ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ ഉള്ളവര്‍ ഭക്ഷണത്തില്‍ വരുത്തുന്ന ക്രമീകരണങ്ങള്‍ അപകടം സൃഷ്ടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍. കുറഞ്ഞ അളവില്‍ കലോറികളുള്ള ഭക്ഷണക്രമം തെരെഞ്ഞെടുക്കും മുന്‍പ് വിദ്ഗദരുടെ സഹായം തേടണമെന്നും പുതിയ ഗവേഷണം പറയുന്നു. മാഗ്‌നെറ്റിക്ക് റിസ്സോനെന്‍സ് ഇമാജിനിംഗ് (എംആര്‍ഐ) ഉപയോഗിച്ച് നടത്തിയ പുതിയ പഠനം ഒരു ദിവസം 800 കലോറയില്‍ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിച്ചാല്‍ ഉദരത്തിലും കരളിലും ഹൃദയ പേശികളിലും വിതരണം ചെയ്യപ്പെടുന്ന കൊഴുപ്പിന്റെ അളവിനെ അവംലംബിച്ചാണ് നടത്തിയിരിക്കുന്നത്. ആരോഗ്യവാനായ ഒരു പുരുഷന്റെ ശരീരത്തിന് ഒരു ദിവസം 2,500 കലോറി ആവശ്യമാണ് സ്ത്രീകളുടെ കാര്യത്തിലിത് 2,000 കലോറിയാണ്. പക്ഷേ സാധാരണയായി പെട്ടന്ന് ശരീരവണ്ണം കുറയ്ക്കാനായി ആളുകള്‍ ഭക്ഷണം ഏതാണ്ട് മുഴുവനായും ഒഴിവാക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഡയറ്റ് ഷെയ്ക്കുകള്‍ മാത്രമാണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്.

ഭക്ഷണം ക്രമാതീതമായി കുറക്കുന്ന ഇത്തരം രീതികള്‍ ഒരു ഫാഷനായിട്ടാണ് ഇപ്പോള്‍ ആളുകള്‍ കാണുന്നതെന്ന് ഒക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ മാഗ്‌നെറ്റിക്ക് റിസോണന്‍സ് ഗവേഷകന്‍ ഡോ.ജെന്നിഫര്‍ റൈനര്‍ പറയുന്നു. ദിവസം 600 മുതല്‍ 800 വരെയുള്ള കലോറികള്‍ മാത്രം ലഭ്യമാക്കിയുള്ള ഇത്തരം ഭക്ഷണ ക്രമീകരണ രീതി വണ്ണം കുറയ്ക്കുന്നതിന് ഫലപ്രദമാണെങ്കിലും ഹൃദയത്തെ ഇതങ്ങെനെ ബാധിക്കുന്നവെന്നുള്ള പഠനങ്ങള്‍ നടന്നിട്ടില്ല ഡോ. ജെന്നിഫര്‍ പറയുന്നു. ബ്രിട്ടനിലെ മൂന്നില്‍ രണ്ട് പേര്‍ ഇത്തരം ഡയറ്റുകള്‍ പിന്തുടരുന്നവരാണെന്ന് സമിപകാല ഗവേഷണങ്ങള്‍ പറയുന്നു. 800,000 പേര്‍ ഹൃദയ ഹാര്‍ട്ട് അറ്റാക്ക് പോലുള്ള രോഗങ്ങള്‍ ഉള്ളവരാണ് കൂടാതെ രണ്ട് മില്ല്യണ്‍ ആളുകള്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവരാണ്.

52 വയസ്സു വരെയുള്ള 21 വളണ്ടിയര്‍ മാരിലാണ് ഈ ഗവേഷണം നടത്തിയിരിക്കുന്നത്. എട്ട് ആഴ്ച്ചകളിലായി കുറഞ്ഞ കലോറി ഭക്ഷണം കഴിച്ച ഇവരില്‍ ആദ്യ മുതല്‍ക്കു തന്നെ എംആര്‍ഐ ടെസ്റ്റുകള്‍ നടത്തി. ഹൃദയത്തിലെ ഫാറ്റിന്റെ അളവ് ഗണ്യമായി വര്‍ദ്ധിക്കുന്നതായി പഠനത്തില്‍ നിന്നും വ്യക്തമായി. രക്തം പമ്പ് ചെയ്യാനുള്ള കഴിവ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുവെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. പരീക്ഷണത്തിന്റെ ആദ്യത്തെ ആഴ്ച്ചകളില്‍ നിന്ന് വ്യത്യസ്തമായി ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ കുറഞ്ഞ അളവില്‍ കലോറി കഴിക്കുന്ന രീതി ബാധിക്കുന്നതായി ഗവേഷണത്തില്‍ നിന്നും വ്യക്തമാകുന്നതായി ഡോ. ജെന്നിഫര്‍ പറയുന്നു.

പെട്ടന്ന് ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുന്ന ഹൃദയ സംബന്ധിയായ രോഗമുള്ളവര്‍ സൂക്ഷിക്കണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ഡയറ്റുകള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഹൃദയ സംബന്ധിയായ രോഗികള്‍ ഡയറ്റ് ആരംഭിക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണെണമെന്ന് ഡോ. ജെന്നിഫര്‍ അഭിപ്രായപ്പെട്ടു.