘോഷങ്ങള്‍ മനുഷ്യനെ പരസ്പരം ചേര്‍ത്ത്പിടിച്ചുകൊണ്ടുള്ളതായിരുന്നു.കാലങ്ങളായി ആഘോഷിക്കുന്ന ഓണവും, ബക്രീദും, ക്രിസ്തുമസ്സുമൊക്കെ ജാതിമതഭേദമില്ലാതെതന്നെ ആഘോഷിക്കപ്പെടുന്നതായിയിരുന്നു. മനുഷ്യന്റെ ഐക്യം, പരസ്പര വിശ്വാസം, സ്‌നേഹം എല്ലാംതന്നെ ഈ ആഘോഷങ്ങളുടെ ഭാഗമായിരുന്നു. നാനാ മതസ്ഥര്‍ ഒന്നിക്കുന്ന ഇഫ്താര്‍ വിരുന്നുകള്‍ തന്നെ അതിന് വലിയ ഉദാഹരണമാണ്. പുതിയ തലമുറകളെ നോക്കുമ്പോള്‍ അവരുടെ ചിന്താഗതി തന്നെ മാറി. ആഘോഷങ്ങളില്‍ മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് വലിയ ഒരു സാമൂഹ്യവിപത്തിലേക്ക് അവര്‍ എത്തിപ്പെട്ടിയിരിക്കുന്നു. ആധുനിക സംസ്‌കാരത്തിന്റെ കളിതൊട്ടില്‍ എന്ന് വിളിക്കുന്ന യൂറോപ്പില്‍പ്പോലും പരസ്പര സമന്വയം ഉള്‍ക്കൊള്ളല്‍ സാധിക്കിന്നില്ല. എല്ലാ വിഭാഗത്തിലുള്ള മനുഷ്യരെ ഒരുപോലേ കാണുന്ന കാഴ്ചപ്പാട് ന്യൂ ജനറേഷനില്‍ കാണുന്നില്ല. ആഘോഷങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കണം. ആഘോഷങ്ങള്‍ ഒരിക്കലും മദ്യത്തിന്റെയും ലഹരി പദാര്‍ത്ഥങ്ങളുടെയും വേദി ആവരുത്. പരസ്പരം കൂടിച്ചേരലിന്റെയും, സ്‌നേഹത്തിന്റെയും,നന്മയുടെയും, വിശ്വാസത്തിന്റെയും പ്രതീകമായി മാറണം. ഈ ഓണക്കാലവും അങ്ങനെയാവട്ടെ!

 

ബിനോയ് എം. ജെ.

തങ്ങൾ മാറ്റങ്ങളെ സ്നേഹിക്കുന്നുവെന്ന് എല്ലാവരും തന്നെ പറയുന്നു. പക്ഷേ അവർ അങ്ങനെ ചെയ്യുന്നില്ല എന്ന് അവരുടെ ജീവിതം തെളിയിക്കുന്നു. എപ്പോഴാണ് സുഖദുഃഖങ്ങൾ ഉണ്ടാകുന്നത് ? മാറ്റങ്ങൾ സംഭവിക്കുമ്പോൾ! മാറ്റങ്ങൾ നിങ്ങൾക്ക് സ്വീകാര്യമാകുമ്പോൾ; നിങ്ങൾ ആഗ്രഹിച്ച ഒരു മാറ്റം നിങ്ങൾക്ക് സംഭവിക്കുമ്പോൾ; അല്ലെങ്കിൽ മാറ്റങ്ങളോട് നിങ്ങൾ പൊരുത്തപ്പെടുമ്പോൾ; നിങ്ങൾക്ക് സുഖം അനുഭവപ്പെടുന്നു. മറിച്ച് ,നിങ്ങൾ ഇഷ്ടപ്പെടാത്ത ഒരു മാറ്റം നിങ്ങളിൽ സംഭവിക്കുമ്പോൾ നിങ്ങൾക്ക് ദുഃഖവും അനുഭവപ്പെടുന്നു. ഉദാഹരണത്തിന്, ഒരു ജോലി കിട്ടുമ്പോൾ, പരീക്ഷയിൽ ജയിക്കുമ്പോൾ അല്ലെങ്കിൽ പണം ഉണ്ടാകുമ്പോൾ, നിങ്ങൾക്കിഷ്ടമുള്ള ഒരു മാറ്റം നിങ്ങളിൽ സംഭവിക്കുന്നു. നിങ്ങൾക്ക് സുഖം അനുഭവപ്പെടുന്നു. മറിച്ച് ജോലി നഷ്ടപ്പെടുമ്പോഴും പരീക്ഷയിൽ തോൽക്കുമ്പോഴും പണം നഷ്ടം ഉണ്ടാകുമ്പോഴും നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത മാറ്റം നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നു- നിങ്ങൾക്ക് ദുഃഖം അനുഭവപ്പെടുന്നു. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും നിങ്ങൾക്ക് സ്വീകാര്യമാണെങ്കിൽ നിങ്ങൾക്ക് ഒട്ടും തന്നെ ദുഃഖം അനുഭവപ്പെടുകയില്ല. നിങ്ങൾ അനന്താനന്ദത്തിലേക്ക് നീങ്ങുന്നു.

