ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു. ബിഷപ്പിന്റെ അഭിഭാഷകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം ഇന്നലെ കോട്ടയത്തെ വിചാരണക്കോടതി റദ്ദാക്കിയിരുന്നു. ഫ്രാങ്കോയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിന് പിന്നാലെ വിശദീകരണവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും രംഗത്തെത്തിയിരുന്നു.

ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം തീവ്രമേഖലയില്‍ ആയതിനാല്‍ യാത്ര ചെയ്യാനാകില്ലെന്നായിരുന്നു, കോടതിയില്‍ ഹാജരാകാതിരിക്കാനുള്ള കാരണമായി ഫ്രാങ്കോ മുളയ്ക്കല്‍ ബോധിപ്പിച്ചത്. എന്നാല്‍ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കോവിഡ് തീവ്രമേഖലയായിരുന്നില്ലെന്ന രേഖകള്‍ പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കിയതും അറസ്റ്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതും. കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസില്‍ വിചാരണ കൂടാതെ വെറുതെ വിടണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി നല്കിയത്.