UK

ബാർമിങ്‌ഹാം യുവത്വത്തിന് പുതിയ ഉണർവേകി കൊണ്ട് ബ്രമ്മീ മലയാളി ക്രിക്കറ്റ് ക്ലബ്ബിൻറെ ആദ്യത്തെ അവാർഡ് നിശ ആഘോഷപൂർവ്വമായി നടത്തപ്പെട്ടു. ആറുമാസങ്ങൾക്കു മുമ്പ് ജിയാൻ, ജെറി സഹോദരങ്ങളുടെ നേതൃത്വത്തിൽ തുടങ്ങിയ ഈ ക്രിക്കറ്റ് ക്ലബ് വമ്പിച്ച ഒരു വിജയമായി മാറിയിരിക്കുകയാണ്. ക്രിക്കറ്റ് കൂടാതെ ബാഡ്മിൻറനും ബ്രമ്മീ മലയാളി ക്രിക്കറ്റ് ക്ലബ്ബിൻറെ ഭാഗമാണ്.

വർഷങ്ങളായി ആക്ഷൻ ഇൻഡോർ സ്പോർട്സ് – ക്രിക്കറ്റ് ലീഗിൽ കളിച്ചുകൊണ്ടിരുന്ന ഇവർക്ക് ഇത് മറ്റുള്ളവരിലും കൂടെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് തുടങ്ങിയത്. തിരക്കേറിയ സാഹചര്യങ്ങളിലും ജോലിത്തിരക്കിലും പെട്ട് വീടും ജോലിയുമായി മാത്രം കഴിഞ്ഞിരുന്ന പലർക്കും ഒന്നിച്ചു കൂടുവാനും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും, സൗഹൃദങ്ങൾ പങ്കിടുന്നതിനും വേണ്ടിയുള്ള ഒരു വേദിയായി ഈ ക്ലബ്ബ് മാറിയിരിക്കുകയാണ്.

ആഴ്ചയിൽ ഒരിക്കൽ നടന്നുവന്നിരുന്ന ഇൻഡോർ ക്രിക്കറ്റ് മാച്ചുകളിൽ നിന്നും വോട്ടെടുപ്പിലൂടെ വിവിധ അവാർഡുകൾക്ക് അർഹരായവരെ തിരഞ്ഞെടുത്തു.

ക്രിക്കറ്റിനെ ഏറെ സ്നേഹിച്ചിരുന്ന ഇങ്ങനെയൊരു ക്ലബ്ബ് സ്വപ്നം കാണുവാൻ മക്കളെ പഠിപ്പിച്ച അവരുടെ പിതാവായ സിറിയക് അഗസ്റ്റിന്റെ ഓർമ്മയ്ക്ക് വേണ്ടി അവാർഡുകൾ സ്പോൺസർ ചെയ്തത് സിറിയക് ബ്രദേഴ്സിന്റെ അമ്മയായ ആനി സിറിയക് ആണ്.

ക്ലബ്ബിൻറെ ആദ്യ പരിപാടിയായ ഈ അവാർഡ് നിശയ്ക്ക് ഒരു വമ്പിച്ച ജനസാന്നിധ്യവും സഹകരണവും ആണ് ഉണ്ടായത്. ആസ്വാദകരുടെ മനം കവരുന്ന രീതിയിൽ വിവിധ കലാപരിപാടികളും നടത്തപ്പെടുകയുണ്ടായി. തുടർന്നുള്ള കാലങ്ങളിൽ ഈ ക്രിക്കറ്റ് ക്ലബ്ബിന് വലിയ ഉയരങ്ങൾ കൈയടക്കുവാനും മറ്റുള്ള മലയാളി ക്ലബ്ബുകൾക്ക് ഒരു മാതൃക ആയി മാറുവാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
https://www.instagram.com/brummiemalayalicricketclub?igsh=MTlvcHB0d3FpM3JvMQ==

വാട്‌ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ഓക്സ്ഫോർഡ് റീജിയന്റെ നേതൃത്വത്തിൽ യുവജന സംഗമം, ‘ABLAZE 2024’ സംഘടിപ്പിക്കുന്നു. ഏപ്രിൽ മാസം നാലാം തീയതി വ്യാഴാഴ്ച്ച , വാട്‌ഫോർഡ് ഹോളി ക്വീൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന സംഗമം രാവിലെ പത്തു മണി മുതൽ വൈകുന്നേരം നാലു മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

നോർത്താംപ്ടൺ റോമൻ കത്തോലിക്കാ രൂപതയിൽ നിന്നും 2022 ജൂണിൽ വൈദികപട്ടം സ്വീകരിച്ച യുവ വൈദികൻ ഫാ ജിത്തു ജെയിംസ് മഠത്തിൽ സംഗമത്തിന് നേതൃത്വം നൽകും.

