സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ രാസായുധാക്രമണത്തില്‍ ബാഷര്‍ അല്‍ അസദിനുള്ള പങ്ക് സ്ഥിരീകരിക്കാന്‍ അമേരിക്കന്‍ ശ്രമം. ഒരു സൈനിക നടപടി സ്ഥിതിഗതികള്‍ കൈവിട്ടു പോകാന്‍ കാരണമാകുമെന്നതിനാല്‍ തെളിവുകള്‍ക്കായി ശ്രമിക്കുകയാണെന്ന് യുഎസ് ഡിഫന്‍സ് സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. സൈനിക നടപടി സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് മുതിര്‍ന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് വ്യാഴാഴ്ച അറിയിച്ചത്. അസദ് ഭരണകൂടത്തിന് രാസായുധാക്രമണത്തില്‍ പങ്കുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന് ജെയിംസ് മാറ്റിസ് യോഗത്തില്‍ പറഞ്ഞുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ സിറിയയെ ശിക്ഷിക്കണമെന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അഭിപ്രായത്തോട് ഭരണകൂടത്തിന് എതിരഭിപ്രായമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വൈറ്റ് ഹൗസ് യോഗത്തിനു ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ട്രംപ് സംസാരിച്ചിരുന്നു. രാസായുധാക്രമണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് അനിവാര്യമാണെന്ന ധാരണയിയാണ് ഇരു നേതാക്കളും എത്തിച്ചേര്‍ന്നിരിക്കുന്നത്. ഡമാസ്‌കസില്‍ നടന്ന രാസായുധാക്രമണത്തിന് പിന്നില്‍ അസദും സിറിയന്‍ ഭരണകൂടവുമാണെന്നതില്‍ സംശയമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഇതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും മാക്രോണ്‍ വ്യക്തമാക്കി.

കുട്ടികളുള്‍പ്പെടെ 50 പേരാണ് കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകള്‍ക്ക് വിഷബാധയേല്‍ക്കുകയും ചെയ്തു. ഇരകളായവരുടെ രക്തത്തിലും മൂത്രത്തിലും ക്ലോറിന്റെയും നെര്‍വ് ഏജന്റുകളുടെയും അംശം കണ്ടെത്തിയതായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ബിസിയും സിഎന്‍എനും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഭരണകൂടത്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ്. ഈ തെളിവുകള്‍ പ്രസിഡന്റ് ട്രംപിന് നല്‍കുമെന്നും അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം സിറിയയില്‍ ആക്രമണം നടത്തുമെന്ന ട്വീറ്റില്‍ നിന്ന് ട്രംപ് മലക്കം മറിഞ്ഞു. മിസൈലുകള്‍ വരുന്നുവെന്നും തയ്യാറായിരിക്കാനും ആവശ്യപ്പെടുന്ന ട്വീറ്റില്‍ താന്‍ ആക്രമണത്തിനുള്ള ആഹ്വാനം നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.