ഒട്ടാവ ∙ കോവിഡ്–19 സംശയത്തെ തുടര്‍ന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യയും ഐസലേഷനില്‍. ഭാര്യ സോഫിക്ക് പനിയടക്കമുള്ള രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്. നിലവില്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. സോഫിയുടെ പരിശോധനാഫലം പുറത്തുവരും വരെ ഇരുവരും ഐസലേഷനില്‍ തുടരാനാണ് തീരുമാനം. അതേസമയം, സ്പെയിനിലെ വനിതാ മന്ത്രിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. സമത്വ മന്ത്രി ഐറിന മൊണ്ടേരോയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഐറിനയുടെ ഭര്‍ത്താവും ഉപ പ്രധാനമന്ത്രിയുമായ പാബ്ലോ ഇഗ്ലേസിയാസിനെയും വീട്ടില്‍ ഐസലേഷനിൽ പാര്‍പ്പിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കോവിഡ് വ്യാപനത്തില്‍ വിറയ്ക്കുകയാണു ലോകം. 121 രാജ്യങ്ങളില്‍ കോവിഡ്–19 സ്ഥിരീകരിച്ചു. ഇറ്റലിയിലും ഇറാനിലും രോഗബാധിതരുടെ എണ്ണവും മരണവും അതിവേഗം വര്‍ധിക്കുകയാണ്. കോവിഡ് നേരിടാന്‍ ഇറാന്‍ രാജ്യാന്തര നാണയ നിധിയുടെ സഹായം തേടി. ചൈനയില്‍ രോഗബാധയുടെ തീവ്രഘട്ടം പിന്നിട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്താകെ 1,27,522 പേർക്കാണു കോവിഡുള്ളത്. 4708 പേർ മരിച്ചു. ചൈന കഴിഞ്ഞാൽ ഇറ്റലിയിലും ഇറാനിലുമാണ് രോഗം കൂടുതൽ. ഇറ്റലിയിൽ വ്യാഴാഴ്ച 189 പേർ മരിച്ചതോടെ കോവിഡ് മരണസംഖ്യ 1016 ആയി. രോഗികളുടെ എണ്ണം 15,113 ആയി ഉയർന്നു. വ്യാഴാഴ്ച മരിച്ച 76 കാരനും കേരളത്തിൽ രോഗം സ്ഥിരീകരിച്ച 19 പേരുൾപ്പെടെ ഇന്ത്യയിൽ 79 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.