സ്വാമിവിവേകാനന്ദന്‍ പറഞ്ഞ പോലെ കേരളം ഭാന്ത്രാലയം തന്നെയാണെന്ന്     ഈ വീട്ടമ്മയുടെ ഫെയിസ്ബുക്ക് പോസ്റ്റ് കണ്ടാല്‍. കോഴിക്കോട് സ്വദേശിയായ സുജാതാ പത്മനാഭനാണ് മുസ്ലിം സുഹൃത്തുക്കള്‍ തന്റെ സൗഹൃദവലയത്തില്‍ നിന്ന് മാറിപ്പോകണമെന്ന് ഫെയിസ്ബുക്ക് പോസ്റ്റിട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ കമന്റ് പിന്‍വലിക്കുകയും ചെയ്തു. സുജാതയുടെ വര്‍ഗീയ വിഷം ചീറ്റലിനെതിരെ മാധ്യമപ്രവര്‍ത്തകയായ സുനിതാദേവദാസ് രംഗത്തെത്തി…

അവരുടെ കുറിപ്പ് വായിക്കാം….

ഇസ്ലാമോഫോബിയ എന്ന് പലരും സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കാറുണ്ടെങ്കിലും എനിക്കത് കേരളത്തില്‍ ഉണ്ടോന്ന് വല്യ ഉറപ്പൊന്നുമില്ല . നാം നമ്മെ അടിസ്ഥാനമാക്കിയാണല്ലോ എല്ലാം വിലയിരുത്തുക . എനിക്ക് ജാതി ,മത അടിസ്ഥാനത്തില്‍ ഒരു മനുഷ്യനോടും ഒരു വേര്‍തിരിവുമില്ല . അതേസമയം ഞാന്‍ കണ്ടു വളര്‍ന്നത് കൊണ്ടോ എന്തോ മുസ്ലിംകളോട് , പ്രത്യേകിച്ചും മലപ്പുറത്തെ മുസ്ലിംകളോട് വല്ലാത്ത ഒരിഷ്ടവുമുണ്ട് .

‘ എത്താ മാളെ ‘ എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ ഒരു സ്‌നേഹമാണ് . പിന്നെ അവരുടെ നിഷ്‌കളങ്കമായ എല്ലാം എല്ലാം എനിക്കിഷ്ടമാണ് . എനിക്ക് തോന്നുന്നു ഞാന്‍ സംസാരിക്കുന്നത് സുന്നികളെ കുറിച്ചാവും . അല്ലാതെ സോഫിസ്റ്റിക്കേറ്റഡ് ആയ മുസ്ലിംങ്ങളെ കുറിച്ചല്ല .

തൂങ്ങി തൂങ്ങിയ കമ്മല്‍ , കാച്ചി , തട്ടം , പത്തിരി ഒക്കെ ഒരു നൊസ്റ്റാള്‍ജിയ ആണ് . മലപ്പുറം തനി മുസ്ലിം ഭാഷയും വല്ലാത്ത ഒരിഷ്ടമാണ് . മുടി വെട്ടുന്നവര്‍ , മീന്‍ വില്‍ക്കുന്നവര്‍ , ബസ് ഓടിക്കുന്നവര്‍ , കച്ചവടക്കാര്‍ എന്ന് തുടങ്ങി എല്ലാമെല്ലാം , അവരുടെ പെരുമാറ്റ രീതി , സ്‌നേഹം ഒക്കെ ഇപ്പോ മനസ്സില്‍ നിറഞ്ഞു കവിയുന്നുണ്ട് . ഒരു വീട് പോലെ ജീവിച്ച എത്രയോ കുടുംബങ്ങള്‍ …പെരുന്നാളുകള്‍ .. നോമ്പ് … നിക്കാഹ് … മൈലാഞ്ചിയിടല്‍ …  മനസ്സ് നിറയുന്ന ഓര്‍മകളും സ്‌നേഹവും …. ഇന്ന് അത്ഭുതത്തോടെയാണ് ഈ പോസ്റ്റ് വായിച്ചത് . ഇതവര്‍ ശരിക്കും എഴുതിയതായിരിക്കുമോ ? അതോ തമാശ ? ശരിക്കും എഴുതിയതാണെങ്കില്‍ അവര്‍ക്ക് മുസ്ലിംങ്ങള്‍ എന്തെന്ന് അറിഞ്ഞു കൂടാ എന്ന് ഞാന്‍ പറയും . അവര്‍ക്ക് കേട്ട് കേള്‍വി മാത്രമേ ഉള്ളു ..

വത്തക്ക , ഫാറൂഖ് കോളേജ് , ആട് മേക്കല്‍ , ഐസിസ് ഇതൊന്നുമല്ല കേരളത്തിലെ മുസ്ലിംങ്ങളില്‍ ഭൂരിഭാഗവും . അവര്‍ നിഷ്‌കളങ്കരായ ഹൃദയത്തില്‍ നന്മയുള്ള മനുഷ്യരാണ് .മുസ്ലിംങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു . എന്നോളം തന്നെ .. എന്റെ മക്കളോളം … ചില സാഹചര്യത്തില്‍ ഇത് നാം ഉറക്കെ വിളിച്ചു പറയേണ്ടതുണ്ട് . ഞാന്‍ പറയുന്നു . വളരെ കുറച്ചു വിരലിലെണ്ണാവുന്ന മതഭ്രാന്തന്മാരും അന്യമത വിദ്വേഷികളുമല്ല കേരളത്തിലെ മുസ്ലിംങ്ങള്‍ . അവര്‍ , എനിക്കറിയാവുന്നവര്‍ നൂറു ശതമാനവും നല്ല മനുഷ്യരാണ് . ഞാന്‍ അവരെ സ്‌നേഹിക്കുന്നു . ആ സ്ത്രീയുടെ ഫേസ് ബുക്കില്‍ നിന്നും മതത്തിന്റെ പേരില്‍ പുറത്താവുന്ന നിങ്ങള്‍ക്കൊക്കെ എന്റെ ഹൃദയത്തില്‍ ഒരിടമുണ്ട് . വരൂ ….