വിശ്വാസത്തിലൂന്നിക്കൊണ്ട്, പരസ്നേഹത്തിലും, സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്‌ഠിതമായ ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാനുതകുന്ന ചിന്തകൾ പങ്കുവെക്കുന്നതോടൊപ്പം ആകർഷകവും രസകരവുമായ കളികളും പരിപാടികളും സംഗമത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

യുവജനങ്ങൾക്ക്‌ പ്രാർത്ഥനക്കും ആരാധനക്കും സ്തുതിപ്പിനും അതോടൊപ്പം പരിചയപ്പെടുന്നതിനും, ആശയ വിനിമയത്തിനും, വിനോദങ്ങൾക്കും ഉള്ള വേദിയാവും ‘ABLAZE 2024’

പതിനഞ്ചു വയസ്സിനു മുകളിലുള്ളവരും അവിവാഹിതരുമായ യുവജനങ്ങളെ ഉദ്ദേശിച്ചാണ് സംഗമം ഒരുക്കിയിരിക്കുന്നത്. രജിസ്ട്രേഷൻ സൗജന്യമാണ്. ഉച്ച ഭക്ഷണം ക്രമീകരിക്കുന്നുണ്ട്.

യേശുവിനെ സ്വജീവിതത്തിൽ അനുകരിക്കുവാനും, കൃപയിൽ നയിക്കപ്പെടുവാനും അനുഗ്രഹാദായകമായ ‘ABLAZE 2024’സംഗമത്തിൽ പങ്കു ചേരുവാൻ എല്ലാ യുവജനങ്ങളെയും പ്രോത്സാഹിപ്പിച്ചയക്കണമെന്ന്‌ ഓക്സ്ഫോർഡ് റീജിയൻ ഡയറക്ടർ ഫാ. ഫാൻസുവാ പത്തിൽ, ഫാ.അനീഷ് നെല്ലിക്കൽ, ഷിനോ കുര്യൻ, റീന ജെബിറ്റി എന്നിവർ മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:-
ഫാ. ഫാൻസുവാ പത്തിൽ-07309049040
ഷിനോ കുര്യൻ- 07886326607
റീന ജബിറ്റി-07578947304

April 4th Thursday from 10:00 AM to 16:00 PM.
HOLY QUEEN CENTRE, TOLPITS LANE, WATFORD, WD18 6NP

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ സംഘടിപ്പിച്ച രണ്ടാമത് ഡബിൾസ് ബാഡ്മിൻ്റൺ ടൂർണമെൻ്റിന് ആവേശകരമായ പരിസമാപ്തി. കോവെൻട്രിയിലെ എക്സൽ ലേഷർ സെൻ്ററിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ ധനുഷ് – ബേസിൽ സഖ്യം വിജയ കിരീടം ചൂടി. വാശിയേറിയ ഫൈനൽ മത്സരത്തിൽ സുധീപ് -സന്തോഷ് സഖ്യത്തെ കീഴ്പ്പെടുത്തിയാണ് വിജയികൾ കിരീടത്തിലേക്ക് മുന്നേറിയത്. രവിതേജ – മനോബിരം സഖ്യം മൂന്നാം സ്ഥാനം നേടി. പ്രവീൺ – ആബേൽ സഖ്യത്തിനാണ് നാലാം സ്ഥാനം. പതിനാറ് റീജിയണുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അൻപതോളം ടീമുകളാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത്. ഒന്നാം സ്ഥാനക്കാർക്ക് 1001 പൗണ്ടും എവർറോളിംഗ് ട്രോഫിയും സമ്മാനിച്ചു. 501 പൗണ്ടാണ് രണ്ടാം സ്ഥാനക്കാർക്ക് സമ്മാനത്തുകയായി ലഭിച്ചത്. മൂന്നാം സ്ഥാനം നേടിയ ടീമിന് 201 പൗണ്ടും നാലാം സ്ഥാനക്കാർക്ക് 101 പൗണ്ടും നൽകി. കോവെൻട്രി മേയർ ജസ്വന്ത് സിംഗ് ബിർദി മത്സരം ഉദ്ഘാടനം ചെയ്തു. പബ്ലിക്ക് ഹെൽത്ത് വിഭാഗം കാബിനറ്റ് മെമ്പർ കമറാൻ കാൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈഫ് ലൈൻ പ്രൊട്ടക്റ്റ് സിഇഒ ജോയ് തോമസ്, ആദിസ് എച്ച് ആർ കൺസൾട്ടൻസി പ്രതിനിധികളായ സ്വപ്ന, പ്രവീൺ എന്നിവർ സന്നിഹിതരായി.