മനുഷ്യന്റെ പ്രകൃതം ശീലങ്ങളിൽ അധിഷ്ഠിതമാണ്. ഇന്ന് രാവിലെ ആറുമണിക്ക് എഴുന്നേറ്റാൽ നാളെ രാവിലെയും നിങ്ങൾ അതേ സമയത്ത് തന്നെ ഉണരുന്നു. നിങ്ങൾ ശൈശവത്തിൽ ഏകാന്തതയെ സ്നേഹിച്ചു തുടങ്ങിയാൽ ശിഷ്ട ജീവിതവും ഏകാന്തതയിൽ തന്നെ കഴിയുവാൻ ആണ് സാധ്യത കൂടുതൽ. നിങ്ങൾ ചെറുപ്പത്തിൽ ശാസ്ത്രത്തെ സ്നേഹിച്ചു തുടങ്ങിയാൽ ഭാവി ജീവിതത്തിൽ നിങ്ങൾ ഒരു ശാസ്ത്രകാരൻ ആകാനാണ് സാധ്യത കൂടുതൽ. ഇപ്രകാരം ശീലങ്ങൾ നിങ്ങളുടെ വ്യക്തിത്വത്തെയും പ്രകൃതത്തെയും നിർണ്ണയിക്കുന്നു. ശീലങ്ങൾ മാറ്റങ്ങളെ ചെറുക്കുന്നു; ശീലങ്ങൾ മാറ്റങ്ങളെ തിരസ്കരിക്കുകയും എതിർക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ശീലങ്ങൾ ആകുന്നു മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. അവ മാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. എല്ലാ ശീലങ്ങളെയും നിങ്ങൾ അതിജീവിക്കുമ്പോൾ നിങ്ങൾ മാറ്റങ്ങളെ സ്നേഹിച്ചു തുടങ്ങുന്നു. നിങ്ങൾ അനന്താനന്ദത്തിലേക്ക് നീങ്ങുന്നു.

കുട്ടികളെ ശ്രദ്ധിക്കുവിൻ! അവർ എല്ലാത്തിനെയും പുതുമയോടു കൂടി നോക്കി കാണുന്നു .അവർ ഏത് സാഹചര്യങ്ങളോടും പൊരുത്തപ്പെടുവാൻ തയ്യാറാണ്; കഴിവുള്ളവരും ആണ്. കാരണം അവരിൽ ശീലങ്ങൾ രൂഢമൂലം ആയിട്ടില്ല എന്നതുതന്നെ. എന്നാൽ പ്രായമാകുന്തോറും നാം ശീലങ്ങളുടെ അടിമകളായി മാറുന്നു. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും ജീവിതവീക്ഷണങ്ങളും വ്യക്തിത്വവും എല്ലാം പഴകുന്നു. നമ്മുടെ കാര്യക്ഷമത തിരോഭവിക്കുന്നു. ശൈശവത്തിലെ പുതുമയോടുള്ള ആഭിമുഖ്യവും മാറ്റങ്ങളോടുള്ള ആഭിമുഖ്യവും ജീവിതകാലം മുഴുവൻ നിലനിർത്തിയാൽ നിങ്ങൾ അസാധാരണമായ ഒരു വ്യക്തിത്വമായി മാറും. നിങ്ങൾ സദാ വളർന്നുകൊണ്ടേയിരിക്കും. ദൗർഭാഗ്യകരമെന്ന് പറയട്ടെ ചെറുപ്രായത്തിൽ തന്നെ നമ്മുടെ വ്യക്തിത്വം നിർണ്ണയിക്കപ്പെട്ട് കഴിയുന്നു. നാം ഒരു യന്ത്രത്തെപ്പോലെ ആകുന്നു.

