സൗദി അറേബ്യയിൽ വച്ച് കൊവിഡ് ബാധിച്ച് മരിച്ച മലപ്പുറം സ്വദേശി മരണത്തിന് മുൻപ് സുഹൃത്തിനയച്ച ഓഡിയോ പുറത്ത്. സൗദിയിൽ ചികിത്സയിലായിരുന്ന ചെമ്മാട് സ്വദേശി പുതിയകത്ത് സഫ്‌വാൻ ആണ് മരിച്ചത്.

സഫ്‌വാൻ സുഹൃത്തിനയച്ച സന്ദേശം:

…പണി പാളീന്ന് തോന്നുന്നു. കുറേ ദിവസമായി തലവേദനയും പനിയും തുടങ്ങിയിട്ട്. ആശുപത്രിയിൽ കാണിച്ച് രക്തവും മൂത്രവും പരിശോധിച്ചു. ഒരാഴ്ച മരുന്ന് കുടിച്ചു. മറ്റൊരു ആശുപത്രിയിൽ കാണിച്ച് എക്‌സറേ എടുത്തു. മരുന്നും കുടിച്ചു. എന്നിട്ടും ഒരു കുറവില്ല. രണ്ട് ദിവസമായി ശ്വാസംമുട്ടലുണ്ട്. ഇനി ഇപ്പോ എന്ത് ചെയ്യുമെന്ന് അറിയില്ല….

ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിരുന്ന 41 കാരനായ മലപ്പുറം ചെമ്മാട് സ്വദേശി സഫ്‌വാൻ, ശക്തമായ ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ന്യൂമോണിയ ബാധിച്ച് അവശനിലയിലായ ഇദ്ദേഹം റിയാദിലെ ജർമ്മൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇന്നലെ രാത്രിയോടെ മരിച്ചത്. ഇദ്ദേഹത്തിന്റെ കൊവിഡ് 19 പരിശോധനാ ഫലം പോസിറ്റീവാണെന്ന് രണ്ട് ദിവസം മുൻപ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിവരം ലഭിച്ചിരുന്നു.

നിലവിൽ മരണം സംബന്ധിച്ചും രോഗം സംബന്ധിച്ചും ഔദ്യോഗിക വിശദീകരണങ്ങൾ സൗദി ഭരണകൂടം പുറത്ത് വിട്ടിട്ടില്ല. സൗദി ചട്ടമനുസരിച്ച് ആരോഗ്യ വിഭാഗത്തിന്റെ പരിശോധനക്ക് ശേഷം മാത്രമേ മരണ കാരണം സ്ഥിരീകരിക്കൂ. സന്ദർശക വിസയിൽ മാർച്ച് 10ന് റിയാദിലെത്തിയ ഭാര്യയും സഫ്‌വാന്റെ ഒപ്പമുണ്ട്. ഇവരും കൊവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയുകയാണ്.

കൊവിഡ് ബാധിച്ച് തൊടുപുഴ സ്വദേശിയും അമേരിക്കയിൽ മരിച്ചു. ന്യൂയോർക്ക് മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ തങ്കച്ചനാണ് മരിച്ചത്. കഴിഞ്ഞ കുറെ നാളുകളായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇയാൾ ഇന്നലെയാണ് മരിച്ചത്.