ജനങ്ങള്‍ ശക്തമായ തീവ്രവാദ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശവുമായി പോലീസ്. ഭീകരാക്രമണങ്ങള്‍ തടയുന്നതിന് ജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷം ജനങ്ങള്‍ ഇത്തരത്തിലുള്ള 6000ത്തോളം വിവരങ്ങള്‍ ഇന്റലിജന്‍സിന് കൈമാറിയതായും പോലീസ് പറയുന്നു. വിവരങ്ങള്‍ കൈമാറുന്നതിന് പ്രത്യേക പരിശീലനത്തിന്റെ ആവശ്യമില്ല. വളരെ നൈസര്‍ഗികമായുള്ള മനുഷ്യന്റെ കഴിവേ ഇതിനായി ആവശ്യമുള്ളു. നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തെ അറിയുക. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുകയാണ് ചെയ്യേണ്ടതെന്നും പുതുതായി ചാര്‍ജെടുത്ത മെട്രോപൊളിറ്റന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു അറിയിച്ചു. ഓരോരുത്തര്‍ക്കും തീവ്രവാദത്തിനെതിരായി എന്തെങ്കിലും ചെയ്യാനുള്ള സുവര്‍ണ്ണാവസരമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൗണ്ടര്‍ ടെറര്‍ പോലീസിന് 2017ല്‍ ഓണ്‍ലൈനായും ഫോണിലൂടെയും 30,984 അറിയിപ്പുകള്‍ ലഭിച്ചിരുന്നു. അവയില്‍ 6659 എണ്ണം ഉപകാരപ്രദമായി. ഇവയിലൂടെ അന്വേഷണങ്ങള്‍ക്ക് സഹായം ലഭിക്കുകയും ചില സംഘങ്ങളേക്കുറിച്ച് ഇന്റലിജന്‍സ് രൂപങ്ങള്‍ തയ്യാറാക്കാന്‍ സാധിക്കുകയും ചെയ്തു. തീവ്രവാദികള്‍ക്ക് പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്, സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ടതായി വരുന്നുണ്ട. അപ്രകാരം ചെയ്യേണ്ടി വരുമ്പോള്‍ അവര്‍ പരിഭ്രാന്തരാകുകയും അപരിചിതമായി പെരുമാറുകയും ചെയ്തേക്കാം. ഇത്തരത്തിലുള്ളവരെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയാണ് വേണ്ടത്. വലിയ ാഹനങ്ങള്‍ വാടകയ്ക്കെടുക്കുക, കൂടിയി അളവില്‍ കെമിക്കലുകള്‍ വാങ്ങുക, ഗ്യാസ് സിലിണ്ടറുകള്‍ സംഘടിപ്പിക്കുക തുടങ്ങി പ്രത്യക്ഷത്തില്‍ അനാവശ്യമായതെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികാരികളെ വിവരമറിയിക്കണം. കൂടാതെ അസാധാരണ വസ്തുക്കള്‍ പാര്‍സലായി ലഭിക്കുക, അലക്ഷ്യമായി യാത്ര ചെയ്യുക, സുരക്ഷാ സംവിധാനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പോലീസ് അറിയിക്കുന്നു.


കഴിഞ്ഞ വര്‍ഷത്തിന്റെ ആരംഭം മുതല്‍ ഏതാണ്ട് പത്തോളം ഇസ്ലാമിക് തീവ്രവാദ ആക്രമണങ്ങളും നാലോളം തീവ്ര-വലതുപക്ഷ ഭീകരാ,്രകമണങ്ങളും സുരക്ഷാ വിഭാഗത്തിന് വിജയകരമായി തടയാന്‍ കഴിഞ്ഞിട്ടുണ്ട്. എംഐ5ഉം പോലീസും നിലവില്‍ 600ഓളം തീവ്രവാദ കേസുകളാണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഏതാണ്ട് 3000ത്തോളം വരുന്ന ആളുകളെ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണങ്ങളാണ്. തീവ്രവാദികളെ നേരിടുന്നതില്‍ പൊതുജനങ്ങള്‍ക്ക് മുഖ്യമായ പങ്കുണ്ടെന്ന് അവര്‍ തിരിച്ചറിയണമെന്നും. ജനങ്ങള്‍ക്ക് പിന്തുണയുമായി ആഗോള തലത്തില്‍ തന്നെ ഭീകരാക്രമണങ്ങള്‍ക്കെതിരെ പോരാടുന്ന ഏജന്‍സികളുണ്ടെന്നും നെയില്‍ ബസു പറയുന്നു. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ 0800789321 എന്ന നമ്പറില്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുവുന്നതാണെന്നും കൗണ്ടര്‍ ടെറര്‍ പോലീസിന്റെ ചുമതലയുളള നീല്‍ ബസു വ്യക്തമാക്കി.