രണ്ട് മാസം നീണ്ട കായിക മാമാങ്കത്തിൽ മുന്നൂറോളം ടീമുകളാണ് പങ്കെടുത്തത്. ടീമുകളുടെ എണ്ണം കൊണ്ടും സമ്മാനത്തുകയുടെ വലുപ്പം കൊണ്ടും യുകെയിലെ ഏറ്റവും വലിയ ബാഡ്മിൻ്റൺ ടൂർണമെൻ്റുകളിൽ ഒന്നായിമാറി. മലയാളികൾക്ക് പുറമെ സ്വദേശികളും വിദേശികളും മത്സരത്തിൻ്റെ ഭാഗമായി. കോർട്ടിന് അകത്തും പുറത്തും സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധേയമായി. സംഘാടന മികവിലും ടൂർണമെൻ്റ് വേറിട്ടുനിന്നു.

അടുത്ത വർഷം മുതൽ കൂടുതൽ റീജിയണുകളിലേക്ക് മത്സരം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. ലൈഫ് ലൈൻ പ്രൊട്ടക്റ്റ്, ആദിസ് എച്ച്ആർ കൺസൾട്ടൻസി, ദി ടിഫിൻ ബോക്സ് എന്നീ സ്ഥാപങ്ങളായിരുന്നു ടൂർണമെൻ്റിൻ്റെ പ്രധാന പ്രായോജകർ.

സ്റ്റോക്ക് ഓൺ ട്രെൻഡ് സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഈ വർഷത്തെ വിശുദ്ധ വാരാചരണ ശുശ്രൂഷകൾക്ക് യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും . ഓശാന ശുശ്രൂഷകൾക്ക് തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിലും തിരുമേനിയുടെ സാന്നിധ്യത്തിൽ സന്ധ്യാ നമസ്കാരവും വചനപ്രഘോഷണവും നടന്നു വരുകയാണ് .

ബുധനാഴ്ച വൈകിട്ട് 5 മണി മുതലാണ് പെസഹായുടെ ശുശ്രൂഷ ആരംഭിക്കുന്നത് . 28-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ കാലു കഴുകൽ ശുശ്രൂഷ നടത്തപ്പെടുന്നു. യുകെ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദികരും ഇടവക ജനങ്ങളും പങ്കെടുക്കും . തുടർന്ന് 29-ാം തീയതി രാവിലെ 9 മണി മുതൽ ദുഃഖവെള്ളിയാഴ്ചയുടെ ശുശ്രൂഷ ആരംഭിക്കുന്നതാണ്. 30-ാം തീയതി രാവിലെ 9 മണിയ്ക്ക് ദുഃഖ ശനിയാഴ്ചയുടെ വിശുദ്ധ കുർബാന നടത്തപ്പെടുന്നു. അന്നേദിവസം വൈകിട്ട് 5 മണി മുതൽ ഉയർപ്പിന്റെ ശുശ്രൂഷ ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

റെവ. ഫാ . ടോം ജേക്കബ് (വികാരി) 07411939190
ജെയിംസ് തോമസ് ( ട്രസ്റ്റി) 07939964434
ജോർജ് മാത്യു (സെക്രട്ടറി) 07377320204

വിൽസൺ പുന്നോലിൽ

എക്സിറ്റർ: രണ്ടായിരത്തിൻ്റെ ആരംഭത്തിൽ യുകെ മലയാളിയുടെ രണ്ടാം കുടിയേറ്റം ആരംഭിക്കുന്നത് ആരോഗ്യ മേഘലയിൽ തൊഴിൽ അവസരങ്ങൾ തുറന്നു കിട്ടിയതോടെയാണ്. തുടർന്ന് അവരുടെ ഡിപ്പൻ്റൻ്റുമാരായി വന്നവരിൽ ഭൂരിഭാഗവും ആരോഗ്യ മേഘലയുമായി ബന്ധപ്പെട്ടും മറ്റു ചിലർ റോയൽ മെയിൽ, ടാക്സി, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിലുമാണ് ഇംഗ്ണ്ടിലെ പ്രവാസ ജീവിതം ആരംഭിക്കുന്നത്.

എന്നാൽ, സാവധാനം മറ്റു തൊഴിൽ മേഖലകളിലേക്ക് മലയാളികൾ ചുവടു മാറുവാൻ ആരംഭിച്ചു. അങ്ങനെയുള്ള മാറ്റത്തിൽ മലയാളികൾ എത്തപ്പെട്ട ഒരു ഇടമാണ് ട്രക് ഡ്രൈവിങ്. ഒരു കാലത്ത് മലയാളികൾ മടിച്ച് നിന്ന ആ തൊഴിൽ മണ്ഡലത്തിലേക്ക് ബ്രിക്സിറ്റ്- കോവിഡാനന്തരം ധാരാളം മലയാളികൾ കടന്നു വരുന്നുണ്ട് എന്നത് നമ്മുടെ സമൂഹത്തെ സംബന്ധി അഭിമാനകരമായ കാര്യം തന്നെ. ഇംഗ്ലണ്ട് ഒരു ഉപഭോക്ത രാജ്യവും ഇവിടെ ഇറക്കുമതി ചെയ്യുന്ന പകുതിയോളം മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാവുകയും അവയുടെ മഹാഭൂരിപക്ഷവും റോഡ് മാർഗ്ഗവും ആകുമ്പോൾ രാജ്യത്തിൻ്റെ മുന്നോട്ടുള്ള യാത്രയിൽ മലയാളികൾക്കും സ്ഥാനമുണ്ട് എന്നുറപ്പ്. കാരണം അവശ്യ സേവന മേഖലയെ ഒരു ദേശത്തിനും മാറ്റി നിറുത്താവാൻ ആകില്ലല്ലോ.

