ഇസ്രായേൽ: സർക്കാരുണ്ടാക്കാൻ ആദ്യ അവസരം നെതന്യാഹുവിന്, ഭൂരിപക്ഷം തെളിയിക്കാൻ ആറ് ആഴ്ച സമയം

ഇസ്രായേൽ: സർക്കാരുണ്ടാക്കാൻ ആദ്യ അവസരം നെതന്യാഹുവിന്,  ഭൂരിപക്ഷം തെളിയിക്കാൻ ആറ് ആഴ്ച സമയം
September 26 03:38 2019 Print This Article

ബെഞ്ചമിൻ നെതന്യാഹുവിനെ വീണ്ടും സർക്കാരുണ്ടാക്കാൻ ഇസ്രയേല്‍ പ്രസിഡന്റ് റുവെൻ റിവ്ലിൻ ക്ഷണിച്ചു. ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സർക്കാർ രൂപീകരവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയായിരുന്നു. ബെന്നി ഗാന്റ്സിന്റെ പ്രതിപക്ഷ കക്ഷിയായ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയാണ് കൂടുതല്‍ സീറ്റുകള്‍ നേടി (33) ഏറ്റവുംവലിയ ഒറ്റ കകഷിയായത്. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 31 സീറ്റുമാണ് ലഭിച്ചത്. എന്നിട്ടും സർക്കാരുണ്ടാക്കാൻ ക്ഷണിക്കപ്പെട്ടതിലൂടെ രാഷ്ട്രീയ ജീവിതം അവസാനിച്ചേക്കാമെന്ന് കരുതിയിടത്തുനിന്നും അദ്ദേഹത്തിനും പാര്‍ട്ടിക്കും നേരിയ പ്രതീക്ഷ കൈവന്നിരിക്കുകയാണ്.

പ്രസിഡന്റെന്റെ ക്ഷണം ലഭിച്ചുവെങ്കിലും സര്‍ക്കാറുണ്ടാക്കാന്‍ നെതന്യാഹു നന്നേ പാടുപെടും. പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ അദ്ദേഹത്തിന് ആറ് ആഴ്ച വരെ സമയമുണ്ട്. 120 അംഗ പാർലമെന്റിൽ 61 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. അതില്‍ അദ്ദേഹം പരാജയപ്പെട്ടാല്‍ മിക്കവാറും പ്രതിപക്ഷ നേതാവായ ബെന്നി ഗാന്റ്സിനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കും.

ഇതേ സാഹചര്യമായിരുന്നു കഴിഞ്ഞ മേയ് മാസത്തിലും ഉണ്ടായത്. എന്നാല്‍ നെതന്യാഹുവിന് പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന് ഒരു സർക്കാറുണ്ടാക്കാന്‍ അവസരം നൽകുന്നതിനുപകരം അദ്ദേഹം സെനറ്റ് പിരിച്ചുവിടുകയാണ്‌ ചെയ്തത്. അതോടെ ഇസ്രായേല്‍ മറ്റൊരു പോതുതിരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുകയും ചെയ്തു. ഇത്തവണയും അദ്ദേഹത്തിന് സര്‍ക്കാറുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ആഹ്വാനം ചെയ്യുമോ എന്നാണ് ഇസ്രായേലീ ജനത ആശങ്കയോടെ ഉറ്റുനോക്കുന്നത്.

നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയും ചേർന്നു സംയുക്ത സര്‍ക്കാര്‍ രൂപീകരിക്കണം എന്നാണ് പ്രസിഡന്റ് നിർദേശിച്ചിരുന്നത്. ഇരു കക്ഷികളും ചേര്‍ന്നാല്‍ ശക്തമായൊരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുകയും ചെയ്യും. നേരത്തേ ഗാന്റ്സുമായി ഒരു ബന്ധത്തിനും പോകില്ലെന്ന് പ്രചാരണവേലയിലുടനീളം പ്രസംഗിച്ചു നടന്നിരുന്ന നെതന്യാഹു തീരുമാനം മാറ്റാന്‍ തയ്യാറായി. സഖ്യസർക്കാർ രൂപവൽക്കരിക്കാന്‍ ഒരുമിച്ചു നില്‍ക്കണമെന്ന് ഗാന്റ്സിനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞ ഗാന്‍റ്സ് വിശാല സഖ്യസർക്കാർ രൂപവൽക്കരിച്ച് പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപികുകയാണ് ചെയ്തത്.

നെതന്യാഹു എങ്ങിനെ ഭൂരിപക്ഷം തെളിയിക്കും എന്ന് ഇനിയും വ്യക്തമല്ല. 13 സീറ്റുകൾ നേടി പാർലമെന്റിലെ മൂന്നാമത്തെ വലിയ സഖ്യമായി മാറിയ സംയുക്ത അറബ് പാർട്ടികൾ ബെന്നി ഗാന്റ്സിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ചില ചെറുപാര്‍ട്ടികളുടെകൂടെ പിന്തുണ കൂട്ടിയാല്‍ നിലവില്‍ 60 പേരുടെ പിന്തുണ അവര്‍ക്കുണ്ട്. മറ്റുപാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങളെ ചാക്കിട്ടുപിടിക്കാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. എട്ട് സീറ്റുകൾ നേടിയ ഇസ്രയേൽ ബൈത്തനു പാർട്ടിയുടെ നേതാവ് അവിഗ്ദോർ ലിബർമാന്‍റെ നിലപാടും നിര്‍ണ്ണായകമാകും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles