പുതിയ സാമ്പത്തിക വർഷത്തിന്റ ആദ്യ എഴ് മാസങ്ങൾ പിന്നിടുമ്പോൾ രാജ്യത്തെ കയറ്റുമതിയിൽ ഇടിവെന്ന് റിപ്പോർട്ട്. വിദേശ വിപണികളിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് ബദലാവുകയെന്ന ഇന്ത്യയുടെ ലക്ഷ്യങ്ങൾക്ക് തിരിച്ചടിയാണ് ചരക്ക് കയറ്റുമതിയിലെ ഇടിവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാടുന്നത്. 2019 ഒക്ടോബർ വരെയുള്ള ഏഴു മാസങ്ങളിൽ ഇന്ത്യയുടെ കയറ്റുമതി 2.2 ശതമാനം കുറഞ്ഞതായാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ പ്രധാന വിപണികളായ യുഎഇ, യുകെ, ഹോങ്കോംഗ്, ജർമ്മനി, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയിലാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കന്നത്. പെട്രോളിയം ഉൽ‌പന്നങ്ങൾ, തുകൽ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, എഞ്ചിനീയറിംഗ്, രാസവസ്തുക്കൾ എന്നിവയുടെ കയറ്റുമതിയിൽ ആറുമാസത്തിനിടെ 9 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്.

കണക്കുകൾ പ്രകാരം 2019 ഒക്ടോബറിൽ 26.38 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായിടിട്ടുള്ളത്. 2018 ഒക്ടോബറിൽ ഇത് 26.67 ബില്യൺ ഡോളറായിരുന്നു, അതായത് 1.1 ശതമാനം ഇടിവ്. എന്നാൽ 2019 ഒക്ടോബറിൽ 37.39 ബില്യൺ യുഎസ് ഡോളറിന്റെ ഇറക്കുമതിയാണ് രാജ്യത്തേക്ക് ഉണ്ടായത്. മുൻ വർഷത്തിൽ ഇത് 44.68 ബില്യൺ യുഎസ് ഡോളറായിരുന്നു. കണക്കുകൾ പ്രകാരം ഇറക്കുമതിയിൽ 16.31 ശതമാനം കുറവും രേഖപ്പെടുത്തുന്നു. സാമ്പത്തിക പ്രതിസന്ധി രാജ്യത്തുണ്ടാക്കിയ ഡിമാൻഡിലെ കുറവും നിക്ഷേപങ്ങളിലുണ്ടായ ഇടിവുമാണ് 2019 ജൂൺ മുതൽ ഇറക്കുമതി കുറയാൻ ഇടയാക്കിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഒക്ടോബറിലെ കയറ്റുമതിയിലെ ഇടിവ് ആഗോള മാന്ദ്യത്തിന്റെ പ്രതിഫലനമാണെന്നാണ് ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിലപാട്. മാന്ദ്യം ഡിമാൻഡ് കുറയുന്നതിന് കാരണമായിട്ടുണ്ട്. കൂടാതെ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയില്‍ ഉൾപ്പെടെ ഇത് ബാധിച്ചിട്ടുണ്ടെന്നും ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മോഹിത് സിംഗ്ല പറഞ്ഞു.

ഉൽപ്പാദനം, തൊഴിൽ, കയറ്റുമതി എന്നിവ വർദ്ധിപ്പിക്കുക ലക്ഷ്യമിട്ട് കേന്ദ്ര സർക്കാറിന്റെ അഭിമാന പദ്ധതിയായി അവതരിപ്പിക്കപ്പെട്ട ‘മെയ്ക്ക് ഇൻ ഇന്ത്യ’ പുരോഗമിക്കവെയാണ് പുതിയ റിപ്പോർട്ടുകൾ. മെയ്ക് ഇൻ ഇന്ത്യയുടെ കാഴ്ചപ്പാടിൽ നിന്ന് വിരുദ്ധമാണ് റിപ്പോര്‍ട്ടുകൾ. രാജ്യത്തെ വ്യാവസായിക ഉൽ‌പാദനം 8 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായി, തൊഴിലില്ലായ്മ 45 വർഷത്തിലെ ഉയർന്ന നിലയിലും എത്തിയിരുന്നു. കുറഞ്ഞ കയറ്റുമതിയോടൊപ്പം, ഇറക്കുമതിയെ ഇന്ത്യ ആശ്രയിക്കുന്നത് വ്യാപാരക്കമ്മി വർധിപ്പിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്.