വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങി കിടക്കുന്ന കുട്ടികള്‍ മാതാപിതാക്കള്‍ക്ക്് കത്തെഴുതി. ഭയക്കാനൊന്നുമില്ലെന്നും ഇവിടെ ഞങ്ങള്‍ സുരക്ഷിതരാണെന്നും കുട്ടികള്‍ കത്തില്‍ പറയുന്നു. ഗുഹയില്‍ കുടുങ്ങി കിടക്കുന്ന കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാന്‍ തീവ്ര ശ്മങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോഴാണ് മാതാപിതാക്കളുടെ കണ്ണുനനയിച്ചു കൊണ്ട് കുട്ടികളുടെ കത്ത്. തായ്ലന്‍ഡ് നാവിക സേനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കുട്ടികളുടെ കത്തുകള്‍ പ്രത്യക്ഷപെട്ടത്.

ഞങ്ങള്‍ ഇപ്പോഴും ആരോഗ്യമുള്ളവരാണ്. ഭയപ്പെടേണ്ടതില്ല. എന്നാല്‍ പുറത്തെത്തിയാല്‍ ടീച്ചര്‍ കൂടുതല്‍ ഹോംവര്‍ക്കുകള്‍ തന്നേക്കരുതെന്നും തമാശയായി ഒരു കുട്ടി കുറിച്ചു. ഗുഹയ്ക്കകത്ത് കയറിയതിനു തങ്ങളെ കുറ്റപ്പെടുത്തരുതെന്നും വഴക്ക് പറയരുതെന്നും പറഞ്ഞ് കത്തില്‍ ചെയ്ത തെറ്റിനു മാപ്പ് ചോദിച്ച് മറ്റൊരു കുട്ടി. എന്നാല്‍ ഫുട്‌ബോള്‍ ടീം കോച്ച് എക്കപോള്‍ ചന്ദോങ് കുട്ടികളുടെ മാതാപിതാക്കളോട് ക്ഷമാപണം നടത്തി. ആത്മാര്‍ഥമായി മാതാപിതാക്കളോട് മാപ്പ് പറയുകയാണെന്നും, തനിക്ക് ആവുന്ന വിധത്തിലൊക്കെ കുട്ടികളെ സംരക്ഷിക്കുമെന്നും അദ്ദേഹം കത്തില്‍ കുറിച്ചു.

കുറിപ്പ് പ്രസിദ്ധീകരിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ കോച്ചിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തി. തന്റെ ഭക്ഷണം കുട്ടികള്‍ക്ക് പങ്കുവെച്ച് കൊടുക്കുകയും ഒമ്പതു ദിവസത്തോളം കുട്ടികള്‍ക്ക് ആ ഇരുട്ടില്‍ തുണയാവുകയും ചെയ്ത കോച്ചിനെ പലരും അഭിനന്ദിച്ചു. എന്നാല്‍, മഴക്കാലത്ത് കുട്ടിളെ ഗുഹയിലേക്ക് കൊണ്ടുപോയതിന് മറ്റു പലരും വിമര്‍ശിക്കുകയും ചെയ്തു.

അതേസമയം, സംഘത്തെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇതിനായി ഇംഗ്ലണ്ടില്‍ നിന്നുള്ള പ്രത്യേകസംഘം കുട്ടികളോടൊപ്പമുണ്ട്. ഇവര്‍ക്ക് പുറമേ മറ്റ് രക്ഷാപ്രവര്‍ത്തകരും വൈദ്യസംഘവും കുട്ടികള്‍ക്കൊപ്പമുണ്ട്. ഗുഹയ്ക്കുള്ളില്‍ വൈദ്യുതിയും ഫോണ്‍ഇന്റര്‍നെറ്റ് സേവനങ്ങളും എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.