ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച് യന്ത്ര തകരാറിനെ തുടർന്ന് കുടുങ്ങിയ ഒരു ഗർഭിണിയടക്കം 31 കുടിയേറ്റക്കാരെ ഫ്രഞ്ച് തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ഇറാഖ്, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 49 കുടിയേറ്റക്കാരെ കഴിഞ്ഞ ബോക്സിംഗ് ദിനത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഘത്തെ കണ്ടെത്തുന്നത്.

ആദ്യം രണ്ടു കുട്ടികളടക്കം 11 പേരെയാണ് കലൈസിനടുത്തുള്ള തീരത്തുവെച്ച് കണ്ടെത്തിയിരുന്നത്. പിന്നീട് അവരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ഡങ്കിർക്കിനടുത്തുവെച്ച് ബാക്കി 20 പേരെക്കൂടി കണ്ടെത്തുകയായിരുന്നു. 31 പേരേയും ഫ്രഞ്ച് തുറമുഖത്തേക്ക് കൊണ്ടുപോവുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.

രക്ഷപ്പെടുത്തിയവരിൽ പലര്‍ക്കും ഹൈപ്പോഥെർമിയക്ക് ചികിത്സ നല്‍കുന്നുണ്ട്. അതിനിടെ , ഇറാനിൽ നിന്നുള്ളതാണെന്ന് കരുതുന്ന 10 പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന മറ്റൊരു സംഘത്തേയും കെന്റ് തീരത്ത് നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അവരെയും ബോർഡർ ഫോഴ്‌സ് ബോട്ടുകൾ കരയ്ക്കെത്തിച്ചുവെന്നാണ് വിവരം. അടുത്തിടെ നിരവധി കുടിയേറ്റക്കാരെ ഫ്രാന്‍സിന്‍റെ തീരത്തുനിന്നും പിടികൂടിയിട്ടുണ്ട്.

ചെറു ബോട്ടുകളിലായി ഈ വർഷം യു.കെയിൽ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം 1,800 ൽ കൂടുതലാണെന്നാണ് നിഗമനം. കുടിയേറ്റം തടയാന്‍ യൂറോപ്യന്‍ തീരത്ത് ശക്തമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതോടെയാണ് കൂടുതല്‍ പേര്‍ പിടിക്കപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഫ്രഞ്ച് ബീച്ചുകളിൽ പട്രോളിംഗ് ഇരട്ടിയാക്കിയതായും, ഡ്രോണുകൾ, സ്പെഷ്യലിസ്റ്റ് വാഹനങ്ങൾ എന്നിവ അടക്കം അത്യാധുനികമായ പല ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും ഫ്രാന്‍സിന്‍റെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.

‘അനധികൃത കുടിയേറ്റം ഒരു ക്രിമിനൽ കുറ്റമാണ്. നിയമവിരുദ്ധമായി യുകെയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരും യാത്രകൾക്ക് സൗകര്യമൊരുക്കുന്ന കുറ്റവാളികളും എല്ലാം നിയമം ലംഘിക്കുകയും ജീവിതം അപകടത്തിലാക്കുകയുമാണ് ചെയ്യുന്നത്’ എന്ന് അഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.