ലണ്ടന്‍: വര്‍ദ്ധിച്ചു വരുന്ന നാണയപ്പെരുപ്പ നിരക്ക് യുകെയിലെ റീട്ടെയില്‍ മേഖലയെ സാരമായി ബാധിക്കുന്നു. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില്‍പന മാത്രമാണ് റീട്ടെയില്‍ വിപണിയെ പിടിച്ചു നിര്‍ത്തിയത്. മറ്റ് ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. നാണയപ്പെരുപ്പ നിരക്ക് ഉയരുന്നത് മൂലം ജനങ്ങള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

റീട്ടെയില്‍ വിപണിയുടെ വളര്‍ച്ച ജൂണിലും ജൂലൈയിലും 0.3 ശതമാനത്തില്‍ നില്‍ക്കുകയാണ്. എന്നാല്‍ വിദഗ്ദ്ധര്‍ പ്രവചിച്ച 0.2 ശതമാനത്തേക്കാള്‍ മുകളിലാണെന്നത് മാത്രമാണ് ആശ്വസിക്കാന്‍ വക നല്‍കുന്നത്. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില്‍പന 1.5 ശതമാനമാണ്. ഒരു മാസം മുമ്പ് വരെ ഇത് 1.1 ശതമാനം മാത്രമായിരുന്നു. മൊത്തം വില്‍പനയുടെ വാര്‍ഷിക നിരക്ക് ജൂലൈയില്‍ 1.3 ശതമാനമാണ്. ജൂണില്‍ ഇത് 2.8 ശതമാനമായിരുന്നു. 2016 അവസാനം രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്കുകളെ അപേക്ഷിച്ച് ഇത് വളരെ കുറഞ്ഞ നിരക്കാണെന്ന് വ്യക്തമാക്കപ്പെടുന്നു.

വസ്ത്ര വ്യാപാര മേഖലയിലും പാദരക്ഷകളുടെ വിപണിയിലുമാണ് ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത്. ജൂണിനെ അപേക്ഷിച്ച് 0.5 ശതമാനത്തിന്റെ തിരിച്ചടി ഈ മേഖലകളില്‍ രേഖപ്പെടുത്തി. ഓണ്‍ലൈന്‍ വിപണിയില്‍ ഉപഭോക്താക്കള്‍ കൂടുതല്‍ മുതല്‍മുടക്കുന്നുണ്ട്. 15.1 ശതമാനമാണ് ഇതിന്റെ വാര്‍ഷിക വളര്‍ച്ച.