മലയാളി ട്രക്ക് ഡ്രൈവന്മാർക്കായി കഴിഞ്ഞ വർഷം ബ്രിട്ടീഷ് കേരളലൈറ്റ് ട്രെക്കേഴ്സ് അസ്സോസ്സിയേഷൻ (BRIKER Truckers Association) എന്ന പേരിൽ ഒരു കൂട്ടായ്മയും നിലവിൽ വന്നു. കൂട്ടായ്മയുടെ രണ്ടാം വർഷികത്തോട് അനുബന്ധിച്ച് അസ്സോസ്സിയേഷനിലെ അറുപതിൽ പരം കുടംബാംഗങ്ങൾ കഴിഞ്ഞ വാരാന്ത്യം പീക്ക് ഡിസ്ട്രിക്ടിലെ തോര്‍ഗ്ബ്രിഡ്ജ് ഔട്ട്ഡോര്‍ സെന്ററില്‍ ഒത്തു ചേരുകയുണ്ടായി.

യുകെയില്‍ മലയാളികള്‍ തൊഴിലടിസ്ഥാനത്തില്‍ ഒത്തുകൂടിയ ആദ്യ കൂട്ടായ്മയായി ഇതിനെ വിലയിരുത്തുന്നു. ഈ മേഖലയില്‍ പത്തു വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു വരുന്ന ഡ്രൈവേഴ്‌സിനു ആദരവു അർപ്പിച്ച ശേഷം ദീപം തെളിയിച്ചു കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഇരുപതു വര്‍ഷത്തോളം അനുഭവ സമ്പത്തുള്ള മുതിര്‍ന്ന ഡ്രൈവര്‍മാരുടെ അനുഭവങ്ങൾ പങ്കുവയ്ക്കല്‍ പുതു തലമുറയ്ക്ക് പ്രചോദനമായി.

അതോടൊപ്പം, ഇതിലെ ബിസിനസ് മേഖലയായ ലോജിസ്റ്റിക്സിലെ സാധ്യതകളെക്കുറിച്ചും പുതുതലമുറയിലെ യുവാക്കളെ എങ്ങനെ ഇതിലേയ്ക്ക് കൊണ്ടുവരാം എന്നതിനെക്കുറിച്ചും ഭാരവാഹികളായ ബിജു തോമസ്, റോയ് തോമസ്, ജെയിന്‍ ജോസഫ്, റ്റോസി സക്കറിയ,രാജീവ് ജോണ്‍ തുടങ്ങിയവർ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി സെമിനാറുകള്‍ സംഘടിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ സംഘടനയെ കൂടുതല്‍ കരുത്തോടും മികവോടെ മുന്നോട്ടു കൊണ്ടുപോകുവാനായി കമ്മറ്റിയിലേക്ക് നിപ്പി ജോസഫ്, ബിജു ജോസഫ് , ജിസ്മോന്‍ മാത്യു എന്നിവരെക്കൂടി ഉള്‍പ്പെടുത്തി.

സംഗമത്തില്‍ വിവിധ കലാ-കായിക പരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായി പരിപാടി സംഘടിപ്പിക്കാനും കൂട്ടായ്മ്മ തീരുമാനിച്ചു.

മാഞ്ചസ്റ്ററിൽ താമസിക്കുന്ന സിബിയുടെ ഭാര്യ സിജയുടെ അമ്മ കേരളത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. സാറാമ്മ എന്ന 72 വയസ്സുകാരിയായ വയോധികയാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കവർച്ചാ ശ്രമത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

കോതമംഗലം നഗരസഭയിലെ 6-ാം വാർഡായ കള്ളാടാണ് ഒരു നാടിനെ ആകെ ഞെട്ടിച്ച സംഭവം നടന്നത്. ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 3. 45 ഓടെ ടീച്ചറായ മരുമകൾ ജോലി കഴിഞ്ഞ് എത്തിയ സമയത്താണ് അമ്മ കൊല്ലപ്പെട്ടതായ വിവരം അറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