മാറ്റങ്ങളെ നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, സ്വീകരിച്ചാലും തിരസ്കരിച്ചാലും മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടേയിരിക്കും. മാറാത്തതായി യാതൊന്നുമില്ല. മാറ്റങ്ങളെ വെറുക്കുന്നവർ യാഥാർത്ഥ്യത്തെ വെറുക്കുന്നു .അവൻ ജീവിതത്തെയും വെറുക്കുന്നു. അത്തരക്കാർക്ക് ജീവിതത്തിൽ വിജയം കണ്ടെത്തുവാൻ ആവില്ല. അതിനാൽ എല്ലാ മാറ്റങ്ങളെയും സ്നേഹിച്ചുതുടങ്ങുവിൻ. പണം നഷ്ടപ്പെടുന്നതും ജോലി നഷ്ടപ്പെടുന്നതും അധികാരം നഷ്ടപ്പെടുന്നതും ചീത്തയായ കാര്യങ്ങൾ അല്ല .അവ നിങ്ങൾക്ക് മുന്നിൽ പുതിയ സാഹചര്യങ്ങളും പുതിയ അവസരങ്ങളും തുറന്നിടുന്നു. അവയെ പ്രയോജനപ്പെടുത്തി വളരുകയും വിജയിക്കുകയും ചെയ്യുക എന്നതാണ് നിങ്ങൾ നിക്ഷിപ്തമായിരിക്കുന്ന കടമ. സാഹചര്യങ്ങളെ പഴിച്ചു കൊണ്ട് നിങ്ങൾക്ക് എത്ര നാൾ മുന്നോട്ടു നീങ്ങുവാൻ കഴിയും ?എല്ലാ ശീലങ്ങളെയും ജയിക്കുക; പുതുമകളെ സ്വീകരിക്കുക.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

സ്കോട്ട്ലൻഡിലെ കലാകേരളം ഗ്ലാസ്ഗോയും പ്രിൻസ്റ്റണിലെ ലേഡി വെൽ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി ചാലക്കുടിയ്ക്കടുത്തുള്ള വെട്ടിക്കുഴി സ്മൈൽ വില്ലേജിൽ അന്തേവാസികൾക്കൊപ്പം ഓണാഘോഷം നടത്തി. സ്മൈൽ വില്ലേജിലെ 7 ഭവനങ്ങളിലായി കഴിയുന്ന 135 ഓളം സഹോദരങ്ങൾക്കൊപ്പം കലാകേരളം ഗ്ലാസ്ഗോയുടെയും ലേഡീവെൽ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ആഭിമുഖ്യത്തിൽ കനകമലയിലുള്ള സ്റ്റാർ ചങ്ങാതിക്കൂട്ടം പ്രവർത്തകരാണ് ഓണ സദ്യയും ആഘോഷങ്ങളും കോവിഡ്പ്രോട്ടോകോൾ പ്രകാരം നടത്തിയത്.

സ്‌മൈൽ വില്ലേജ് സ്ഥാപക ഡയറക്ടർ ഫാദർ ആന്റണി പ്ലാക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഇപ്പോഴത്തെ ഡയറക്ടർ ഫാദർ ജോമോൻ ജോർജ് അധ്യക്ഷത വഹിച്ചു. ഫാദർ ലിബിൻ പുളിക്കതൊട്ടിൽ ചങ്ങാതികൂട്ടം ഭാരവാഹികളായ സിജോയ് പാറക്കൽ, ബൈജു അറക്കൽ, പീറ്റർ ആലങ്ങാട്ടുകാരൻ, ബിജു ചുള്ളി എന്നിവർ ആശംസ പ്രഭാഷണങ്ങൾ നടത്തി. കുട്ടികളുടെ കലാമത്സരങ്ങളും സംഘടിപ്പിച്ചു. കനകമല
സ്റ്റാർ ചങ്ങാതിക്കൂട്ടം മറ്റു പ്രവർത്തകരായ ജോസ് കറുകുറ്റികാരൻ, ഷാജു ചങ്കൻ, ജെയ് സൺ മണ്ടി എന്നിവർ നേതൃത്വം നൽകി.

RECENT POSTS
Copyright © . All rights reserved