എന്‍എച്ച്എസ് ജീവനക്കാര്‍ തങ്ങളുടെ ജോലിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നതായി സര്‍വേ. ജീവനക്കാരില്‍ അഞ്ചില്‍ രണ്ടു പേര്‍ക്ക് വീതം ജോലി സമ്മര്‍ദ്ദം മൂലം അസ്വസ്ഥതകള്‍ ഉണ്ടായെന്ന് സര്‍വേ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അവലോകനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. ജോലി സംബന്ധമായ സമ്മര്‍ദ്ദം മൂലം 39.8 ശതമാനം ജീവനക്കാര്‍ക്കും അസ്വസ്ഥതയുണ്ടായിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പറയുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ശമ്പളമില്ലാതെ ഓവര്‍ടൈം പണിയെടുക്കുകയാണെന്ന തോന്നല്‍ ഡോക്ടര്‍മാരിലും നഴ്‌സുമാരിലും മറ്റു ജീവനക്കാരിലും വര്‍ദ്ധിച്ചു വരികയാണെന്നും ജോലി വിടുന്നതിനെക്കുറിച്ച് ഇവര്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നും എന്‍എച്ച്എസ് സ്റ്റാഫ് സര്‍വേയില്‍ വ്യക്തമായി.

എന്‍എച്ച്എസില്‍ ജീവനക്കാരുടെ ക്ഷേമം അപകടകരമായ വിധത്തില്‍ കുറയുകയാണെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇത് രോഗികള്‍ക്ക് ലഭിക്കേണ്ട പരിചരണത്തെയായിരിക്കും പ്രതികൂലമായി ബാധിക്കുക. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവും വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്ന ചെലവുചുരുക്കലും ജീവനക്കാരുടെ കുറവു മൂലമുണ്ടാകുന്ന സമ്മര്‍ദ്ദവുമൊക്കെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ജോലി സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നതെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഇംഗ്ലണ്ടിലെ 230 എന്‍എച്ച്എസ് ട്രസ്റ്റുകളിലെ 497,000 ജീവനക്കാരിലാണ് സര്‍വേ നടത്തിയത്. എന്‍എച്ച്എസിലെ 1.2 ദശലക്ഷം ജീവനക്കാരുടെ പ്രതികരണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

നിലവിലുള്ള തസ്തിക മാറുന്നതിനെക്കുറിച്ച് 51 ശതമാനം പേര്‍ ചിന്തിക്കുമ്പോള്‍ 21 ശതമാനം പേര്‍ എന്‍എച്ച്എസില്‍ നിന്നുതന്നെ വിട്ടു പോകാന്‍ ആഗ്രഹിക്കുന്നവരാണ്. 78 ശതമാനം പേരും കടുത്ത സമ്മര്‍ദ്ദത്തിലാണ് ജോലി ചെയ്യുന്നതെന്ന് പറയുന്നു. എല്ലാ ആഴ്ചയിലും വേതനമില്ലാത്ത ഓവര്‍ടൈം ജോലി ചെയ്യുന്നുണ്ടെന്നാണ് 58 ശതമാനം പേര്‍ പരാതിപ്പെടുന്നത്. വിശ്രമമില്ലാത്ത ജോലി മൂലം നടുവേദനയുണ്ടായെന്ന് 28 ശതമാനം പേര്‍ പറയുന്നു. 2017നേക്കാള്‍ 2 ശതമാനം കൂടുതലാണ് ഇത്. തങ്ങളുടെ ക്ഷേമത്തിനായി ട്രസ്റ്റുകള്‍ നടപടികളെടുക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നത് വെറും 28.6 ശതമാനം പേര്‍ മാത്രമാണെന്നും സര്‍വേ വ്യക്തമാക്കുന്നു. .