യു കെ :- കെയ്റ്റ് രാജകുമാരിയുടെ ക്യാൻസർ രോഗനിർണയത്തിനുശേഷം ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കാണ് പ്രതിരോധ കീമോതെറാപ്പി ( പ്രിവെൻറ്റീവ് കീമോതെറാപ്പി). അഡ്ജുവൻ്റ് കീമോതെറാപ്പി എന്നറിയപ്പെടുന്ന ഈ ചികിത്സ പ്രാഥമിക കാൻസർ ചികിത്സയ്ക്ക് ശേഷവും ശരീരത്തിൽ അവശേഷിക്കുന്ന കാൻസർ കോശങ്ങളെ നീക്കം ചെയ്യുന്നതിനായി നൽകുന്ന ക്യാ ൻസർ വിരുദ്ധ മരുന്നുകളുടെ ഒരു കോഴ്സാണ്. സാധാരണയായി സർജറിയിലൂടെ ട്യൂമർ നീക്കം ചെയ്തതിനുശേഷം ആണ് ഈ ചികിത്സാരീതി നടപ്പിലാക്കുന്നത്. ക്യാൻസർ വീണ്ടും വരുന്നത് തടയുവാനും, ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പകരുന്നത് തടയുവാനുമാണ് ഈ ചികിത്സാരീതി മുഖ്യമായും ലക്ഷ്യമിടുന്നത്. ഹോസ്പിറ്റൽ സ്കാനുകളും ടെസ്റ്റുകളും ഉപയോഗിച്ച് കണ്ടുപിടിക്കാൻ കഴിയാത്തത്ര ചെറുതായ ക്യാൻസർ കോശങ്ങൾ ശസ്ത്രക്രിയയ്ക്ക് ശേഷവും പലപ്പോഴും ശരീരത്തിൽ അവശേഷിക്കുമ്പോഴാണ്, വീണ്ടും രോഗികളിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത ഏറുന്നത്. പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയുവാൻ സാധിച്ചാൽ ക്യാൻസർ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്ക് പകരുന്നതിനും, ഇതോടൊപ്പം തന്നെ വീണ്ടും ഉണ്ടാകുന്നതിനുള്ള സാധ്യതകൾ കുറവാണ്. എന്നാൽ അവസാനഘട്ടത്തിൽ കണ്ടുപിടിക്കുമ്പോഴേക്കും ഇവ പലപ്പോഴും ലിംഫ് നോഡുകളിലേക്ക് പകർന്നിട്ടുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

ഭൂരിഭാഗം ക്യാൻസർ ചികിത്സാ രീതികളും അതിവേഗം വിഭജിക്കുന്ന കോശങ്ങളെ തടയിടുവാൻ ആണ് ശ്രമിക്കുന്നത്. പ്രിവൻ്റീവ് കീമോതെറാപ്പിയുടെ ഒരു സാധാരണ കോഴ്സ് ക്യാൻസറിൻ്റെ തരത്തെയും ഘട്ടത്തെയും ആശ്രയിച്ച് മൂന്ന് മുതൽ ആറ് മാസം വരെ നീണ്ടുനിൽക്കും. എന്നാൽ ചില സമയങ്ങളിൽ ഈ മരുന്നുകൾ വർഷങ്ങളോളം രോഗികൾക്ക് നൽകാറുണ്ട്. സർജറിക്ക് ശേഷം നീക്കം ചെയ്യുന്ന ട്യൂമറിന്റെ സ്വഭാവത്തെ ആശ്രയിച്ചാണ് ചികിത്സകൾ തീരുമാനിക്കപ്പെടുന്നത്. സ്തന, കുടൽ, ശ്വാസകോശ അർബുദം എന്നിവയ്ക്ക് ഈ ചികിത്സാരീതി പ്രത്യേകിച്ചും ഫലപ്രദമാണ്. എന്നാൽ മറ്റുതരത്തിലുള്ള അർബുദങ്ങൾക്കും ഇവ ശുപാർശ ചെയ്യപ്പെടാറുണ്ട്. ഉദാഹരണത്തിന്, അണ്ഡാശയ അർബുദത്തിൻ്റെ ഏറ്റവും സാധാരണമായ രൂപമായ എപ്പിത്തീലിയൽ ഓവേറിയൻ ക്യാൻസറിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം അഡ്ജുവൻ്റ് കീമോതെറാപ്പി ഉപയോഗിക്കാറുണ്ട്. രോഗം വീണ്ടും വരാനുള്ള സാധ്യത ഏറെ ആയതിനാലാണ് ഇത്. ക്യാൻസറിന്റെ വകഭേദം, അത് എത്രത്തോളം പുരോഗമിച്ചിട്ടുണ്ട് എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ഡോക്ടർമാർ ഈ ചികിത്സാരീതി ശുപാർശ ചെയ്യുന്നത്.


