ന്യൂയോര്‍ക്ക്: ഈസ്റ്റ്മാന്‍ കൊഡാക് എന്നാല്‍ നമ്മില്‍ പലര്‍ക്കും നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന പേരാണ്. സിനിമകളുടെ ടൈറ്റിലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഈസ്റ്റ്മാന്‍ കളര്‍ എന്ന പേരില്‍ തുടങ്ങി ഫിലിമില്‍ ഫോട്ടോകള്‍ എടുത്തിരുന്ന കാലത്തിന്റെ വരെ സ്മരണകളില്‍ മഞ്ഞ നിറത്തില്‍ ചുവപ്പില്‍ എഴുതിയിരുന്ന കൊഡാക് നിറയും.ഫോട്ടോഗ്രാഫി രംഗത്ത് അതികായനായി നിന്നിരുന്ന കൊഡാക് ഇപ്പോള്‍ പുതിയ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ക്രിപ്‌റ്റോകറന്‍സി രംഗത്ത് ഒരു കൈ നോക്കാനാണ് പദ്ധതി. അമേരിക്കന്‍ കമ്പനിയായ കൊഡാക് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെന്‍ മീഡിയ ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ട് ഇനീഷ്യല്‍ കോയിന്‍ ഓഫറിംങ്ങിലേക്ക് ചുവട് വെക്കുകയാണ്.

ഫോട്ടോഗ്രാഫര്‍മാര്‍ക്ക് തങ്ങളുടെ ചിത്രങ്ങളുടെ മേലുള്ള അവകാശം സംരക്ഷിക്കാന്‍ സഹായിക്കുന്ന ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ന്യയോര്‍ക്കിലെ റോച്ചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന ആസ്ഥാനത്തില്‍ ബിറ്റ്‌കോയിന്‍ മൈനിംഗ് റിഗ്ഗുകള്‍ പൊതുജനങ്ങള്‍ക്കായി സ്ഥാപിക്കാനും കൊഡാക്കിന് പദ്ധതിയുണ്ട്. കൊഡാക് ക്യാഷ് മൈനര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയേക്കുറിച്ചുള്ള വിവരങ്ങള്‍ ലാസ് വേഗാസില്‍ നടക്കുന്ന സിഇഎസ് ടെക് ഷോയില്‍ വെച്ച് കമ്പനി പുറത്തു വിട്ടു. ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെ മൂല്യം ഉയര്‍ന്ന ആദ്യ കമ്പനിയാണ് കൊഡാക് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൊഡാക്കിന് കീഴിലുള്ള എല്‍ഇഡി ലൈറ്റ് മാര്‍ക്കറ്റിംഗ് സ്ഥാപനമായ സ്‌പോട്ട്‌ലൈറ്റിന് ആയിരിക്കും ക്യാഷ്‌മൈനറിന്റെ നടത്തിപ്പ് ചുമതല. ഡിജിറ്റല്‍ വിപ്ലവം വന്നപ്പോള്‍ അതിനൊപ്പം ചേരാന്‍ വൈകിയതോടെ മാര്‍ക്കറ്റില്‍ നിന്ന് പുറംതള്ളപ്പെട്ട കൊഡാക് 2012ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. പിന്നീട് തങ്ങളുടെ ലൈസന്‍സ് മറ്റ് വ്യവസായികള്‍ക്ക് നല്‍കിക്കൊണ്ട് കൊഡാക് ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിലനിര്‍ത്തുകയായിരുന്നു കമ്പനി. ബാറ്ററികള്‍, പ്രിന്റര്‍, ഡ്രോണുകള്‍, ടാബ്ലറ്റുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍ എന്നീ ഉല്‍പന്നങ്ങള്‍ കൊഡാക് ബ്രാന്‍ഡില്‍ ഇപ്പോള്‍ വിപണിയിലുണ്ട്.