ഒരുതരത്തിലുള്ള കീമോതെറാപ്പിയും പൂർണമായും പാർശ്വഫലങ്ങൾ ഇല്ലാതെയുള്ളവയല്ല. ഭൂരിഭാഗം രോഗികളിലും ക്ഷീണം, ഛർദി, വയറിളക്കം മുതലായ പല പാർശ്വഫലങ്ങളും ഉണ്ടാകാറുണ്ട്. ചികിത്സയ്ക്കായി നൽകപ്പെടുന്ന മരുന്നുകൾ ക്യാൻസർ കോശങ്ങളെ മാത്രമല്ല, മുടി, മജ്ജ, ചർമ്മം, ദഹനവ്യവസ്ഥയുടെ ആവരണം എന്നിവയുൾപ്പെടെ അതിവേഗം വിഭജിക്കുന്ന എല്ലാ കോശങ്ങളെയും ബാധിക്കുന്നതിനാലാണ് പാർശ്വഫലങ്ങൾ ഉണ്ടാകുന്നത്. ഇത്തരം ചികിത്സകൾ കഴിഞ്ഞാലും രോഗികൾ തിരിച്ച് പൂർവസ്ഥിതിയിലേക്ക് എത്താൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വരും

ഇന്ത്യയിലും യുകെയിലും ഇത് തിരഞ്ഞെടുപ്പ് കാലമാണ്. വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവരാണ് യുകെ മലയാളികൾ. യുകെ മലയാളികളിൽ കൂടുന്നിടത്തെല്ലാം ചർച്ചകളായും സംവാദങ്ങളായും നാട്ടിലെ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ ചൂടുപിടിക്കുന്നതിനോടൊപ്പം മലയാളം യുകെയും എത്തുകയാണ് .

ഇന്ത്യയിലെയും യുകെയിലെയും തെരഞ്ഞെടുപ്പിന്റെ അടിയൊഴുക്കുകൾ വ്യക്തമാക്കുന്ന നെല്ലും പതിരും എന്ന പുതിയ കാർട്ടൂൺ പംക്തി മലയാളം യുകെയിൽ ആരംഭിക്കുന്നു….

പ്രശസ്ത കാർട്ടൂണിസ്റ്റ് റോയ് സി . ജെ ആണ് നെല്ലും പതിരും കൈകാര്യം ചെയ്യുന്നത് . ഉൽപ്രേക്ഷ എന്ന പേരിൽ
റോയ് സി . ജെ മലയാളം യുകെയിൽ സ്‌ഥിരമായി മറ്റൊരു കാർട്ടൂൺ പംക്തിയും കൈകാര്യം ചെയ്യുന്നുണ്ട് .
മലയാള മാധ്യമ രംഗത്ത് സുപരിചിതനായ സി . ജെ റോയിക്ക് ആയിരുന്നു 2023 -ലെ മലയാളം യുകെയുടെ ബെസ്റ്റ് കാർട്ടൂണിസ്റ്റ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് .

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ഡബിൾസ് ബാഡ്മിൻ്റൺ ടൂർണമെൻ്റ്   ഇന്ന്  കോവെൻട്രിയിൽ നടക്കും. കോവെൻട്രി മേയറും ഇന്ത്യൻ വംശജനുമായ ജസ്വന്ത് സിംഗ് ബിർദിയും ഭാര്യ കൃഷ്ണ ബിർദിയും ചേർന്ന് ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യും. വർണാഭമായ ചടങ്ങിൽ സമീക്ഷ നാഷണൽ സെക്രട്ടറി ദിനേഷ് വെള്ളാപ്പള്ളി, പ്രസിഡൻ്റ് ശ്രീകുമാർ ഉള്ളാപ്പിള്ളിൽ, കൊവൻട്രി കൗണ്ടി കൗൺസിലേഴ്‌സ് എന്നിവർക്ക് പുറമെ രാഷ്ട്രീയ-സംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. മത്സരശേഷം ഡി ജെ പാർട്ടി അരങ്ങേറും. എക്സൽ ലേഷർ സെൻ്ററിൽ രാവിലെ പത്ത് മണിക്ക് മത്സരം ആരംഭിക്കും. ലൈഫ് ലൈൻ പ്രൊട്ടക്റ്റ്, ആദിസ് എക്കൗണ്ടിംഗ് സൊലൂഷൻസ്, ടിഫിൻ ബോക്സ് എന്നിവരാണ് ടൂർണമെൻ്റിൻ്റെ പ്രായോജകർ.

യുകെയിലെ ഏറ്റവും വലിയ ബാഡ്മിൻ്റൺ ടൂർണമെൻ്റുകളിൽ ഒന്നാണിത്. സ്കോട്ട് ലാൻ്, വെയിൽസ്, നോർത്തേൺ അയലൻ്റ് ഉൾപ്പടെ 16 റീജിയണുകളിൽ നിന്നുള്ള മുന്നൂറോളം ടീമുകൾ ടൂർണമെൻ്റിൽ പങ്കെടുത്തു. അയ്യായിരത്തിലേറെ പേർ നേരിട്ടും ഇരുപത്തിഅയ്യായിരത്തോളം പേർ സാമൂഹമാധ്യമങ്ങളിലൂടെയും മത്സരത്തിൻ്റെ ഭാഗമായി. ടൂർണമെൻ്റ് നടത്തിപ്പിന് ആകെ 25,000 പൗണ്ടാണ് ചെലവ്. 5,000 പൗണ്ട് റീജിയണൽ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനത്തുകയായി നൽകി. ഗ്രാൻഡ് ഫിനാലേയിലെ ആദ്യ നാല് സ്ഥാനക്കാർക്കായി കരുതിവച്ചിരിക്കുന്നത് 2,000 പൗണ്ടാണ്. ഇതിന് പുറമെ ട്രോഫികളും വിതരണം ചെയ്യും. വലിയ സമ്മാനത്തുക നൽകുന്ന യുകെയിലെ ചുരുക്കം ചില ടൂർണമെൻ്റുകളിൽ ഒന്നാണിത്. ഇതുവരെ മത്സരങ്ങളുമായി സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. ഗ്രാൻഡ് ഫിനാലെയിലും നിങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

യുകെയിൽ വർഷങ്ങളോളം പ്രവർത്തിച്ച നേഴ്സുമാർ കൈ കോർത്തപ്പോൾ കോട്ടയം മെഡിക്കൽ കോളജിന് ലഭിച്ചത് അപൂർവ്വ നേട്ടവും ബഹുമതിയുമാണ്. മെഡിക്കൽ കോളജിലെ കാർഡിയോതൊറാസിക് നഴ്സിങ് പ്രാക്ടീസ് ആൻഡ് നഴ്‌സിങ് അഡ്മിനിസ്ട്രേഷൻ ട്രാൻസ്ഫോർമേഷൻ പ്രോജക്ട് ആണ് യുകെ നേഴ്സുമാരുടെ പിന്തുണയോടെ നടപ്പിലായത്. കോട്ടയം പാലാ സ്വദേശിനിയും 2022 -ലെ മലയാളം യുകെയുടെ അവാർഡ് ജേതാവുമായ മിനിജ ജോസഫ്, ആലപ്പുഴ സ്വദേശി ബിജോയ്‌ സെബാസ്റ്റ്യൻ, മുംബൈ സ്വദേശിനിയും മലയാളിയുമായ മേരി എബ്രഹാം എന്നിവരാണ് പ്രോജക്ടിന് പിന്നിൽ പ്രവർത്തിച്ച യുകെ നേഴ്സുമാർ. ഇവർക്കൊപ്പം യുകെയിൽ നേഴ്‌സായ അയർലൻഡ് സ്വദേശിനി മോന ഗഖിയൻ ഫിഷറും പ്രോജക്ടിന് പിന്നിൽ പ്രവർത്തിച്ചു.

ഈ ആശയം ആദ്യം കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാർ, കാർഡിയോ തൊറാസിക് ഡിപ്പാർട്ടുമെന്റ് മേധാവി ഡോ. വിനീത വി. നായർ എന്നിവരുമായി പങ്കുവച്ചപ്പോൾ പൂർണ്ണ സമ്മതം നൽകുകയായിരുന്നു. തുടർന്ന് യുകെയിലെ മലയാളി സംഘടനകളിൽ ഒന്നായ കൈരളി യുകെയുടെ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബും പ്രസിഡന്റ്‌ പ്രിയാ രാജനും പ്രോജക്ടിന്റെ വിശദമായ റിപ്പോർട്ട് ആരോഗ്യ മന്ത്രി വീണ ജോർജിന് മുന്നിൽ അവതരിപ്പിച്ചു. ചർച്ചകളിൽ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി എ. പി. മുഹമ്മദ് ഹനീഷ് ഐഎഎസിനെ മന്ത്രി നിയോഗിക്കുകയും ചെയ്തു. യാതൊരു വിധ സർക്കാർ ഫണ്ടുകളോ ഔദ്യോഗിക രേഖകളുടെ കൈമാറ്റമോ ഇല്ലാതെ നേരിട്ട് നിരീക്ഷിച്ചും ആർജിത അറിവുകൾ പങ്കുവച്ചും ഓൺലൈൻ ക്ലാസുകൾ നൽകിയും പ്രോജക്ട് ആരംഭിക്കാൻ അനുമതി നൽകുകയായിരുന്നു. ഇത് വഴി ഒരു കാർഡിയോ തൊറാസിക് രോഗിയുടെ ചികിത്സയുടെ വിവിധ ഘട്ടങ്ങളില്‍ സുരക്ഷയും നേഴ്സിങ് കെയറിന്റെ പ്രവർത്തനക്ഷമതയും വർധിപ്പിക്കുന്നത് മികച്ച ഫലം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളജിലെ ഐസിയു, തിയേറ്ററുകൾ, വാർഡുകൾ എന്നിവ ഉൾപ്പടെയുള്ള വിവിധ ക്ലിനിക്കൽ ഏരിയകളിലെ നേഴ്‌സുമാരായ ഷൈബിമോൾ കുര്യൻ, എ. എം. ഷീബ, എ. ആർ. പ്രീതി, ജിൻസ് മോൻ, ത്രേസ്യാമ ഡൊമിനിക്, എം. ടി. ലത, ടി. എസ്. അനിജ, പി. സലിൻ, എം. ആർ. സുനിത എന്നിവരും പ്രോജക്ടിന് പിന്നിൽ പ്രവർത്തിച്ചു. മെഡിക്കൽ കോളജ് കാർഡിയോ തൊറാസിക് ഡിപ്പാർട്ടുമെന്റിന്റെ പശ്ചാത്തലവും നിലവിലുള്ള പ്രവർത്തന രീതികൾ, അവയിൽ അത്യാവശ്യമായി വരുത്തേണ്ട മാറ്റങ്ങൾ എന്നിവയെ കുറിച്ച് നിരന്തരമായ ഓൺലൈൻ സ്റ്റഡി സെഷനുകൾ നടന്നിരുന്നു. പ്രോജക്ടിൽ പ്രായോഗികമായ മാറ്റങ്ങൾ നടപ്പിൽ വരുത്തുന്നതോടൊപ്പം തന്നെ യുകെയിലെയും മറ്റു വിദേശ രാജ്യങ്ങളിലും നിലവിലുള്ള നൂതന സംവിധാനങ്ങളും പ്രോട്ടോകോളുകളും ക്ലിനിക്കൽ ഗൈഡ് ലൈനുകളും വികസിപ്പിക്കുന്ന അറിവുകൾ പങ്കുവയ്ക്കുകയും കൂടാതെ നഴ്‌സുമാരുടെ നേതൃത്വപാടവവും ടീം വർക്കും മെച്ചപ്പെടുത്താനുള്ള മാർഗനിർദ്ദേശങ്ങൾ സമർപ്പിക്കുകയൂം ചെയ്യുക എന്നതാണ് അടുത്ത ഘട്ടം.

നിലവിൽ കിംഗ്‌സ് കോളേജ് ആശുപത്രിയിൽ ലീഡ് നേഴ്‌സായി സേവനം ചെയ്യുന്ന മിനിജ ഉരുളികുന്നം സ്വദേശിനിയാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ വൻ പ്രതിസന്ധിയെ നേരിട്ടപ്പോൾ പി പി ഇ കിറ്റ് ഉപയോഗിക്കുന്നത് മുതലുള്ള കാര്യങ്ങളെ കുറിച്ച് മിനിജ ജോസഫ് ചെയ്ത വീഡിയോകൾ വളരെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ള വിവിധ ആശുപത്രികളിലെ ജോലി പരിചയവുമായി 2000 – ത്തിലാണ് മിനിജ യുകെയിലെത്തിയത് . 2008ലും 2015ലും ബെസ്റ്റ് തീയേറ്റർ നേഴ്സ് ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളാണ് ഇതിനോടകം മിനിജ ജോസഫിനെ തേടിയെത്തിയത്. 2017 – ൽ ബക്കിംഗ്ഹാം പാലസിലെ ഗാർഡൻ പാർട്ടിയിൽ രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിട്ടുണ്ട്.

ബിജോയ് സെബാസ്റ്റ്യൻ യൂണിവേഴ്‌സിറ്റി കോളജ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ ക്രിട്ടിക്കൽ കെയർ ഇലക്ടീവ് സർജിക്കൽ പാത്ത് വെയ്‌സ് സീനിയർ നേഴ്‌സായും, മേരി എബ്രഹാം കിങ്‌സ് കോളജ് എൻഎച്ച്എസ് ഐസിയു, എച്ച്‌ഡിയു വാർഡ് മാനേജരായും സേവനം അനുഷ്ഠിക്കുന്നു.

യുകെയിലെയും അയർലാൻഡിലെയും ആശുപത്രികളിലെ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മോന ഗെക്കിയൻ ഫിഷർ 2018-2021 കാലഘട്ടത്തിൽ ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് പേരിഓപ്പെറേറ്റിവ് പ്രാക്ടീസിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.

കേരളത്തിലെ ആരാഗ്യ മേഖലയ്ക്കായി ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യനുള്ള ഒരുക്കത്തിലാണ് ഈ യുകെ മലയാളി നേഴ്സുമാർ.

RECENT POSTS
Copyright © . All rights reserved